രചന : ജനാർദ്ദനൻ കേളത്ത് ✍

ആർത്തി മൂത്ത സ്വാർത്ഥതകൾ
കാടുകയറുന്ന നാട്ടുവഴികളിൽ
കാടിറങ്ങുന്ന മൃഗീയതകളുടെ
വിശപ്പടക്കാനുള്ള വ്യാപൃതികൾ!

ഉപജീവനത്തിൻ്റെ പങ്കപ്പാടുകളിൽ
പോരാട്ടത്തിൻ്റെ ചിന്നം വിളികൾക്ക്
വിലക്കുകളെ ഉടച്ചെറിയാനുയർത്തിയ
മേയ്ദിന മുദ്രാവാക്യങ്ങളുടെ പ്രതിധ്വനി!

സംസ്കൃതിയുടെ സാമന്തരേഖകളിൽ
സഹജീവനസാരൂപ്യനിഷ്ക്രിയത്വം
നവമാധ്യമങ്ങളുടെ തീൻമേശകളിൾ
വിഭവസമൃദ്ധം കുന്നുകൂടി കിടന്നു!

ചക്കയും, കപ്പയും, തേങ്ങയും കട്ട്
പട്ടിണി തീർത്ത കാലത്തുപോലും
പൂട്ടിക്കിടന്ന പലചരക്കു കടകളുടെ
നിരപ്പലകകൾക്ക് തുണയിരുന്നു ഉപ്പ്!

പിറപ്പവകാശം വിലക്കപ്പെട്ട് , തൊഴിൽ
ജീവനാർത്ഥം അരിയും ചക്കയും ഉപ്പും
തേടിയലഞ്ഞ് പ്രവാസികളായ നമ്മുടെ
ആനക്കാര്യത്തോളം മറ്റെന്ത് ചേനക്കാര്യം!

കയ്യേറ്റത്തിൻ്റെ പ്രാകൃതാക്രാന്തങ്ങളിൽ
കാലഹരണപ്പെടുന്ന കാടുകൾക്കപ്പുറം
പ്രാപഞ്ചിക നിലനിൽപ്പിനുള്ള വെമ്പൽ
നിശ്ചിതം പുതിയ മേച്ചിൽപുറങ്ങൾ തേടും!

ജനാർദ്ദനൻ കേളത്ത്

By ivayana