രചന : ബിജുകുമാർ മിതൃമ്മല ✍

പ്രിയ വാൻഗോഗ്
നിന്റെ മഞ്ഞ വീടിന്
എന്റെ മുഖമായിരുന്നോ
നീ അറുത്തെടുത്ത
ചെവിയിലൂടെ ഇനി ലോകത്തിന്റെ
രോധനം കേൾക്കരുതെന്ന്
നീ കരുതിയിരുന്നോ
നീയത് ഏല്പിച്ച വേശ്യയോട്
ഇനി ഈ കാതിൽ നിന്റെ കിന്നാരം
പതിയരുതെന്ന് പറഞ്ഞിരുന്നോ
ആരാണ് നിനക്ക് എല്ലാ കഴിവുകളുടെയും
അംശങ്ങൾ പകർന്നുനൽകിയത്
എല്ലാറ്റിൽ നിന്നും വ്യതിചലിപ്പിച്ചത്
എല്ലാമാകണമെന്ന മോഹം നിന്നിലുദിപ്പിച്ചത്
പിന്നെ നിന്നിൽ
ഭ്രാന്തൻ ചിന്തകൾ കുത്തി നിറച്ചത്
“എല്ലായിടങ്ങളിൽ നിന്നും
ഒരു തരി സ്നേഹത്തിന്
നീ യാചിച്ചിരുന്നോ”
വസൂരി കലകൾക്കുമപ്പുറം
സൗന്ദര്യ സങ്കല്പത്തിന്നുമപ്പുറം
നീ തേടിയിരുന്നതെന്താണ്
വസൂരി കലകളണിഞ്ഞ കാമുകിയോട്
നിന്റെ മനസ്സു പറഞ്ഞതെന്താണ്
ഒരു നേരത്തെ അന്നത്തിന്
അന്യന്റെ കിടപ്പറ പങ്കിടുന്നവളോട്
നിനക്ക് തോന്നിയ കാരുണ്യമായിരുന്നോ നിന്റെ പ്രണയം
ശിശിരവും ഹേമന്തവും ഋതുക്കളും
നിന്റെ നിരാശയുടെയും സങ്കടങ്ങളുടെയും
കൂട്ടുകാരായിരുന്നോ
നീ വരച്ച സൂര്യകാന്തിപ്പൂക്കൾ
നിന്റെ മഞ്ഞ വീടിന്റെ ചിറകുകളായിരുന്നോ
വിളഞ്ഞ ഗോതമ്പുപാടം നിന്റെ ക്യാൻവാസിനും
അപ്പുറമായിരുന്നോ വാൻഗോഗ്
ഇരുണ്ട ഇടനാഴികളിൽ നീയിറങ്ങി ചെന്ന്
വെളിച്ചമായി മാറിയ ഖനി തൊഴിലാളികൾ
നിന്റെ കൂടപ്പിറപ്പുകളായിരുന്നോ
പ്രിയ വാൻഗോഗ് അവസാനം വരച്ചു തീർക്കാതെ
മടങ്ങിയ ചിത്രത്തിൽ നീ പകർത്താൻ മറന്ന
സ്വന്തം ഹൃദയത്തിനെ നീയെന്തിനാ വെടിയുണ്ടയിലെരിച്ചത്
എല്ലാമായിരുന്ന നീ ഒന്നുമല്ലെന്നറിഞ്ഞ
നിമിഷത്തിലെ നിരാശയിലാണോ
പ്രിയ വാൻഗോഗ് നിന്റെ ബാക്കി
വരയ്ക്കാൻ ശ്രമിച്ച് ഞാനുമിന്ന് പരാജയപ്പെടുന്നല്ലോ
ഒന്നുമല്ല ഞാനുമെന്നറിയുന്നല്ലോ.

ബിജുകുമാർ മിതൃമ്മല

By ivayana