വെളുത്ത മൂഷികൻ കരണ്ടു തിന്ന
വലം കണ്ണിൻ്റെ പാതി കാഴ്ചയിൽ
കണ്ടത് വലിയൊരു പെരുമ്പാമ്പിൻ്റെ
അടിവയറിലെ മുഴച്ച് നിന്ന വലിപ്പമാണ്.


നരഭോജിയായ കടുവയുടെ
കൂർത്ത നഖങ്ങൾ കടം വാങ്ങി
ഞാനത് പിളർന്നു നോക്കി.


എല്ലുകൾ നുറുങ്ങിയ മൂഷികൻ
തലയില്ലാതെ കിടക്കുന്നത്
കണ്ടപ്പോൾ അറപ്പോടെ നാസിക
തൻ്റെ ഇരു സുഷിരങ്ങളും
ചെമ്പക മരത്തിൻ്റെ ചോട്ടിൽ കുഴിച്ചിട്ടു.


ഇഴഞ്ഞ് അകലേക്ക് മറയുന്നതിന്
മുൻപ്പേ പെരുമ്പാമ്പിൻ്റെ രണ്ടു
വിഷമില്ലാത്ത പല്ലുകൾ എൻ്റെ കഴുത്തിൽ
ആഴമറിയിച്ചിരുന്നു.


കഴുത്തിൽ വീണ ഒരു സുഷിരത്തിൽ
നിന്നും മഞ്ഞ നിറമുള്ള ചെറിയൊരു
ശലഭമുയർന്ന് ഇര തേടിയ
ചിലന്തിയുടെ വലയിലകപ്പെട്ടു.


ശലഭത്തെ ഭക്ഷിച്ച ചിലന്തിയുടെ
ഏഴ് കാലുകൾ ഒരേ സമയം അടർന്നു
മണ്ണിലേക്ക് പതിച്ചു.
ഓരോ കാലും പൊടുന്നനെ വളർന്നു
വട വൃക്ഷങ്ങളായി മാറി.


അവിടെയൊരു കാട് ജന്മമെടുത്തു..
കാടിൻ്റെ മധ്യഭാഗത്ത് നിന്നും
അകത്തേക്ക് ഒരു നീളൻ പാലമുണ്ട്.
അതിലൂടെയാണ് നിങ്ങൾക്ക്
മുന്നോട്ട് പോകേണ്ടത്.


മരണമോ ഇരുട്ടോ നിങ്ങളിൽ
ഭയം ചെലുത്തില്ല , മറിച്ച്
അതിൻ്റെ ഇരുവശങ്ങളിലും
നിങ്ങളുടെ കണ്ണുകൾ കൊത്തിപ്പറക്കാൻ
ആന വലിപ്പമുള്ള കഴുകന്മാരുണ്ട്.


അതിനെ കൊന്നു മുന്നോട്ട്
പോയാൽ ചുടുകാട്ടിൽ നിന്നുമുയരുന്ന
പുക നിങ്ങളുടെ ശ്വാസം മുട്ടിച്ചു
കഴുത്തിൽ കരങ്ങളമർത്തും.


അവശേഷിച്ച ശ്വാസത്തിൽ നിങ്ങൾക്ക്
ജീവൻ്റെ തുടിപ്പ് കണ്ടെത്താൻ കഴിഞ്ഞാൽ
മുന്നോട്ട് പോകാം ,
പക്ഷേ തുഴ കുത്തി നിർത്തിയ
ചെളിക്കുണ്ടിലെ രക്തയട്ടകൾ
നിങ്ങളുടെ ചുവന്ന ചോരയിൽ
ചെളിയുടെ കറുപ്പ് കലർത്തും.


അട്ടകളെ ഭക്ഷിച്ച് നിങ്ങൾക്ക് അവിടെ
നിന്നും ഓടി രക്ഷപ്പെടാൻ സമയം
ലഭിക്കും , പക്ഷേ
നിങ്ങളെ കാത്ത് നിൽക്കുന്നത്
കൊല്ലും മുമ്പ് മദമിളകിയ ഒറ്റക്കൊമ്പൻ്റെ
വെളുത്ത മൂർച്ചയുള്ള കൊമ്പുകളാവും.


വീണ്ടും നിങ്ങളിൽ ജീവനവശേഷിച്ചാൽ
കൈത്തണ്ടയിലെ ഓരോ ഞരമ്പും
പിഴുതെടുക്കാൻ ആത്മാവ്
നഷ്ട്ടപ്പെട്ട ബലികാക്കകൾ പറന്നെത്തും.


അവറ്റകളെയും അതിജീവിച്ചാൽ
അവസാനം കാത്തിരിക്കുന്നത്
കൂട്ടബലി നടത്തുന്ന നരാധമൻ്റെ
കൂർമ്മതയുള്ള ശരമുനകളും ,
മിന്നൽ പിണർപ്പിൻ്റെ കരുണയില്ലാത്ത
കൊടുവാളും..
അവിടെ നിങ്ങൾക്ക് അന്തിയുറങ്ങാം
എന്നന്നേക്കുമായി…❗

By ivayana

Leave a Reply

Your email address will not be published. Required fields are marked *