രചന : ചന്ദ്രിക രാമൻ.🌷പാത്രമംഗലം✍
കാനനം നിറയുമാ സുമഗന്ധം
കാറ്റതിൽ കലരുമാ മലർഗന്ധം
കണ്ടിടാതെയറിയുന്നതു പോലെ,
കൂട്ടുകാരിയിവൾ നിന്നെയറിഞ്ഞു!
പൂവതിൽ നിറയും തൂമകരന്ദം
നോവതിൽ നിറയും നിൻ സുഖമന്ത്രം
വേവുമെൻ,മനസ്സിലിന്നുമുണർന്നാ ,
മോഹതംബുരുവിൻ നാദം!
സോമബിംബമരുളുന്ന വെളിച്ചം
സീമയൊന്നുമരുളാത്ത തെളിച്ചം
വ്യോമദീപരവിയേകിടുംപുലരി –
ശോഭയായ് തഴുകും നിന്നനുരാഗം !
ദൂരെയാണു തവ മാനസമെന്നാൽ,
ചാരെ നിന്നുതുടിപ്പതു കേൾപ്പൂ
സൂര്യദേവകരലാളനമേൽക്കും
സൂര്യകാന്തി മലരെന്നതുപോലേ !
മോഹപാശമതു കൊണ്ടു മുറുക്കി
സ്നേഹമോടെ കനവേറി മയക്കി
ദാഹമായ്,പ്രണയമെന്നിലുണർത്തി,
ദേഹ,ദേഹി സുമവല്ലരിയാക്കി !
ശ്യാമവാനമണിയും മഴവില്ലായ്,
തൂമരന്ദമധുരക്കനവൊന്നായ്,
കാമദേവനനുകമ്പയതോടെ
താമസിച്ചു മമ മാനസേ, നീയായ് !
❤️❤️❤️❤️
