രചന : തെക്കേക്കര രമേഷ് ✍
ഒരു പേടിസ്വപ്നത്തിന്റെ പകുതിയിലാണ് അവൾ ഞെട്ടിയുണർന്നത്.
ശരീരമൊട്ടാകെ വിയർപ്പിൽ കുതിർന്നിരിക്കുന്നു.
സമയം എത്രയായിരിക്കുമെന്ന് സംശയിച്ച് അവൾ മൊബൈൽ കൈയിലെടുത്തു.
ഒന്നര.
വല്ലാതെ ദാഹം തോന്നുന്നു.
വാതിൽ ശബ്ദമുണ്ടാക്കാതെ തുറന്നു.
ദിവാനിൽ പുതപ്പു മൂടി ഉറങ്ങുന്ന ചന്ദ്രേട്ടൻ.
ഫ്രിഡ്ജ് തുറന്ന് വെള്ളം കുടിച്ചു
തിരിയുമ്പോൾ—
പെട്ടെന്ന് ഹാളിലെ ലൈറ്റ് തെളിഞ്ഞു.
ഒരു നിമിഷം.
കണ്ണുകൾ തമ്മിലിടഞ്ഞു.
അടുത്ത നിമിഷം വെളിച്ചമണഞ്ഞു. ദിവാനിലേക്ക് ചായുന്ന നിഴൽ.
കുട്ടികളുടെ മുറിക്ക് മുന്നിലെത്തിയപ്പോൾ ഉള്ളിൽ നിന്ന് ഒരു പൊട്ടിച്ചിരി. ചാരിയിരുന്ന വാതിൽ പാതി തുറന്ന് അവൾ അകത്തേക്ക് നോക്കി . ഇളയവളാണ്. കുട്ടിക്കാലം മുതലുള്ള ശീലമാണ് ഉറക്കത്തിലുമുള്ള ഈ ചിരി. മൂത്തവൾ അതിന് നേരെതിരാണ്. അച്ഛന്റെ ഗൗരവം അവൾക്ക് പാരമ്പര്യമായി കിട്ടിയിട്ടുണ്ട്.
വാതിലടച്ച് അവൾ മുറിയിലേക്ക് മടങ്ങി. കുറെ നേരം വെറുതെ കിടന്നു.
ഉറക്കം വരുന്നില്ല. ഇത് പതിവാണ്. പാതിയിൽ മുറിഞ്ഞ ഉറക്കത്തിൻ്റെ കണ്ണികൾ കൂട്ടി വിളക്കാനുള്ള ശ്രമം പുലരും വരെ തുടരും.
താഴെ റോഡിലൂടെ നൈറ്റ് പട്രോളിന്റെ സൈറൺ. വാനിന്റെ ഡോർ തുറന്നടയുന്ന ശബ്ദം. ജനാല തുറന്ന് അവൾ താഴേക്ക് നോക്കി. തെരുവുവിളക്ക് , വരച്ച മങ്ങിയ വെളിച്ചത്തിൻ്റെ ഒരു വട്ടത്തിനുള്ളിൽ ചില മനുഷ്യർ.
നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു മടങ്ങുന്ന തൊഴിലാളികൾ.
അല്ലെങ്കിൽ—
അസമയത്ത് റോഡിലുണ്ടായതിന്റെ പേരിൽ ചോദ്യം ചെയ്യപ്പെടുന്ന സാധാരണക്കാർ.
നനച്ചു തൂക്കിയ തിരശീലകൾ പോലെ
ഇരുണ്ട ആകാശത്ത് ഘനം തൂങ്ങി
മെല്ലെ നീങ്ങുന്ന മേഘങ്ങൾ. മഴയുടെ വരവറിയിച്ച് വീശിയടിക്കുന്ന തണുത്ത കാറ്റ്. പോലീസ് വാൻ അകന്നുപോകുന്നു. അതിൻ്റ നീല-ചുവപ്പ് വെളിച്ചം ഇടവിട്ട് മിന്നി.
അതോടൊപ്പം—
കാറ്റിൽ പാറിവന്ന മഴത്തുള്ളികൾ മുറിക്കുള്ളിലേക്ക് ചാഞ്ഞ് മുഖത്തു തൊട്ടു .
ഓർക്കാപ്പുറത്ത് അപരിചിതമായ ഏതോ വിരലുകൾ മേനിയിൽ തൊട്ടതുപോലെ അവളുടെ ശരീരം ഒന്ന് ഞെട്ടി.
ജനാലയോട് ചേർന്ന് , ആ വിരലുകൾ നൽകുന്ന നിർവൃതിയിൽ ലയിച്ച്
അവൾ നിശ്ചലയായി നിന്നു.
ചരിഞ്ഞ മഴ അവളിലും പെയ്തുകൊണ്ടിരുന്നു.
ആയിരം കൈവിരലുകൾ ശരീരമൊട്ടാകെ തലോടുന്നതുപോലെ.
ആരുടെ വിരലുകൾ?
ചന്ദ്രേട്ടന്റെ…?
അല്ല.
ചന്ദ്രേട്ടനു തലോടാനറിയില്ല.
കുട്ടികൾ ഉറങ്ങിയശേഷം,
ഒരു കള്ളനെപ്പോലെ പതുങ്ങിവന്ന്,
തിരക്കിട്ട് …….
ഒരു തലോടലിനായി…
ഒരു നല്ല വാക്കിനായി…
സ്നേഹം നിറഞ്ഞ ഒരു ചുംബനത്തിനായി…
കൊതിച്ചിട്ടുണ്ട്…… ഒരുപാട്.
ഒന്നുമുണ്ടായിട്ടില്ല.
അവൾ ഒന്ന് ചാറുന്നതിന് മുമ്പേ
അയാൾ പെയ്തൊഴിഞ്ഞ് മടങ്ങിപ്പോയിരിക്കും.
അങ്ങനെ തന്നെ ആയിരുന്നു ദാമ്പത്യത്തിന്റെ ആദ്യനാളുകളും.
ഒരേ കിടക്കയിൽ—
പക്ഷേ രണ്ടു ദ്വീപുകളായി.
മൂത്തമകൾ ജനിച്ചശേഷം അയാൾ കിടപ്പ് ഹാളിലെ ദിവാനിലേക്കു മാറ്റി.
“ഒപ്പം വന്ന് കിടക്കാമോ…?”
ഒരിക്കൽ ചോദിച്ചു നോക്കി.
എന്തോ പറയാൻ തുടങ്ങിയതാണ്. പകുതിവഴിയിൽ നിർത്തിയ വാക്കുകളും
കണ്ണുകളിൽ എഴുതി വച്ച മറുപടിയും
അവൾ വായിച്ചു.
അതിനുശേഷം—
പരാതിയില്ല.
ചില രാത്രികളിൽ സ്വാഭിമാനത്തെ കീഴടക്കി
വികാരം ജയിക്കുമ്പോൾ അവൾ അയാൾക്കരികിൽ ചെന്നിട്ടുണ്ട്.
“നാശം… ഉറങ്ങാനും വിടില്ലേ…”
ദേഹത്തു സ്പർശിച്ച കൈ
തട്ടിയെറിഞ്ഞു കൊണ്ട് അലറുമ്പോൾ
സ്വയം ഒരു കൃമിയെപ്പോലെ
ചെറുതാകുന്നതറിഞ്ഞിട്ടുണ്ട്.
എന്നിട്ടും—
അയാൾക്ക് ആവശ്യമുണ്ടായ രാത്രികളിൽ
മൈഗ്രൈനിൻ്റെ കുത്തുന്ന വേദനയും സഹിച്ചുകൊണ്ട് വയ്യ എന്നൊരു വാക്കും പറയാതെ കിടന്നുകൊടുത്തിട്ടുണ്ട്,
ഓട്ടോപ്സി ടേബിളിലെ മരവിച്ച ശരീരം
പോലെ.
പിന്നെപ്പിന്നെ അവഗണന ഒരു ശീലമായി.
ശീലമാണ് ജീവിതമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.
അങ്ങനെ—
വസന്തകാലത്തും പൂക്കാത്ത ഒരു പടുമരം പോലെ അവൾ. അപ്പോഴാണ് മരവിച്ച ചില്ലകളെ തൊട്ടുണർത്തുന്ന കുളിർ മഴയായി അവൻ , ഗൗതം .
ഫേസ്ബുക്കിലെ ഒരു “ഗുഡ് മോർണിംഗ്”
പതുക്കെ മനസ്സിലെ ഇരുണ്ട കോണുകളിലേക്ക് വെളിച്ചമായി കടന്നുവരുകയായിരുന്നു.
അവൻ്റെ സ്നേഹം ….. ശ്രദ്ധ…
സാന്ത്വനമാകുന്ന വാക്കുകൾ…
തനിച്ചല്ലെന്ന തോന്നൽ മനസ്സിലുണർന്ന നാളുകൾ…
തന്നെ കേൾക്കാൻ ഒരാളുണ്ടെന്ന ഉറപ്പ് …
തളർന്നാൽ ചായാനൊരു തോളുണ്ടെന്ന കരുതൽ…
ജീവിതത്തിന് ഒരർത്ഥമുണ്ടെന്ന തോന്നൽ….
ഉറക്കം വരാത്ത രാത്രികൾ മറന്ന്,
ഹെഡ്‌ഫോണിലൂടെ അവൻ
അവൾക്കായി പാടുന്ന പാട്ടുകൾ കേട്ട് അവളുറങ്ങി…..
ഉറക്കം പാതിയിൽ മുറിയുന്നില്ലല്ലോ എന്നവളോർത്തു.
എത്ര വേഗമാണ് കാലം കടന്നു
പോകുന്നത് …..! അവൾക്കതിശയം തോന്നി. മുൻപൊക്കെ ചന്ദ്രേട്ടൻ ഓഫീസിലും കുട്ടികൾ സ്കൂളിലും പോയിക്കഴിഞ്ഞാൽ നേരം വൈകിക്കിട്ടാൻ എത്ര പ്രയാസമായിരുന്നു.!
ഒരിക്കൽ അവൻ പറഞ്ഞു—
“ഒരുപകലും ഒരു രാത്രിയും എന്റേതു മാത്രമായി നീ.…”
ഒരപേക്ഷപോലെ അവനത് പറഞ്ഞപ്പോൾ
താൻ എന്തുകൊണ്ടാണ് ഞെട്ടാതിരുന്നതെന്ന് അവൾ സ്വയം ചോദിച്ചു. താനും അത് വല്ലാതെ ആഗ്രഹിച്ചതുകൊണ്ടല്ലേ ?
“ഒരു പകലും ഒരു രാത്രിയും എന്റേതു മാത്രമായി…”
അത് ഒരു വാക്കല്ലായിരുന്നു.
ഒരു വാതിലായിരുന്നു.
അവൾ അതിന് മുന്നിൽ ഏറെ നേരം നിന്നു.
തുറക്കണമോ എന്ന് പലതവണ സ്വയം ചോദിച്ചു.
തുറന്നാൽ ??
ആ രാത്രി അവൾ ഉറങ്ങിയില്ല.
ജനാലയിലൂടെ മഴ പെയ്തുകൊണ്ടിരുന്നു.
അവളുടെ ഉള്ളിലും. പിറ്റേന്ന് രാവിലെ അവൾ ചന്ദ്രേട്ടനെ ശ്രദ്ധിച്ചു. പതിവുപോലെ പത്രം വായിച്ച് ,
ചായ കുടിച്ച് …..
“ഇനി എനിക്ക് ഇങ്ങനെ വയ്യ….. നിങ്ങളോടൊപ്പം…….”
അയാളുടെ മുന്നിൽ ചെന്ന് പത്രം വാങ്ങി വലിച്ചു കീറിയെറിഞ്ഞിട്ട് ഉറക്കെ അലറാൻ തോന്നി. പക്ഷേ ധൈര്യം വന്നില്ല.
അന്ന് വൈകുന്നേരം ഗൗതമിൻ്റെ
മെസേജ് അവളെ തേടിയെത്തി.
“നാളെ ഞാൻ വരും . ഇനി കാത്തിരിക്കാൻ എനിക്കാവില്ല. ലൊക്കേഷനയക്കാം.”
അവൾ സ്ക്രീനിലേക്ക് നോക്കി .
ഇത്രയും കാലം ആഗ്രഹിച്ചതാണ് ഇത്. പക്ഷേ …..
അവളുടെ കണ്ണുകൾ അവളറിയാതെ
കുട്ടികളുടെ മുറിയിലേക്ക് നീണ്ടു.
ഇളയവൾ ചിരിച്ചു കളിക്കുകയാണ്.
മൂത്തവൾ പുസ്തകത്തിൽ തലകുനിച്ചിരിക്കുന്നു . ഇത്
അവരുടെ ലോകമാണ്. തൻ്റെ ഒരു മൂളലിൽ ഒരു നീർക്കുമിള പോലെ തകർന്നേക്കാവുന്ന ലോകം. പിന്നീട് ഒന്നും പഴയതു പോലെ ആവില്ല… ഒന്നും …..
അവളുടെ കണ്ണുകളിൽ ഇരുട്ട് നിറഞ്ഞു.
കൊഴുത്ത ഇരുട്ട്.
“എൻ്റെ ദൈവമേ …. “
നിശ്ശബ്ദവും ദയനീയവുമായ ഒരു നിലവിളി
നെഞ്ചിൽ നിറഞ്ഞു.
അന്ന് രാത്രി
അവൾ മറുപടി ടൈപ്പ് ചെയ്തു.
“വരണ്ട. …..എനിക്ക് കഴിയില്ല.”
മെസേജയച്ചിട്ട് ഫോൺ കിടക്കയിലേക്കിട്ടു.
പിന്നെ ഏറെ നേരം ഫോണിൽ നോക്കി നിന്നു. ഒരുപാടു നാളുകൾ ജീവനോടെ പിടിച്ചുനിന്നത് ആ ചെറിയ സ്ക്രീനിലായിരുന്നു.
പക്ഷേ ഇപ്പോൾ….
രാത്രി വളർന്നു. വീട് ഉറങ്ങി.
കുട്ടികളുടെ ശ്വാസതാളം ക്രമമായി മുറിയിൽ മുഴങ്ങി.
ഹാളിലെ ദിവാനിൽ
ചന്ദ്രേട്ടൻ—മരിച്ചുപോയ ഒരു ബന്ധത്തിൻ്റെ അടയാളം പോലെ.
അവൾ ജനാല തുറന്നു.
മഴയില്ല…….കാറ്റില്ല……
ആകാശം അഗാധമായ ഒരു ഇരുണ്ട ഗർത്തം പോലെ…
ഒന്നുറക്കെ കരയാൻ തോന്നുന്നു.
പക്ഷേ …….
ചില വേദനകൾക്ക് കണ്ണീരിനെക്കാൾ
ആഴമുണ്ടെന്ന് അവൾക്ക് മനസ്സിലായി.
രാത്രി മുഴുവൻ മൊബൈൽ സ്ക്രീനിലേക്ക് കണ്ണു നട്ട് അവൾ കിടന്നു. ഒരു മറുപടി സന്ദേശം അതിൽ വന്നേക്കുമെന്നവൾ സത്യമായും പ്രതീക്ഷിച്ചു. തൻ്റെ അവസ്ഥ മനസ്സിലാക്കി ആശ്വസിപ്പിക്കാൻ ഒരു വാക്ക് .
അടുത്ത ദിവസം അവളെഴുന്നേറ്റു.
ചായയുണ്ടാക്കി. കുട്ടികളെ വിളിച്ചുണർത്തി.
ഉച്ചഭക്ഷണം പൊതിഞ്ഞു.
എല്ലാം
പഴയപോലെ….
പതിവുപോലെ….
ചന്ദ്രേട്ടൻ ചായ കുടിച്ചു.
പത്രം വായിച്ചു.
അയാൾ എന്തോ പറഞ്ഞതുപോലെ അവൾക്കു തോന്നി.
തിരിഞ്ഞ് നോക്കിയപ്പോൾ
അയാൾ മുഖം തിരിച്ചു.
മൂന്നാം ദിവസം ഒരു സുഹൃത്തിന്റെ സ്റ്റാറ്റസിൽ അവൾ കണ്ടു.
ഗൗതമിന്റെ ചിത്രം. ഒരു പെൺകുട്ടിയോടൊപ്പം.
ക്യാപ്ഷൻ—
“Finally found my peace.”
അവൾ ഫോൺ താഴെ വെച്ചു.
ആ രാത്രി കുട്ടികൾ ഉറങ്ങിയ ശേഷം
അവളെഴുന്നേറ്റു. മനസ്സ് ശൂന്യമായിരിക്കുന്നു.
അലമാര തുറന്ന് അടുക്കി വച്ചിരിക്കുന്ന തുണികൾക്കിടയിൽ നിന്ന് ഒരു പഴയ സാരി കൈയിലെടുത്തു.
തനിക്ക് ഏറെ ഇഷ്ടമുള്ള നിറം ……
പച്ച !
പ്രതീക്ഷയുടെ നിറം….
അവളത് നിവർത്തി നോക്കി.
അടുത്ത മുറിയിൽ നിന്ന് ചെറിയ മോളുടെ
പൊട്ടിച്ചിരി…..
അവളൊന്നു ഞെട്ടി. പിന്നെ സാരി
മെല്ലെ മടക്കി തിരിച്ച് വെച്ചു.
അവൾക്ക് മരിക്കണമെന്നില്ലായിരുന്നു.
അവൾക്ക് വേണ്ടത്
ജീവിക്കാതിരിക്കലായിരുന്നു. സ്വപ്നങ്ങളും പ്രതീക്ഷകളും മരിച്ച…….
ജനാലയടച്ചു തിരശീല നീക്കിയിട്ടു .
ലൈറ്റ് കെടുത്തി. മുറിയിൽ ഇരുട്ട് നിറഞ്ഞു.
ആ ഇരുട്ടിലേക്ക് തുറന്ന കണ്ണുകളുമായി
അവൾ കിടന്നു.
ചന്ദ്രേട്ടൻ ദിവാനിൽ നിശ്ചലമായി ഉറങ്ങി.
കുട്ടികൾ സ്വപ്നങ്ങളിൽ ചിരിച്ചു.
വീട് നിശ്ശബ്ദമായി ശ്വാസമെടുത്തു.
പിറ്റേന്ന് രാവിലെ അവൾ എഴുന്നേറ്റു.
കാരണം—
അവൾക്ക്
മരിക്കാൻ പോലും
അനുവാദമില്ലായിരുന്നു.

