ഏറെ നേരത്തെ ഓട്ടത്തിന് ശേഷം ആ ദീർഘദൂര തീവണ്ടി കിതച്ചുകൊണ്ട് സ്റ്റേഷനിലേക്കടുക്കുന്ന നേരത്താണ് അഖിലേഷന്റെ ഫോൺ ശബ്‌ദിച്ചത്,

മഹാബലി എന്ന പേര് മൊബൈൽ സ്‌ക്രീനിൽ തെളിഞ്ഞു,

ഇറങ്ങാനുള്ള യാത്രികർ കൂട്ടമായി തീവണ്ടിയുടെ വാതിലിന് സമീപത്തേക്ക് നീങ്ങുന്നതിന്റെ ശബ്ദമുഖരിതമായ അന്തരീക്ഷം, അഖിലേഷന്റെ ഓർമ്മകളെ തന്റെ ഗ്രാമത്തിലെ ആഴ്ച്ചചന്തയിലേക്ക് കൊണ്ടെത്തിച്ചു ,

” സ്റ്റേഷനിൽ എത്തി, ഇറങ്ങുവാൻ പോകുവാണ്, നീ സരോജിനിയുടെ മുന്നിൽ നിന്നാൽ മതി “

ഫോൺ സംഭാഷണം അവസാനിപ്പിച്ചു അഖിലേഷനും തീവണ്ടിയുടെ വാതിലിന് അരികിലേക്ക്,

സരോജിനി ബാറിലേക്ക് ഓട്ടോയിൽ കയറുമ്പോഴാണ്, വീണ്ടും അഖിലേഷന്റെ ഫോൺ ചിലച്ചത്, ഇത്തവണ മറുപുറത്ത് ഭാര്യ ശ്രീകലയായിരുന്നു,

” അവസാന ശ്രമം എന്ന നിലയിൽ മഹാബലിയെ ഒന്ന് കണ്ടുനോക്കാം,
എന്തേലും രീതിയിൽ അവനു എന്നെ, രക്ഷിക്കാൻ കഴിയുമോ എന്ന് ചോദിക്കാം”

വീട്ടിൽ നിന്നും തിരിക്കുമ്പോൾ അഖിലേഷൻ പറഞ്ഞ വാക്കുകൾ തന്റെ മനസ്സിനെ ചക്കരമുള്ള് പോലെ ഇടക്കിടെ കുത്തി അസ്വസ്ഥമാക്കുന്നത് കൊണ്ടാകാം,

എവിടെഎത്തി, എന്തായി എന്നൊക്കെയുള്ള വിശേഷങ്ങൾ തിരക്കിയുള്ള ശ്രീകലയുടെ ഈ ഫോൺ വിളി,

നഗരത്തിലേ ഒരു പ്രമുഖകമ്പനിയിൽ ജോലി ചെയ്യുമ്പോൾ വർഷങ്ങൾക്ക് മുമ്പാണ് അഖിലേഷൻ ആദ്യമായ് മഹാബലിയെ കണ്ടുമുട്ടുന്നത്,

ഡിസൈനർ ജോലിയുടെ ഇന്റർവ്യൂവിനായി തന്റെ മുന്നിലെത്തിയ, യാതൊരു മുൻകാല പ്രവർത്തനപരിചയവും ഇല്ലാത്ത ആ കറുത്ത് കുറുകിയ ചെറുപ്പക്കാരനെ , തന്റെ പതിവ് മുഖമുദ്രകളായ അസഹിഷ്ണുതയും,പുച്ഛവും സമാസമം കലർത്തിയാണ് അഖിലേഷൻ അന്ന് നേരിട്ടത്,

ബയോഡേറ്റയിൽ പേര് മഹാബലി എന്ന് കണ്ടതോടെ,

” അസുരരാജാവ് മഹാബലിയുടെ ആരായി വരുമെടോ താൻ ” എന്ന അഖിലേഷന്റെ പരിഹാസം കലർന്ന ചോദ്യത്തിന്,

ഇന്റർവ്യൂവിനെ നേരിടുന്ന ഒരു ഉദ്യോഗാർത്ഥിയുടെ യാതൊരു പരിഭ്രമവുമില്ലാതെ,

” സാറിന് ആ ഒരു മഹാബലിയെ മാത്രമേ അറിയുള്ളോ ” എന്ന മറു ചോദ്യത്തിന് മുന്നിൽ കൂടുതൽ ചോദ്യങ്ങൾക്ക് മുതിരാതെ, സർട്ടിഫിക്കറ്റ് പരിശോധനയെന്ന ഒരു അഡ്മിൻ ഉദ്യോഗസ്ഥന്റെ ചുമതല നിർവഹിച്ച അഖിലേഷൻ, കൂടുതൽ അഭിമുഖത്തിനായ് കമ്പനി മാനേജരായ മറാട്ടിയുടെ ക്യാബിനിലേക്ക് മഹാബലിയെ കടത്തിവിട്ടു,

അന്ന് ജോലിതേടിയെത്തിയ പതിമൂന്ന് പേരിൽ മറാട്ടി മാനേജർ തിരഞ്ഞെടുത്തത്, ഫോർട്ട്‌കൊച്ചിക്കാരൻ മാധവൻ മകൻ മഹാബലിയെ ആയിരുന്നു,

അടുത്ത ദിവസങ്ങളിലൊന്നിൽ,ഇടവേള നേരത്ത് സ്‌മോക്കിങ് മുറിയിൽ നൃത്തം ചെയ്യുന്ന പുകവലയങ്ങളെ സാക്ഷി നിർത്തി ലൈറ്റർ പങ്ക് വെച്ച് തുടങ്ങിയ സൗഹൃദം,

തുടർന്ന് ഓരോ ദിനം പിന്നിടുന്നത് അനുസരിച്ചു മഹാബലിയും അഖിലേഷനും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വർദ്ധിച്ചു വന്നു, അത് ജോലി തിരക്കൊഴിഞ്ഞ പകലറുതികളിൽ സരോജിനി ബാറിന്റെ അരണ്ട വെളിച്ചത്തിൽ അര ലിറ്റർ വോഡ്ക കാലിയാകും വരെ ദിവസേന തുടരുമായിരുന്നു,

സരോജിനിയിലെ ഒരു വൈകുന്നേരം,

ജോലിയുടെ സമ്മർദ്ധത്തിന്റെയും,മാനേജരിൽ നിന്ന് കേട്ട ശകാരത്തിന്റെയും പ്രതിഫലനമായി മനസ്സിൽ രൂപപെട്ട കനലിനെ ഇരുവരും വോഡ്ക ഒഴിച്ച് കെടുത്തുന്നതിനിടയിൽ പുറത്തേക്ക് വന്ന അഖിലേഷന്റെ വാക്കുകളാണ്, വഴിത്തിരിവായത്,

“മൈര്, മടുത്തെടോ
ഒരാൾക്ക് കീഴിൽ ശമ്പളം വാങ്ങിയുള്ള അടിമപ്പണി നിർത്തിയിട്ട് എന്തേലും സ്വന്തമായി തുടങ്ങണം”

“അണ്ണൻ കാശ് മുടക്കാമോ, ഞാൻ ഡിസൈൻ ചെയ്യാം, നമുക്ക് സ്വന്തമായി പ്രോജക്റ്റുകൾ ചെയ്യാം”

ആ സംഭാഷണത്തിന്റെ അന്ത്യത്തിൽ, അര ലിറ്റർ വോഡ്കയുടെ അവസാനതുള്ളിയും അലിഞ്ഞുചേർന്ന നേരത്ത്

“ന്യൂ ഡ്രീംസ്‌ ” എന്ന പുതിയ സംരംഭം സരോജിനിയുടെ വലത്തേ മൂലയിലെ ടേബിളിൽ പിറവികൊണ്ടു,

### #### #### ####

സരോജിനി ബാറിന്റെ മുന്നിൽ അഖിലേഷൻ വന്നിറങ്ങുമ്പോൾ മഹാബലി കാത്ത് നിൽപ്പുണ്ടായിരുന്നു,

“ഏകദേശം നാല് വർഷങ്ങൾക്ക് ശേഷം അല്ലേടാ പുല്ലേ,”

മഹാബലിയെ ചേർത്ത്നിർത്തി അഖിലേഷൻ തോളിൽ അമർത്തി തല്ലി,

” അണ്ണാ, അക്കക്കും മോൾക്കും സുഖം തന്നെയല്ലേ”

” അതൊക്കെ നമുക്ക് സരോജിനിയുടെ നെഞ്ചത്തു കയറി ഓരോന്ന് വിട്ടോണ്ട് സംസാരിക്കാം “

” അപ്പുറത്തു വേറൊരു നല്ല സെറ്റപ്പ് ഉണ്ട് അങ്ങോട്ട് പോകാം അണ്ണാ, നല്ല ആമ്പിയൻസ് ആണ് അവിടെ “

” ഓ അതോന്നും വേണ്ടടോ ഉവ്വേ, ഒരുപാട് രാത്രികൾ നമ്മൾ സങ്കടങ്ങളും, സ്വപ്നങ്ങളും പങ്കിട്ടത് ഇവിടെയല്ലേ “

നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഇരുവരും തങ്ങളുടെ പഴയ സ്ഥിരം ഇരിപ്പിടമായ സരോജിനിയുടെ വലതുമൂലയിലെ ടേബിളിൽ ഇരിപ്പുറപ്പിച്ചു,

#### ##### #######

പിറവി കൊണ്ട് നാലാം മാസം സംഭവിച്ച ന്യൂ ഡ്രീംസിന്റെ അകാലമരണത്തിന്, പ്രധാനകാരണം മാർക്കറ്റിങ്ങിലുള്ള ഇരുവരുടെയും പരിചയക്കുറവും,പണത്തിന്റെ അഭാവവുമായിരുന്നു,

അതുവരെയുള്ള മുഴുവൻ സമ്പാദ്യവും ന്യൂഡ്രീംസിൽ മുടക്കി, എല്ലാം നഷ്ട്ടപെട്ടതോടെ അഖിലേഷൻ നഗരം വിട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങി, മഹാബലി ജോലിതേടി മറ്റ് സ്ഥാപനങ്ങളിലേക്കും,

നാല് വർഷങ്ങൾ, മഹാബലിയെ മികച്ച ഡിസൈനറായി പരുവപ്പെടുത്തിയെടുത്തു, കേരളത്തിലെ ഏറ്റവും മികച്ച ഡിസൈൻ കമ്പനി മാനവിയത്തിന്റെ ലീഡിങ്‌ ഡിസൈനർ എന്ന ചുമതലയിലേക്ക് വരെ എത്തിച്ചു,

ന്യൂ ഡ്രീംസിന്റെ തകർച്ചയിൽ നിന്ന് കരകയറാൻ കഴിയാതെ നാട്ടിലേക്ക് മടങ്ങിയ അഖിലേഷന് ഈ കാലയളവിൽ നാട്ടിൽ കൈവെച്ച ഒരു മേഖലയിലും വിജയിക്കുവാൻ കഴിഞ്ഞില്ല, കെട്ട് പൊട്ടിയ പട്ടം പോലെ ജീവിതം കൈവിട്ട് പോയതോടെ അവസാന ശ്രമം എന്ന നിലയിൽ ഡിസൈൻ ചെയ്യാൻ അറിയുന്ന പുതിയ പിള്ളേരെ വെച്ച് ന്യൂഡ്രീംസിനെ പുനഃരുജ്ജിവിപ്പിക്കാൻ ഉള്ള ശ്രമത്തിലാണ് അഖിലേഷനും,

###### ###### ###### ########

“മഹാബലിമാധവൻ, മാനവിയം എന്ന മഹാബ്രാൻഡിന്റെ ന്യുക്ലിയസ്സ്”

ആദ്യത്തെ പെഗ്ഗ് അകത്താക്കി അഖിലേഷൻ മഹാബലിയോടായി തുടർന്നു,

“ഒരുപാട് സന്തോഷം ഉണ്ടെടാ നിന്റെ ഈ വളർച്ചയിൽ,
ഇത്തവണ കൊച്ചിൻഫസ്റ്റിനും മാനവിയം തന്നെയാണോ പ്രൊജക്റ്റ്‌ ചെയ്യുന്നത്? “

“എത്രയോ വർഷങ്ങളായി കൊച്ചിൻഫസ്റ്റ്ന്റെ പ്രൊജക്റ്റ്‌ മാനവിയത്തിന് തന്നെയാണ്, അവർ പേരിന് അസെയിൻമെന്റ് ക്ഷണിക്കും, മാനവിയം ഉള്ളത് കൊണ്ട് മറ്റാരും അസെയിൻമെന്റ്പോലും നൽകാറില്ല, അഥവാ ആരേലും നൽകിയാൽ തന്നെയും, ഞങ്ങളെ വെല്ലുന്ന അസെയിൻമെന്റ് ആർക്കും നൽകുവാൻ കഴിയില്ല, കഴിഞ്ഞ രണ്ടു വർഷമായി മാനവിയത്തിനായി കൊച്ചിൻഫസ്റ്റ്ന്റെ അസെയിൻമെന്റ് ചെയ്യാനുള്ള ഭാഗ്യം എനിക്ക് തന്നെയാണ് “

ഒരു ചിരിയോടെ മഹാബലി രണ്ടാമത്തെ പെഗ്ഗ് ഗ്ലാസിലേക്ക് പകർത്തി,

“ഇത്തവണതെ അസെയിൻമെന്റ് പൂർത്തിയാക്കിയോ”

“മറ്റെന്നാൾ അല്ലേ ലാസ്റ്റ് ഡേറ്റ്, എനിക്ക് മൂന്നാലു മണിക്കൂർ മതിയണ്ണാ”

കൊച്ചിൻഫസ്റ്റ് സംബന്ധിച്ച് ഇരുവരുടെയും സംഭാഷണം, മൂന്നാമത്തെ പെഗ്ഗിൽ അവസാനിപ്പിച്ചുകൊണ്ട് മറ്റൊരു വിഷയത്തിലേക്ക് കടന്നത് അഖിലേഷനായിരുന്നു,

” ഡാ പണ്ട് നീ പറയുവാരുന്നല്ലോ, കൊട്ടേഷൻ ഒക്കെ നടത്തുന്ന ഫോർട്ട് കൊച്ചിക്കാരൻ സ്‌കൂട്ടിബാബുവിനെ കുറിച്ച്, അവൻ ഇപ്പോൾ ഫീൽഡിൽ ഉണ്ടോ?”

“എന്ത് പറ്റി, അണ്ണൻ കൊട്ടേഷൻ തുടങ്ങാൻ പോകുവാണോ” മഹാബലിയുടെ മറുപടി തമാശകലർന്നതായിരുന്നു,

“ഡാ സംഗതി തമാശയല്ല, എനിക്ക് ഒരു കൊട്ടേഷൻ ഏൽപ്പിക്കാൻ ആണ്, നാട്ടിൽ ഒരു വസ്തുതർക്കമാണ്, ഞാൻ ഒറ്റക്ക് മുട്ടിയാൽ നടക്കില്ല, അവന്മാർ എടങ്ങേറ് ടീമാണ്, അതാണ് ഏതേലും കൊട്ടേഷൻ സംഘത്തെ ഏൽപ്പിക്കാമെന്ന് കരുതിയത്, തലയെടുക്കുകയൊന്നും വേണ്ട, കയ്യുംകാലും വെട്ടുക, അല്ലേൽ കുറേനാൾ എഴുനേറ്റ് നടക്കാത്ത രീതിയിലുള്ള എന്തേലും പണി “

അഖിലേഷൻ പാതിവഴിയിൽ അവസാനിപ്പിച്ചു ഒരു ഗോൾഡ്ഫ്ലേക്കിന് തീ കൊളുത്തി,

“ഒന്നുടെ ആലോചിക്കുക, ന്യൂ ഡ്രീംസ് ഒക്കെ വീണ്ടും പൊടിതട്ടിയെടുക്കുന്ന ഈ സമയത്ത് ഇതൊക്കെ വേണോ” മഹാബലിയുടെ ഓർമ്മപ്പെടുത്തലിനും മുകളിൽ കൂടി ഇത് തന്റെ നിലനിൽപ്പിന്റെ പ്രശ്നം കൂടിയാണെന്ന് അഖിലേഷൻ അറിയിച്ചു,

അര മണിക്കൂറിന് ശേഷം സരോജിനിയുടെ പിൻ വാതിലിൽ കൂടി അകത്തേക്ക് കടന്നു വന്ന മെല്ലിച്ച നീളമുള്ള ചെറുപ്പക്കാരനെ മഹാബലി അഖിലേഷന് പരിചയപ്പെടുത്തി,

” ഇതാണ് സ്‌കൂട്ടി ബാബു, നിങ്ങൾ കാര്യങ്ങൾ സംസാരിക്കു, ഞാൻ ഓഫീസിൽ വരെ പോവാണ്”

അഖിലേഷനെ വൈകിട്ട് റെയിൽവേസ്റ്റേഷനിലേക്ക് കൊണ്ടുവിടാൻ വരാമെന്ന് പറഞ്ഞു മഹാബലി മടങ്ങിയതോടെ, ഇരുവരും കാര്യത്തിലേക്ക് കടന്നു,

” ഇന്ന് തന്നെ പണി നടക്കണം, കുറഞ്ഞത് ഒരാഴ്ച്ച എങ്കിലും വലതു കൈ പൊക്കരുത് “

“ഇത്തരം ചീളു കേസിന് വല്ല കൊച്ചു പിച്ചാത്തിയും അരയിൽ തിരുകി നടക്കുന്ന പിള്ളേരെ വിളിച്ചാൽ പോരായിരുന്നോ”

അഖിലേഷൻ പദ്ധതി വിശദമാക്കുമ്പോഴേക്കും ബാബു തന്റെ നീരസം പ്രകടമാക്കി കഴിഞ്ഞിരുന്നു,

” ആളുമാറിയുള്ള ആക്രമണം, അങ്ങനെ ആകാവൂ, ഇന്ന് തന്നെ വേണം “

###### ####### ####### ######.

വൈകുന്നേരത്തിന്റെ തിരക്കിലമർന്ന റെയിൽവേസ്റ്റേഷൻ,

” ഉടനെ നമുക്ക് വീണ്ടും കാണാം “

മഹാബലിയുടെ കൈ പിടിച്ചു കുലുക്കി യാത്രചൊല്ലിയ അഖിലേഷനോട്‌, ന്യൂഡ്രീംസ് സജീവമാകുമ്പോൾ താനും അതിന്റെ ഭാഗമായി ഉണ്ടാകുമെന്ന് മഹാബലി ഉറപ്പ് നല്കി,

വടക്കോട്ടുള്ള ഇന്റർസിറ്റി എക്സ്പ്രസ്സ് നീങ്ങി തുടങ്ങിയപ്പോൾ ട്രെയിനിലേക്ക് കയറിയ അഖിലേഷനെ മഹാബലി തന്റെ കൈ ഉയർത്തി ട്രെയിൻ ദൂരേക്ക് മറയും വരെ അഭിവാദ്യം ചെയ്തുകൊണ്ടേയിരുന്നു,

ന്യൂഡ്രീംസ് വീണ്ടും പുനഃരുജ്ജിവിപ്പിക്കുന്നത്തിനുള്ള ശ്രമം നടത്തുന്നതിനിടയിൽ കൊച്ചിൻഫസ്റ്റ്ന്റെ അണിയറക്കാരിൽ ഒരാളായ ബാലചന്ദ്രൻ തന്നോട് പറഞ്ഞ വാക്കുകൾ അഖിലേഷന്റെ മനസിലേക്ക് കടന്നു വന്നു,

” കൊച്ചിൻഫസ്റ്റ്ന്റെ പ്രോജക്റ്റ് കിട്ടിയാൽ നീ രക്ഷപെട്ടു,
പക്ഷേ കിട്ടില്ല, അത് മാനവീയം ആണ് വർഷങ്ങളായി ചെയ്യുന്നത്, അതുകൊണ്ട് മറ്റാരും അസൈൻമെന്റ് പോലും കൊടുക്കാറില്ല “,

“ന്യൂഡ്രീംസ് അസൈൻമെന്റ് കൊടുക്കുകയും, മാനവീയം കൊടുക്കാതെ ഇരിക്കുകയും ചെയ്താൽ, പ്രോജക്റ്റ് ന്യൂഡ്രീംസിന് ലഭിക്കുമോ”

അങ്ങനെ സംഭവിക്കാൻ സാധ്യതയില്ല, സംഭവിച്ചാൽ ഉറപ്പായും ന്യൂഡ്രീംസിന് പ്രോജക്റ്റ് ലഭിക്കുമെന്ന ബാലചന്ദ്രന്റെ വാക്കുകളാണ്, അഖിലേഷനിൽ അവസാനപ്രതീക്ഷകളുടെ തിരി തെളിയിച്ചത്,

“റെയിൽവേ സ്റ്റേഷന്റെ പുറത്തുള്ള ഇടവഴിയിൽ ഇട്ട് തന്നെ പിള്ളേർ പണിതു, വലതു കൈയ്യിൽ കുറഞ്ഞത് പന്ത്രണ്ട് സ്റ്റിച്ചു കാണും, കുറച്ചു നാൾ അവൻ വലതുകൈ അനക്കില്ല”

ഫോണിന്റെ മുഴക്കമാണ് അഖിലേഷനെ ഓർമ്മകളിൽ നിന്നുണർത്തിയത്, അപരിചിതമായ നമ്പരിൽ നിന്നുള്ള കാൾ മറുതലക്കൽ നിന്നുള്ള ഏതാനും വാക്കുകളിൽ അവസാനിച്ചു,

ഫോൺ തിരികെ പോക്കറ്റിലിട്ട്, കണ്ണുകളടച്ചു സീറ്റിലേക്ക് ചാരുമ്പോൾ അഖിലേഷൻ മനസ്സിൽ പറയുന്നുണ്ടായുരുന്നു,

“എല്ലാം നല്ലതിന്”

##### ##### ##### #######

രാത്രിക്ക് കനം വെച്ച് തുടങ്ങിയപ്പോഴാണ് അഖിലേഷൻ വീട്ടിൽ മടങ്ങിയെത്തിയത്,

തുടരെ ഫോൺവിളിച്ചിട്ടും എടുക്കാതിരുന്നതിന്റെ പരിഭവം പങ്ക് വെക്കുന്നതിനൊപ്പം, പോയകാര്യമെന്തായി എന്നറിയാനുളള ആകാംക്ഷയോടെ ശ്രീകല അഖിലേഷനരികിൽ തന്നെ നിലയൂറപ്പിച്ചു,

“എന്തായി, മഹാബലി സമ്മതിച്ചോ”

ശ്രീകലയുടെ ചോദ്യത്തിന്, ചുണ്ടിലെരിയുന്ന സിഗരറ്റിൽ നിന്ന് പുറത്തേക്കൊഴുകുന്ന പുകചുരുളുകളെ നോക്കി അല്പസമയം മൗനമായ ശേഷം അഖിലേഷൻ നിസംഹതയോടെ പറഞ്ഞു,

” ഇല്ല ഞാൻ അവനോട് ചോദിച്ചില്ല, ജോലിയുടെ കാര്യത്തിൽ എത്തിക്സ് വിട്ടൊരു കളിക്കും അവൻ തയ്യാറാകില്ലന്ന് എനിക്ക് അറിയാം , അത് കൊണ്ട് തന്നെ ഞാൻ ചോദിച്ചില്ല, എന്നാലും കൊച്ചിൻഫസ്റ്റ്ന്റെ പ്രോജക്റ്റ് നമ്മുടെ ന്യൂ ഡ്രീംസിന് തന്നെ ലഭിക്കും “

അല്ലാതെ എങ്ങനെ നമുക്ക് ലഭിക്കാനാണ് എന്ന ശ്രീകലയുടെ ചോദ്യത്തിന് മറുപടി നല്കാതെ അഖിലേഷൻ റിംഗ് ചെയ്യുന്ന ഫോൺ കയ്യിലെടുത്തു പുറത്തേക്ക് ,

കൊച്ചിൻഫസ്റ്റ് പ്രോജക്റ്റ് മാനവിയത്തെ മറികടന്നു തങ്ങൾക്ക് ലഭിക്കുവാൻ വേണ്ട സഹായം അഭ്യര്ഥിക്കുവാനായി മഹാബലിയെ നേരിട്ട് കാണുവാൻ പോയ ഭർത്താവിന്റെ വൈരുദ്ധ്യം കലർന്ന മറുപടികൾ ശ്രീകലക്ക് മനസിലായതേയില്ല,

” മഹാബലിയുടെ ഭാര്യയാണ് വിളിച്ചത്, എന്നെ റെയിൽവേ സ്റ്റേഷനിൽ വിട്ട് മടങ്ങിയ മഹാബലിയെ, ആരോ ആളുമാറി ആക്രമിച്ചു, വലതുകൈക്ക് സാരമായ പരിക്കുണ്ടെന്ന് “

ഒരു ദീർഘനിശ്വാസത്തോടെ അഖിലേഷൻ സ്വീകരണമുറിയിലെ സോഫയിലേക്ക് ചാരി,

##### ##### ##### #####

നാലു ദിവസങ്ങൾക്ക് ശേഷമുള്ളോരു പ്രഭാതം,

കൊച്ചിൻഫെസ്റ്റിന്റെ പ്രോജക്റ്റ് ന്യൂഡ്രീംസിന് ലഭിച്ചുവെന്ന വാർത്ത കേട്ട്കൊണ്ടാണ് അഖിലേഷൻ ഉറക്കമുണർന്നത്,

” നമ്മളുടെ നല്ല സമയം തെളിഞ്ഞു , നമുക്ക് ഒരു എൻട്രിയായിരുന്നു ആവശ്യം അത് നടന്നു , ഇനി ന്യൂഡ്രീംസ് ഏറ്റവും മികച്ച ഡിസൈനർമാരേ പൊന്നുംവില കൊടുത്തു കൊണ്ടുവന്നു ഈ മേഖല പിടിച്ചെടുക്കും “

അഖിലേഷൻ ഭാര്യക്ക് മുന്നിൽ ആവേശഭരിതനായി,

” ഇതിന് വിലകൊടുക്കേണ്ടി വന്നത് മഹാബലിയുടെ വലതുകൈ ആയിരുന്നു അല്ലേ “

ശ്രീകലയുടെ ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം പാളിയ അഖിലേഷൻ, ഒരു നർത്തകന്റെ വൈദഗ്ധ്യത്തോടെപെട്ടന്ന് തന്നെ വിഷയം, മഹാബലിയെ ഹോസ്പിറ്റലിൽ പോയി സന്ദര്ശിക്കുന്നതിലേക്ക് ചുവട്മാറ്റി,

മെഡിക്കൽ കോളേജിലെ സർജറി വാർഡിൽ അഖിലേഷനെയും ഭാര്യയെയും കണ്ടതോടെ, പ്ലാസ്റ്ററിൽ പൊതിഞ്ഞ തന്റെ വലതു കൈ ചൂണ്ടി മഹാബലി വികാരാധീനനായി,

” ആരോ ആളുമാറി ചെയ്തതാണ്, എന്റെ എല്ലാ പ്രതീക്ഷകളും തകർന്നു വീണു, എനിക്ക് അസൈൻമെന്റ് സമർപ്പിക്കാൻ കഴിയാത്തതിനാൽ, മാനവിയത്തിന് പ്രോജക്റ്റ് നഷ്ടമായി, ഒപ്പം എനിക്ക് ജോലിയും, എന്നാലും ഒരു സന്തോഷമുള്ളത്, പ്രോജക്റ്റ് ലഭിച്ചത് ന്യൂഡ്രീംസിന് ആണല്ലോ “

അല്പനേരം മൗനം പാലിച്ച അഖിലേഷൻ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുവാൻ നേരം മഹാബലിയെ ചേർത്തിരുത്തി പറഞ്ഞു,

” രണ്ടു മുന്ന് ആഴ്ച്ച കഴിയുമ്പോൾ, ഈ കയ്യ് നേരെയായി, പഴയ മഹാബലിയായി നീ തിരിച്ചെത്തും,കൊച്ചിൻഫെസ്റ്റിന്റെ ഭാഗമാവുകയും ചെയ്യും, മാനവിയത്തിന് വേണ്ടിയല്ല, ന്യൂഡ്രീംസിന്റെ ലീഡിങ് ഡിസൈനറായി”

ഹോസ്പിറ്റലിൽ നിന്നുള്ള മടക്കയാത്രയിലാണ് അഖിലേഷനെ തേടി ബാലചന്ദ്രന്റെ ഫോൺ കാൾ എത്തിയത്,

പ്രോജക്റ്റ് ലഭിച്ചതിൽ അഭിനന്ദനങ്ങൾ അറിയിച്ച ബാലചന്ദ്രൻ, പ്രോജക്റ്റ് ലഭിക്കുവാൻ കാരണമായ ബുദ്ധി ഉപദേശിച്ചതിന് വേണ്ടരീതിയിൽ തന്നെ കാണണം എന്നാവശ്യപെട്ടതിനൊപ്പം, അഖിലേഷന് ഒരു ജാഗ്രതാനിർദ്ധേശവും നൽകി,

” കാശ് കൊടുത്താൽ കയ്യ് മാത്രമല്ല, തലവരെ വെട്ടിയെടുക്കുന്ന സ്‌കൂട്ടിബാബുമാർ ഒരുപാടുണ്ട് നാട്ടിൽ, സൂക്ഷിക്കണം”

കെ.ആർ.രാജേഷ്

By ivayana