രചന : രാ ഗേ ഷ് ✍
രാവിലെ കണ്ണ് തുറന്നപ്പോൾ
പുതിയ യുദ്ധങ്ങൾ ഒന്നുമില്ലെന്നോർത്ത പുരുഷു
നിരാശയോടെ തിരിഞ്ഞു കിടക്കുന്നു,
അപ്പോഴും വലം കൈ
കട്ടിലിന്റെ ചുവട്ടിൽ
ശബ്ദവും വെളിച്ചവും പുറപ്പെടുവിക്കാത്ത
മെറ്റൽ ഡീറ്റെക്ടറായി
എപ്പോൾ വേണമെങ്കിലും
പൊട്ടിത്തെറിച്ചേക്കാവുന്ന മൈനുകളെ
ഉറക്കമില്ലാതെ പരതുന്നു.
അടുക്കളയിൽനിന്നുയരുന്ന കഞ്ഞിമണം
റേഷൻ കടയുടെ ഓർമ്മകൾ ഉണർത്തുമ്പോൾ
അയാളിലെ അതിർത്തി സംരക്ഷകൻ
തീർത്തും ജാഗരൂഗൻ…
വേലിക്കെട്ടുകളിലെ ഓരോ മരക്കുറ്റിയെയും
പടർപ്പുകളിലെ ഇലകളെയും
പലവർണപ്പൂക്കളെയും സസൂക്ഷ്മം
പരിശോധനാ വിധേയമാക്കുന്നു,
തലേ രാത്രിയിൽ അതിർത്തി കടന്നെത്തിയേക്കാവുന്ന
കാലടികൾക്കായി പഞ്ചാര മണലിൽ
അയാൾ കണ്ണുകൾ നട്ടു വയ്ക്കുന്നു.
രാത്രിയിൽ ഓൾഡ് മങ്കിന്റെ വീര്യത്തിൽ
തെളിഞ്ഞ നീല വാനത്തെ
APL റേഷൻ കാർഡ് എന്ന പോലെ,
കണ്ണു മിഴിക്കുന്ന അസംഖ്യം നക്ഷത്രങ്ങളെ
കൈപ്പറ്റാൻ ആളില്ലാതെ കെട്ടിക്കിടക്കുന്ന
പഞ്ചസാരത്തരികളെന്ന പോലെ,
മാനത്തെ അമ്പിളിയെ
താനുറങ്ങുന്നത് കണ്ണിൽ ഈർക്കിലും കുത്തി കാത്തിരിക്കുന്ന
പിള്ളേച്ചനെന്ന പോലെ
കാണുന്നു.
അയാൾ പല്ല് കടിക്കുന്നു,
അയാൾ മീശ പിരിക്കുന്നു.
ഓരോ പൂവിലും മണ്ണെണ്ണ മണക്കുന്നു!
തനിക്കു ചുറ്റിലെ ലോകം,
തുറന്നിരിക്കുന്ന ഒരു വമ്പൻ റേഷൻ കട തന്നെ;
ചില രാത്രികളിൽ
റേഷൻ കടയില്ലാത്ത ഒരു യൂണിവേഴ്സിലെ
സമാധാനമായി ഉറങ്ങുന്ന തന്നെ
സ്വപ്നത്തിൽ കണ്ടയാൾ പുഞ്ചിരിക്കുന്നു.
പല രാത്രി സ്വപ്നങ്ങളിലും
റേഷൻ കട എന്ന
ശത്രു രാജ്യത്തിലെ
തീവ്രവാദിയായ പിള്ളേച്ചൻ
തന്റെ ബങ്കറിനു ചുറ്റും മണ്ണെണ്ണ ഒഴിക്കുന്നത്
കണ്ടയാളുടെ മീശ ഞെട്ടി വിറയ്ക്കുന്നു..

