രചന : കൃഷ്ണമോഹൻ കെ പി ✍

കവനഭംഗി ശാസ്ത്രമൊന്നും അരികിലെത്താത്ത
കുപിതനെഴുതും വരികളൊന്നും കവിതയാകില്ലാ…..
കവിതയൊരു വഴിയേ, ഹൃദയ, വ്യഥകളൊരുവഴിയേ
കലകൾ തന്നുടെ മാസ്മരമാം വേദിയൊരു വഴിയേ…
കഥകൾ ചൊല്ലാനിരിയ്ക്കുമ്പോൾ നിമിഷ പാത്രത്തിൻ
കവിളിലൊന്നു മുത്തമേകാൻ, നാഴിക മാത്രം
കരളിലുള്ള വികാരസാഗര തിരകളെപ്പകർത്താൻ
കഴിയുന്നില്ലീ വിരലുകൾക്കുമെന്നുമോർക്കുമ്പോൾ…
കരുണയോടീ ജന്മമാകെ സഫലമാക്കീടും
കവന സുഭഗതയെ, ഞാനൊരു സ്വപ്നമായ്ക്കാണ്മൂ….
കുസൃതി നിറയും ബാല്യത്തെയും, കൗമാരത്തേയും
കുതുഹലത്തോടൊട്ടു നേരം ഓർമ്മയിൽ നിർത്തീ…
കരക്കരുത്തിൽ യൗവനത്തിൻ മോഹസീമകളിൽ
കണിശമായിക്കൊണ്ടുപോയ പ്രണയഭാവമതും…
കരുതി മാത്രം കലാക്ഷേത്ര സോപാനത്തിങ്കൽ
കഥയതൊന്നു കേൾപ്പാനായ്, നില്പു,ദ്രോണരെപ്പോൽ….
കരവിരലു ഛേദിച്ച ഏകലവ്യൻ പോൽ
കവിതയുടെ വരമ്പത്തീ,സ്വപ്നജീവികൾ നാം….

കൃഷ്ണമോഹൻ കെ പി

By ivayana