രചന : പണിക്കർ രാജേഷ് ✍
ഇന്ദ്രനെ വെല്ലുവാൻ കൈക്കരുത്തുള്ളവൻ
ഇന്ദുവദനനാം മന്നവേന്ദ്രൻ
ഇപ്പാരിടമൊന്നു ചുറ്റിക്കറങ്ങുവാൻ
ഇച്ഛയോടശ്വാരൂഢനായി.
ചന്ദനംപൂക്കുന്ന കാടുതേടിയന്നു
ചന്ദ്രഗിരിപ്പുഴയോരമെത്തി
ചന്തംതികഞ്ഞൊരു സുന്ദരിയാളപ്പോൾ
ചോലയിൽ മുങ്ങിനിവർന്നുവന്നു.
അഞ്ജനക്കാന്തിയിൽ പൊൻപ്രഭയേറ്റപ്പോൾ
അംഗലാവണ്യം തിളങ്ങിനിന്നു
ആരുംകൊതിക്കുമപ്പൂമേനിയിൽനിന്നും
അടരുവതൊക്കെയും താരകളോ!
മോഹങ്ങളൊക്കെയടക്കിയവനെന്നു
മോദമോടെ ജനം വാഴ്ത്തിടുന്നോൻ
മോഹവലയത്തിൽപ്പെട്ടപോലങ്ങനെ
മോഹിനിയാളിൽ ഭ്രമിച്ചുനിന്നു!
ഈരേഴുലോകംജയിച്ചുവന്നിട്ടുമീ
ഈറനുടുത്ത തരുണിമുന്നിൽ
ഇന്ദ്രിയശക്തിയടിയറവെച്ചിട്ട്
ഇളിഭ്യനായങ്ങനെ നിൽപ്പു രാജൻ
