രചന : മാധവ് കെ വാസുദേവ് ✍

ലോക ജനതയ്ക്കു ഭാരതമെന്ന പുണ്യഭൂമി നൽകിയ സംഭാവന എന്തെന്ന് ചോദിച്ചാൽ അത് നമ്മൾ അതിപുരാതനകാലം മുതൽ പിന്തുടർന്നു പോന്ന സംശുദ്ധമായ സംസ്ക്കാരം ആണെന്നു. കണ്ണുമടച്ചു പറയാം.


അങ്ങിനെ പറയുമ്പോൾ നമ്മുടെ പൂർവ്വികർ അനുവർത്തിച്ചുപോന്ന സംശുദ്ധമായ ചിന്തകളും വിട്ടുവീഴ്ചകളും, സന്മനോഭാവവും, സഹിഷ്ണതയും ഒക്കെയാണ്. അത്തരം പല നല്ല കാര്യങ്ങളും ഒരുപാട് എടുത്തു പറഞ്ഞിരിക്കുന്നു നമ്മുടെ ഇതിഹാസങ്ങളിൽ. അങ്ങിനെ നോക്കുമ്പോൾ ആര്‍ഷ ഭാരതത്തിന്‍റെ സംസ്ക്കാര കലവറയെന്നു നമ്മള്‍ക്കുറക്കെ വിളിച്ചുപറയാന്‍ കഴിയുന്ന ആദ്യ തെളിവുകള്‍ നമ്മുടെ ഇതിഹാസങ്ങള്‍ തന്നെ ആണ്.


പരാശരമുനിയുടെ പുത്രന്‍ വ്യാസനെന്ന ഇതിഹാസകാരന്‍ സഹസ്രബ്ദങ്ങള്‍ക്കു മുന്‍പു നമ്മള്‍ക്കുതന്ന ഏറ്റവും ബൃഹത്തായ ഒരുരചന മഹാഭാരതമെന്ന ഇതിഹാസം.
ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ മഹായുദ്ധം. പ്രസിദ്ധനായ പീ സീ കുട്ടികൃഷ്ണമാരുടെ ഭാഷയില്‍ ഇന്നത്തെ ആധുനിക സിനിമ ലോകത്തിനു പോലും വരച്ചുകാട്ടാന്‍ പറ്റാത്ത തരത്തിലുള്ള ഒരുകഥാവൃത്തം. പിന്നെ സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാനുള്ളതും വ്യാസന്‍ കണ്ടറിഞ്ഞു നിരത്തിരിക്കുന്നു മഹാഭാരതത്തിൽ.


ലോകത്തിലെ എക്കാലത്തെയും ക്ലാസ്സിക്കുകളിൽ ഒന്നാമതായി എന്നും മുന്നിൽ നിൽക്കാൻ മഹാഭാരതത്തിനു കഴിയുന്നുവെങ്കിൽ അതു ഉയർത്തിപ്പിടിക്കുന്നത് നമ്മുടെ സാമൂഹിക പ്രതിബദ്ധതയേയും നമ്മുടെ ചിന്തയെയും ആണ്.
മഹാഭാരതമെന്ന ഇതിഹാസത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരുപാടു കഥാപാത്രങ്ങൾ ഉണ്ട്‌. അവർക്കെല്ലാം ആ കഥയെ മുന്നോട്ടുകൊണ്ടു പോകുവാൻ വേണ്ടി ഒരുപാട് വഴിച്ചാലുകൾ വെട്ടിത്തെളിച്ചിരിക്കുന്നു ഗ്രന്ഥകാരൻ.


അങ്ങിനെ മിന്നിത്തിളങ്ങി നിൽക്കുന്ന സൂരയന്മാർക്കു പിന്നിൽ കഥാഗതിയെ മാറ്റിമറിക്കാൻ പോലും കെൽപ്പുള്ള കൊച്ചുകൊച്ചു തേജസ്സുറ്റ കഥാപാത്രങ്ങളൂം ഉണ്ട്. അവർക്കും ഈ ഇതിഹാസത്തിൽ അവരുടേതായ സ്ഥാനം ഇതിഹാസകാരൻ കൊടുത്തിട്ടുണ്ടെങ്കിലും അത്തരം കഥാപാത്രങ്ങളോടു വ്യാസമുനി നീതി പുലർത്തി എന്ന് പറയുവാവാൻ എനിക്കു കഴിയില്ല. ഒരു പക്ഷെ അത് വ്യാസനെന്ന എഴുത്തുകാരൻറെ മേൽ അന്നത്തെ സമൂഹം കെട്ടിഏല്പ്പിച്ച ബന്ധനങ്ങൾ ആവാമെന്നും നമ്മൾക്കു വേണമെങ്കിൽ അനുമാനിക്കാം.


ഈ അതിബൃഹത്തായ കഥാഖ്യാനത്തിൽ നമ്മളടുത്തറിഞ്ഞതും അറിയാത്തതുമായ ഒരുപാടു കഥാപാത്രങ്ങള്‍ നമ്മുടെ കണ്മുന്നിലൂടെ നടന്നു നീങ്ങുമ്പോള്‍ നമുക്കു അനുഭവവേദ്യമാകുന്ന വ്യക്തിത്വങ്ങളുടെ നക്ഷത്രത്തിളക്കം. ഒരുപക്ഷെ ലോകം ഇന്നുവരെ കണ്ടിട്ടുള്ള ഏറ്റവും വലുതായ ഒരുകാവ്യരചനയാണ് മഹാഭാരതം. ഇനി ഇതുപോലെ ഒരു രചന ഉണ്ടാവുമെന്നും തോന്നുനുമില്ല.


മഹാഭാരതത്തിന്‍റെ ഇതിവൃത്തത്തില്‍ ഒരു രാജ്യത്തിന്‍റെ മാത്രമല്ല ഒരുഗോത്രത്തിന്‍റെ ഒരുസമൂഹത്തിന്‍റെ എല്ലാം താഴെ തട്ടിലുള്ള കുടുംബത്തിന്‍റെ ഉള്ളില്‍ വരെ ഉടെലെടുക്കുന്ന കൊച്ചു കൊച്ചു പിണക്കങ്ങള്‍ വാശികള്‍ ഇതെല്ലാം വളര്‍ന്നു പന്തലിച്ചു സമൂലനാശത്തിള്‍ വന്നു നില്ക്കുന്ന ഒരു അവസ്ഥ ഇതിഹാസകാരന്‍ കാണിച്ചു തരുന്നു.
ഒന്നിനോടൊന്നു ബന്ധപ്പെടുത്തി എന്നാല്‍ തികച്ചും സ്വതന്ത്രമായ കഥാഘടനയിലൂടെ നമ്മെ അനുവാദനം ചെയ്യിക്കുവാൻ വ്യാസനു കഴിഞ്ഞു എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത. പലപ്പോഴും കഥാകാരന്‍ തന്നെ കഥയില്‍ കടന്നു വരുന്ന ചില അതി സവിശേഷമായ രംഗങ്ങളും ഇതിഹാസത്തില്‍ നമ്മള്‍ക്കു കാണാം.


സൂര്യ തേജസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന മുന്‍നിരകഥാപാത്രങ്ങളെ നിഷ്പ്രഭരാക്കുന്ന ചില അപ്രധാന കഥാപാത്രങ്ങള്‍ കൊണ്ടു മ്പന്നമാണു മഹാഭാരതം. അത്തരം അപ്രധാന കഥാപാത്രങ്ങള്‍ കഥാഗതിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ ശ്രദ്ധേയമാണ്.
അത്തരത്തില്‍ വളരെ കുറച്ചു നേരം കഥയിൽ കടന്നു വരുകയും ഇതിഹാസത്തിൽ ഒരു കസേര വലിച്ചിട്ടിരിക്കാൻ തക്ക യോഗ്യതയുള്ളൊരു കഥാപാത്രമാണ് വീരശൂര പരാക്രമിയായ ദ്വീതിയ പാണ്ഡവൻ വൃകോദരന്റെ പുത്രനായ ഘടോല്‍ഖചന്‍റെ അമ്മ, ഹിഡുംബി എന്ന രാക്ഷസ കന്യക. ഈ കാടിന്‍റെ പുത്രിയെ വ്യാസന്‍ രംഗത്തു കൊണ്ട് വന്നില്ലായിരുന്നെങ്കില്‍ മഹാഭാരത കഥ ശരിക്കും മാറി മറിഞ്ഞു പോയേനെ.


ഈ മഹാഗ്രന്ഥത്തില്‍ ആരുമധികം പ്രാധാന്യം കൊടുത്തു കാണാത്ത ഒരുകഥാപാത്രമാണ് ഹിഡുംബി. വേണമെങ്കില്‍ പാണ്ഡവവനവാസ കാലത്തു പാണ്ഡവ നിരയിലെ രണ്ടാമൂഴക്കാരന്‍റെ ശരീരഘടനയില്‍ ഭ്രമിച്ച ഒരുകാട്ടു പെണ്ണിന്‍റെ വൈകാരികത- അതിന്‍റെ പൂര്‍ത്തികരണത്തിനുവേണ്ടി അവള്‍ കൈകൊള്ളുന്ന തീരുമാനങ്ങള്‍ അല്ലെങ്കില്‍ അവളുടെ നിഷ്കളങ്ക മനസ്സിന്‍റെ നിലപാടുകള്‍ അതിന്‍റെ ഫലമായീ ഉണ്ടാകുന്ന പുത്രലബ്ധി, അതില്‍ ഒതുക്കി നിര്‍ത്താമായിരുന്നു.


പക്ഷെ പില്‍ക്കാല സംഭവങ്ങളില്‍ ഈകാട്ടുപെണ്ണിനെ വ്യാസന്‍ വളരെ സമര്‍ത്ഥമായി ഉപയോഗിച്ചു. ഈ ആര്യദ്രാവിഡ സങ്കലന വിത്ത് , പിന്നിട് മഹാഭാരത കഥയില്‍ ഒരുവലിയമാറ്റം വരുത്തി. അല്ലെങ്കില്‍ മഹാഭാരത യുദ്ധത്തിന്‍റെ അവസാനം ഒരുധര്‍മ്മ യുദ്ധഫലപ്രാപ്തി ഉണ്ടാകുമായീരുന്നില്ല.


എന്തായാലും ഹിഡുംബിയുടെ മനോവ്യപരങ്ങളെ തന്മയത്വമായീ അവളുടെ വികാരങ്ങളെ, ചിന്തകളെ, വിശ്വാസങ്ങളെ എല്ലാം വളരെ മനോഹരമായീ പ്രതിപാദിക്കാൻ ഇതിഹാസകാരന്‍ ശ്രമിച്ചിട്ടില്ല എന്നെനിക്കു തോന്നുന്നു. ഒരുപക്ഷെ അന്നത്തെ സവര്‍ണ്ണ മേധാവിത്വം എഴുത്തുക്കാരനെ സ്വധീനിച്ചിരിക്കാനിടയുണ്ട് അന്നത്തെ സാമൂഹിക പരിതസ്ഥിതിയിൽ. അതുകൊണ്ടാവണം ജേഷ്ഠപത്നിപദം ഉണ്ടായിട്ടും ഹിഡുംബിക്കു കൊട്ടാരക്കെട്ടില്‍ പ്രവേശനം നിഷേധിച്ചത് .
അങ്ങിനെ ആരുമധികം പ്രാധ്യാന്യം കൊടുക്കാത്ത ഹിഡുംബിക്കു ഉത്തരഭാരതത്തില്‍ ഒരു ക്ഷേത്രം ഉണ്ടെന്നും മറ്റും അധികമാര്‍ക്കും അറിഞ്ഞു കൂടാത്ത കാര്യമാണെന്നു തോന്നുന്നു.

മാധവ് കെ വാസുദേവ്

By ivayana