രചന : എൻജി മോഹനൻ കാഞ്ചിയാർ✍
ഒരിക്കൽ ഞാനുണരില്ല
മറ്റൊരിക്കൽ ,നീയും ഉണരില്ല
തടുത്തു കൂട്ടിയതൊക്കെയീ
മണ്ണിൽ ലയിച്ചു ചേരും സത്യം .
നല്ലൊരു നാളെയുടുന്നതി തേടി
കർമ്മം ചെയ്യുക നമ്മൾ,
നൻമകൾ തിങ്ങും ചെപ്പിനുള്ളിൽ
മേൻമ നിറയ്ക്കുക നമ്മൾ .
പ്രകൃതിയ്ക്കുടയോർ നമ്മളതാണെ
ന്നൊരിക്കലും കരുതേണ്ട ,
പലരും വന്നു തിരിച്ച തുരുത്തിൽ
ഒരു നാൾ നമ്മളുമെത്തി…
കഴുകിയെടുത്തപ്പഴന്തുണികൊണ്ട്
തോർത്തിയെടുപ്പവതാരോ?
കഴുകിക്കാലുകൾ കെട്ടി അയപ്പത്
ഉലകിൽ വേറെയാരോ?
കൊല്ലും, കൊല വിളിയായി നടന്ന്
കോടികൾ കൊയ്യും കാലം
ഓർക്കുന്നില്ല,വരും കാലത്തിൽ
ഭീകരമാകും സമയം?
അങ്ങോട്ടിത്തിരി ശ്വാസം പോയി
തിരികെവലിക്കാനില്ല,
കണ്ണു മിഴിച്ചു കിടക്കുമ്പോഴും
കൈകൾ തലക്കീൽ തന്നെ.
കെട്ടുകണക്കിനു കാശിൻമുകളിൽ
പട്ടു പുതച്ചു കിടത്തി
കെട്ടിയെടുത്തൂ ആറടി മണ്ണിൽ
പ്പെട്ടു പൊടിഞ്ഞൂ ദേഹി
ജീവിക്കുമ്പോൾ ശ്രീമാൻ ,
ചത്തു കഴിഞ്ഞാൽ ബോഡി
കത്തിത്തീർന്നാലെല്ലാം ചാരം
ആരിതു കാൺമു ജഗത്തിൽ.

