രചന : സുരേഷ് പൊൻകുന്നം✍

ഞാനെന്റെ മുറിവിൽ കുത്തുമ്പോൾ
ശത്രൂ നീയെന്തിനാണ് പുളയുന്നത്?
ഞാനെന്റെ മുത്തച്ഛന്മാരുടെ
ദണ്ഡങ്ങളെക്കുറിച്ചോർക്കുമ്പോൾ
നീയെന്തിനാണ് ശത്രൂ..
പല്ലിറുമ്മുരുന്നത്?
ഞാനെന്റെ മുത്തശ്ശിമാരുടെ
മാർച്ചട്ടയഴിഞ്ഞു വീണ
പാടത്തിനോരത്തെ മാടത്തെക്കുറിച്ച്
പാടുമ്പോൾ നീയെന്തിനാണ് വിയർക്കുന്നത്?
ഞാനെന്റെ ചരിത്രത്തെക്കുറിച്ച്
കൂടെക്കൂടെ പറഞ്ഞു കൊണ്ടേയിരിക്കും,
എനിക്കറിയാം ശത്രു മേലാളാ..
നീയൊരധമചരിത്രം പേറുന്നവനാണ്
ഒരിക്കലും കുലീനമായൊരു സംസ്കാരം
നിനക്കുണ്ടായിരുന്നില്ല
ഉവ്വ്,
അകക്കണ്ണാലേ
ഞങ്ങളെല്ലാം കാണുന്നുണ്ട്
നായ്ക്കും നരിക്കും
നടക്കാൻ കഴിയുന്ന വഴിയിലൂടെ
നടക്കാൻ കഴിയാതെ
ഭീതിയിൽ ജീവിച്ച മുൻതലമുറകൾ
അക്ഷരം നിഷേധിക്കപ്പെട്ട്
അജ്ഞരായ് പോയൊരു ജനത
ആട്ടും പുലഭ്യവും കേട്ട്
റാൻ റാൻ പറഞ്ഞ്
നടുകൂനിപ്പോയ തലമുറകൾ
ഈ ജനാധിപത്യ സമൂഹത്തിൽ
അൽപ്പം കാറ്റും വെളിച്ചവും
കിട്ടിയപ്പോൾ
ഇനിയെല്ലാം മറക്കാം എന്നും പറഞ്ഞ്
തോളിൽ കയ്യിടാൻ വന്നാൽ
ശത്രുവായ സുഹൃത്തേ
ഇപ്പോൾ ഞങ്ങൾക്കറിയാം
പുലിക്ക് പൂച്ചയാകാൻ കഴിയില്ല
ഞങ്ങളുടെ കണ്ണീര് തീയാണ്
ഞങ്ങളുടെ മുൻതലമുറകൾ
നടന്നലഞ്ഞ വഴിയിലൂനീളം കൊണ്ട
മുള്ളുകൾ ദൂരെയെറിഞ്ഞെരുന്നെങ്കിലും
വേദന ഞങ്ങൾ ഉപേക്ഷിച്ചിരുന്നില്ല
തലമുറകൾ കൈമാറി
കൈമാറിക്കിട്ടിയ വേദന
ഇനി നിനക്കുള്ളതാണ്
ഞങ്ങളുടെ
കണ്ണീരിന്റെയണപൊട്ടിയോഴുകുമ്പോൾ
നിന്റെ ചിറ അത് പൊട്ടിപ്പോകും
നീ എന്നും ദുശ്ശാസനൻ ആയിരുന്നു
കെട്ടിക്കൊണ്ട് വന്ന പെണ്ണിനെ
നിനക്ക് കാഴ്ച വച്ച്
വായ പൊത്തി നിന്ന വ്യല്ലപ്പൻ
ഇതൊക്കെ മറന്ന്
നിന്നോട് കൂടുവാൻ എനിക്ക്
മനസ്സില്ല
ആർഷ ഭാരതസംസ്കാരം
രാജ കോണക ഭരണ മഹിമകൾ
ത്ഫൂ….
ഞങ്ങൾക്ക്
ഒരു പുത്തൻ മഹാഭാരതം
എഴുതേണ്ടതുണ്ട്
എന്റെ പേന നിന്റെ നെഞ്ച്
കീറാനുള്ളതാണ്.

സുരേഷ് പൊൻകുന്നം

By ivayana