രജിത് ലീല രവീന്ദ്രൻ

‘കഥയല്ലിത് ജീവിതം’ അവതാരക വിധുബാല പഴയ കാല സിനിമാതാരമായ ആനിയുമായി സംസാരിക്കുന്ന പരിപാടിയിൽ .”എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, പെണ്ണായാൽ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, പെണ്ണായാൽ അറപ്പ് പാടില്ല, പെണ്ണായാൽ കറിയിലെ കഷണങ്ങൾ നോക്കി എടുക്കരുത്, പെണ്ണായാൽ ഒരു ഭക്ഷണവും ഇഷ്ടമില്ല എന്നു പറയരുത്, എന്തും ഇഷ്ടപ്പെടണം.

കാരണം നാളെ പെണ്ണ് മറ്റൊരു വീട്ടിൽ ചെന്നു കയറുമ്പോൾ അവിടെ ഫ്രസ്ട്രേറ്റഡ് ആകാതെ സന്തോഷത്തോടെ ജീവിക്കാൻ ഇത് ഉപകരിക്കും” എന്നെല്ലാം പറയുകയുണ്ടായി. ഇതിനെ വിമർശിച്ചെഴുതിയ പോസ്റ്റ്‌ ഒരു ഓൺലൈൻ പോർട്ടലിൽ വന്നപ്പോൾ നിരവധി ആളുകളാണ് പോസ്റ്റിനെതിരെ വിമർശനവുമായി വന്നത്. വിധുബാലക്ക് അവരുടെ അമ്മ നൽകിയ നല്ല ഉപദേശം അവരുൾക്കൊണ്ടു അതിന് നിങ്ങൾക്കെന്താണ് , കുടുംബം നിലനിൽക്കുന്നതിന് സ്ത്രീകൾ വളരെ സാധാരണമായി ചെയ്യേണ്ട / ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം, സ്ത്രീയുടെ കയ്യിലാണ് കുടുംബം, സ്ത്രീകൾ വളരെ സന്തോഷത്തോടെയാണ് ഈ ജോലികളെല്ലാം ചെയ്യുന്നത് ഇതെല്ലാം തന്നെയായിരുന്നു കമന്റുകളുടെ പ്രധാന ഉള്ളടക്കം.

ഈ വിഷയമാണ് ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ’ എന്ന മലയാള സിനിമയും പരിശോധിക്കുന്നത്. നായികക്കും, നായകനും പേരു നൽകിയിട്ടില്ലാത്ത, നിമിഷ സജയനും, സുരാജ് വെഞ്ഞാറമൂടും ഭാര്യ ഭർത്താക്കന്മാരായി എത്തുന്ന സിനിമയാണിത്.വിവാഹം കഴിച്ചു ഭർത്താവിന്റെ വീട്ടിലെത്തുന്ന നായികയുടെ ജീവിതം പുറത്തു നിന്നു കാണുന്നവർക്ക് ഒരു കുഴപ്പവും തോന്നില്ല, സ്ത്രീകൾക്ക് അത്യാവശ്യം സ്വാതന്ത്ര്യം കൊടുക്കുന്ന മോഡേൺ ഫാമിലി ആണ് അവരുടേത് എന്നു പോലും തോന്നി പോകും.

എന്നാൽ ഭർത്താവിനും, ഭർത്താവിന്റെ അച്ഛനും വേണ്ടി അവൾ അടുക്കളയിൽ ഓടി നടക്കുകയാണ്. അവരുടെ വ്യക്തമായ ഇഷ്ടാനിഷ്ടങ്ങൾ വിറക് അടുപ്പിൽ വെക്കുന്ന ചോറായും, ചൂടു ദോശയായും, ആർത്തവ സമയങ്ങളിലെ കൂട്ടി തൊടാതിരിക്കലുമായി അവളുടെ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. സ്‌ക്രീനിൽ ഭക്ഷണത്തിന്റെ മനോഹരമായ ഇമേജ് വരുമ്പോളും കാഴ്ചക്കാർ പാചകം ചെയ്യുന്നവളുടെ അധ്വാനത്തിലും, അഴുക്കു പുരണ്ട് വിയർപ്പിൽ കുളിച്ച അവളുടെ വസ്ത്രത്തിലും, കഴുകാനായി കൂട്ടിയിട്ട പാത്രങ്ങളിലും, ലീക്ക്‌ ചെയ്തു കൊണ്ടിരിക്കുന്ന സിങ്കിലും അസ്വസ്ഥമാകുന്നുണ്ട്.

മനോഹരമായ ആ വീട്ടിലെ ഏറ്റവും വൃത്തിയില്ലാത്ത സ്ഥലമാണ് അടുക്കള. സ്ത്രീകൾ കുളിച്ചു മാത്രം അടുക്കളയിൽ കയറുകയും, ആർത്തവ സമയങ്ങളിൽ ബെഡിൽ പോലും തൊടരുതെന്നും നിഷ്കർഷയുള്ള വീട്ടിലാണ് പുരുഷന്മാർ ഭക്ഷണാവശിഷ്ടങ്ങൾ കടിച്ചു തുപ്പി ഡൈനിങ്ങ് ടേബിളിൽ ബാക്കിയാക്കി പോകുന്നത്. വീടിന്റെ ഉമ്മറം വളരെ വൃത്തിയുള്ളതും വിശാലവും ആകുമ്പോളും അടുക്കള ചെറുതും, ഇരുളടഞ്ഞതുമാകുന്നുണ്ട്. കിച്ചൻ സിങ്കിലെ പൈപ്പും, അടുക്കളയുടെ നിലവും ഏറ്റവും വൃത്തിയില്ലാതെയാണ് സൂക്ഷിക്കപ്പെട്ടിരിക്കുന്നത്.

വീട്ടിലെ പുരുഷന്മാർക്ക് ശമ്പളം കൊടുക്കാതെ ലഭിക്കുന്ന വീട്ടു ജോലിക്കാരിയായി ഭാര്യയാകുന്ന പെൺകുട്ടി മാറുന്നു. ചമ്മന്തി കല്ലിൽ അരക്കാത്തത്തിലുള്ള അനിഷ്ടം പ്രകടിപ്പിക്കാനും, വാഷിംഗ്‌ മെഷീനിൽ കഴുകിയാൽ തുണി മോശമാകും എന്നും പറഞ്ഞു തന്റെ അടിവസ്ത്രമുളപ്പെടെയുള്ളവ അലക്കു കല്ലിൽ അലക്കിപ്പിക്കുവാനും, കളക്ടറെമാരേക്കാൾ എത്രയോ മികച്ച ജോലിയാണ് സ്ത്രീകൾ വീട്ടിൽ ചെയ്യുന്നതെന്നും പറഞ്ഞു ജോലിക്ക് പോകേണ്ടതില്ല എന്ന വിധി പ്രഖ്യാപിക്കുവാനുമുള്ള ഉപകരണം മാത്രമാണ് അച്ഛനെ സംബന്ധിച്ച് മകന്റെ ഭാര്യ . പി ജി വരെ പഠിച്ച തന്റെ ഭാര്യയെ തന്റെ അച്ഛൻ ജോലിക്ക് വിടാതിരുന്ന പാരമ്പര്യം എത്ര അഭിമാനത്തോടെയാണ് അയാൾ ഓർമിച്ചെടുക്കുന്നത്.

ഭർത്താവിനാകട്ടെ ഭാര്യ എന്നത്,ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാതിരിക്കാനും, ജോലി സ്ഥലത്ത് ഉച്ച ഭക്ഷണം കൊണ്ടു പോകാനും, രാത്രിയിലെ ഇരുട്ടിൽ സ്വയം രസിക്കാനും മാത്രമായി ഉപയോഗപ്പെടുത്തുന്ന സംവിധാനവും. ‘ഫോർപ്ലേയെ’ കുറിച്ച് തന്റെ ഭാര്യക്കറിയാമെന്നത് അയാളുടെ ‘ഉത്തമയായ കുല സ്ത്രീ ഭാര്യ സങ്കൽപ്പത്തെ’ മുറിപ്പെടുത്തുന്നുമുണ്ട്. ആർത്തവദിവസങ്ങളിലും, ശബരിമലക്ക് പോകാൻ വ്രതമെടുത്തു നിൽക്കുന്ന ദിവസങ്ങളിലും സ്ത്രീ അങ്ങേയറ്റം അന്യയാകുന്ന നിമിഷങ്ങളെ കുറിച്ച് സിനിമ പറയുന്നു.

സ്കൂട്ടറിൽ നിന്നും വീഴുന്ന ഭർത്താവിനെ പിടിച്ചെഴുന്നേൽപ്പിക്കാൻ ചെല്ലുന്നത് വലിയൊരു തെറ്റാകുമ്പോൾ, അവളെ മർദ്ദിക്കാൻ ‘സ്വാമി മാല’ ഊരി വെച്ച് ഓടി ചെല്ലാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയെ വരുന്നില്ല. കുടുംബത്തിൽ നിലനിൽക്കുന്ന ആചാരങ്ങൾ സ്ത്രീയെ വീട്ടിനകത്തു, തന്റെ കൺ മുന്നിൽ തളച്ചിടാനുള്ള പുരുഷാധിപത്യ സമൂഹത്തിന്റെ സമർത്ഥമായ കരുനീക്കമാണെന്ന് സിനിമ കാണിച്ചു തരുന്നു.സ്ത്രീകളെ തങ്ങളുടെ പിടിയിൽ അമർത്തി വെക്കാൻ ആചാരങ്ങളെ പുരുഷന്മാർ കാലാകാലങ്ങളായി എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നത് ആലോചിക്കേണ്ട വിഷയമാകുന്നുണ്ട്.ഇന്നും ഇതുപോലുള്ള എത്രയോ വീടുകൾ ഉണ്ട് , പുരോഗമനം ജോലി സ്ഥലത്തും, ഫേസ്ബുക്കിലും പറഞ്ഞു തീർത്തതിന് ശേഷം എല്ലാം താൽക്കാലികമായി പുറത്തു മറന്നു വെച്ചു, കുടുംബം എന്ന ഘടനയ്ക്കകത്തേക്ക് കയറുന്ന സ്ത്രീകൾ.

അവരെ കാത്തു പുരുഷന്മാർ ചവച്ചു തുപ്പിയ കഷണങ്ങളും, ഭക്ഷണവശിഷ്ടങ്ങളും ഡൈനിങ്ങ് ടേബിളിൽ കുന്നു കൂടിയിരിപ്പുണ്ടായിരിക്കും, തങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം അടുക്കളയിൽ പാകം ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുകയില്ല, ആർത്തവ ദിനങ്ങളിൽ അകറ്റി നിർത്തപ്പെടുകയും ബെഡ് റൂമിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്യുന്നുണ്ടായിരിക്കും.അപ്പോളും പുറമെ നിന്ന് നോക്കുന്നവർക്ക് അവരുടെ വീടിന്റെ വിശാലമായ മുറ്റവും, നിറയെ ചെടികളും, സാത്വിക സ്വഭാവത്തിലുള്ള കുടുംബാംഗങ്ങളെയുമെ കാണാൻ സാധിക്കൂ. മാത്രമല്ല സമൂഹവും, എന്തിന് സ്വന്തം വീട്ടുകാരും അവളോട് ചോദിക്കുകയും ചെയ്യും ‘എന്തിന്റെ കുറവായിരുന്നു നിനക്കവിടെ’. ഈ ചോദ്യത്തിന്റെ ഉത്തരം ‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചണിൽ ‘നിമിഷ സജയൻ കണ്ടുപിടിക്കുന്നുണ്ട്. ‘എന്തായിരുന്നു ആ വീട്ടിൽ എനിക്കുണ്ടായിരുന്നത്’ എന്നൊരു മറുചോദ്യമാണത്.

അതുകൊണ്ടാണ് വെളിയിൽ നിന്നും വീട്ടിലേക്ക് വരുന്ന അനിയൻ വെള്ളം വേണമെന്ന് പറയുമ്പോൾ, എടുത്തു കൊടുക്കാൻ അമ്മ ഇളയ മകളോട് പറയുമ്പോൾ “നീ അവിടെയിരിക്കൂ, എന്താണ് നിനക്ക് സ്വന്തം വെള്ളമെടുത്തു കുടിച്ചാൽ” എന്നും പറഞ്ഞു അനിയനോട് അവൾ പൊട്ടിത്തെറിക്കുന്നത്. സ്ത്രീ ആയാൽ അറപ്പ് പാടില്ലെന്ന വിധുബാല സൂക്തമല്ല, അന്തസോടെയും, അഭിമാനത്തോടെയുമുള്ള ജീവിതം ഈ ലോകത്തിൽ പുരുഷന്മാർക്ക് മാത്രല്ല സ്ത്രീകൾക്കും അവകാശപ്പെട്ടതാണെന്ന സന്ദേശമാണ് സിനിമയിൽ നിറഞ്ഞു നിൽക്കുന്നത്. കാണേണ്ട സിനിമയാണ്, സ്ത്രീപക്ഷ സിനിമയാണ്.

N. b: സിനിമ ‘neestream’ എന്ന ആപ്ലിക്കേഷൻ വഴിയാണ് ലഭിക്കുക.140 രൂപ നൽകുകയാണെങ്കിൽ 3 ഡിവൈസിൽ 5 ദിവസത്തെ കാലാവധിയിൽ ഈ സിനിമ ലഭ്യമാകും.

രജിത് ലീല രവീന്ദ്രൻ

By ivayana