പുസ്തകമെന്നുമറിവിന്നാശ്രയം
പരന്നോരറിവീയുലകിന്നാധാരം
പ്രണവപ്പൊരുളറിവായിപ്രകൃതിയിൽ
പ്രപഞ്ചമായതുത്തീരുന്നുലകിൽ.

പ്രതിഭാശാലിക്കുപകരാനായി
പുസ്തകമക്ഷരവാഹിനിയായി
പരിമളംപൊഴിച്ചീയിളയിലായി
പാവനമാമൊരുഭാരതിയായി.

പ്രഭയാർന്നവൾധ്വനിപദമായി
പല്ലവിയായിസപ്തസ്വരങ്ങളിൽ
പവനാനന്ദധാരയായൊഴുകി
പഞ്ചമമലിയുന്നമധുരിമയായി.

പതംഗാംശുയുതിർന്നിതായമലം
പകലന്തിയോളം പ്രഭതൂകിയന്ത്യം
പരന്നോരറിവൊഴുകിയൊഴുകി
പുത്തരിച്ചുണ്ടിലെപ്പായസമായി.

പ്രഗ്രഹണം ചെയ്യില്ല ചോരന്മാർ
പൂർണ്ണതയാമറിവൊരിക്കലും
പഠിക്കാതൊന്നുമെങ്ങുംകിട്ടില്ല
പഠിച്ചതുമറിഞ്ഞതുമുദകണം.

പ്രപഞ്ചത്തിലേയോരോകണത്തിലും
പ്രത്യക്ഷമായിയറിവലിഞ്ഞിട്ടുണ്ട്
പ്രത്യേകമറിഞ്ഞുപാസിച്ചെന്നാൽ
പ്രകൃതിയനുകമ്പയാലേകുന്നറിവ്.

പ്രകൃതിയിലേയറിവെല്ലാമങ്ങു
പതഞ്ഞൊരരുവിയായൊഴുകുന്നു
പതുക്കെചെന്നങ്ങൂറ്റിക്കുടിക്കണം
പാത്രത്തിലേക്കതുപകരാനാവണം.

പാത്രത്തീന്നതു പുസ്തകമാക്കാൻ
പകരുന്നൊരറിവുക്രമത്തിലാക്കണം
പടിപടിയായിയാവർത്തിച്ചാവർത്തിച്ച്
പ്രാർത്ഥനാപൂർവ്വം സന്നിവേശിക്കണം.

പഠിച്ചതു പിന്നെ പകർത്തീടേണം
പകർത്തിയതുചിന്തിക്കേണമനന്തം
പാത്രമറിഞ്ഞുജിജ്ഞാസുവിനേകണം
പകർന്നോരറിവുപരക്കണമെങ്ങും.

പള്ളികൊള്ളുമുഢുപതിയുണർന്ന്
പൂക്കളാം നക്ഷത്രങ്ങളായിമിന്നി
പൂത്തുലഞ്ഞാടും മഞ്ജരിയായി
പൂത്തിരുവാതിരയാടണമങ്കയായി.

പുസ്തകമാഴിയായിയനന്തം
പുതുതിരമാലയായലയടിക്കണം
പൊന്നൊളിതൂകുമുഷസ്സിലായി
പുത്തൻകതിർമണിപ്പാടത്തുലയും.

പ്രമോദമോടൊരുങ്ങുമംഗനമാർ
പ്രകാശം ചൊരിഞ്ഞoമ്പരത്തിൽ
പ്രത്യാശയായെന്നുമകതാരിൽ
പുസ്തകഖനിയായി നിറയുന്നു.

പകരുകയമൃതീയക്ഷയപാത്രത്തിൽ
പക്ഷാഭേദമില്ലാതാനന്ദംഗുരുക്കളെ
പുസ്തകമെന്നുമെന്നാത്മഗുരുനാഥൻ
പകരുന്നമൃതമതിരില്ലാതെസമ്മായി.

പകലന്തിയോളം പഠിച്ചാലുമാകില്ല
പലയുരുച്ചൊല്ലിപ്പഠിച്ചാലുമാകില്ല
പഠിച്ചതെത്രമനപ്പാഠമാക്കീടിലും
പഠിച്ചതുമുറച്ചതുമൊഴുകേണം.

പൂജിക്കേണമെന്നും പുസ്തകത്തേ
പൂജാമുറിയിലുപാസനാമൂർത്തിയായി
പുഷ്പങ്ങളർച്ചിച്ചാപാദാരവിന്ദത്തിൽ
പാദസേവചെയ്തലിയണമെന്നേക്കും.

പുസ്തകത്തിലേകാഗ്രമലിഞ്ഞാൽ
പ്രണവപ്പൊരുളിറ്റുകൈയ്യിലെത്തും
പ്രഭയാർന്നതുദീപമായിതെളിയും
പ്രണവപ്പൊരുൾകത്തിനിൽക്കും.

അഡ്വ: അനൂപ് കുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *