രചന : നജീബ് മൂടാടി✍️
മുതലാളിമാർക്ക് വേണ്ടി ചെറിയൊരു കാട്ടിൽ പെൺകുട്ടികളെ നഗ്നരാക്കി നിർത്തി, അവരെ വേട്ടക്കാരെപ്പോലെ ഓടിച്ചിട്ടു പിടിച്ചു കീഴ്‌പ്പെടുത്തി ഭോഗിക്കുന്ന വലിയവരുടെ നേരംപോക്കുകളെ കുറിച്ച് ‘ഒരു തെരുവിന്റെ കഥ’ എന്ന നോവലിൽ എസ്. കെ പൊറ്റക്കാട് എഴുതിയത് 1960 ലാണ്.
അക്കാലത്തെ കോഴിക്കോട്ടെ മുതലാളിമാരിൽ ഇങ്ങനെയുള്ള വിനോദങ്ങൾ ഉണ്ടായിരുന്നത് കൊണ്ടോ, അതോ ലോകസഞ്ചാരിയായ അദ്ദേഹത്തിന്റെ യാത്രകളിൽ എവിടെയോ കണ്ടതോ കേട്ടതോ തന്റെ നോവലിൽ ചേർത്തു വെച്ചതാണോ എന്നറിയില്ല. ചെറുപ്പത്തിൽ ആ നോവൽ വായിച്ചപ്പോൾ ഇതൊക്കെ അവിശ്വസനീയമായി തോന്നിയിരുന്നു.
ഏതായാലും ഭരണാധികാരികളുടെയും അതിസമ്പന്നരുടെയും സ്വാധീനമുള്ള വലിയ ആളുകളുടെയും ആനന്ദങ്ങൾക്ക് പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ള
പെൺശരീരങ്ങളെ എങ്ങനെയും ഉപയോഗിക്കുന്നതിന്റെ നടുക്കുന്ന വാർത്തകളാണ് ജെഫ്രി എപ്സ്റ്റീൻ രേഖകളിലൂടെ നാം ഇപ്പോൾ നിസ്സംഗരായി കേട്ടു കൊണ്ടിരിക്കുന്നത്.
അധികാരത്തിന്റെ ബലത്തിൽ കുഞ്ഞുമക്കളെ കടത്തി കൊണ്ടു വന്ന് ദ്വീപിൽ താമസിപ്പിച്ച് രാഷ്ട്രത്തലവന്മാർക്ക് കാഴ്ച്ചവെച്ച കഥകൾ. കുഞ്ഞുങ്ങളെ കൊന്ന് മാംസം സൽക്കരിച്ച കഥകൾ. ഇതൊക്കെ ആസ്വദിച്ച ലോകനേതാക്കളെന്നും ശാസ്ത്രജ്ഞരെന്നുമൊക്കെ വാഴ്ത്തപ്പെടുന്ന പലരും
മനുഷ്യൻ എന്ന് പറയാൻ പോലും പറ്റാത്ത അത്രയേറെ നികൃഷ്ടജീവികളാണ് എന്നതിന്റെ നടുക്കം.
ലോകക്രമത്തെ എങ്ങനെയൊക്കെയാണ് അട്ടിമറിക്കപ്പെടുന്നത് എന്ന്, നന്മയെ ഹൈജാക്ക് ചെയ്യുന്ന തിന്മയെ പറ്റി, ലോകം സാംസ്കാരികമായി ഏറെ ഉയർന്നുവെന്നും വൻ പുരോഗതി നേടിയെന്നും സ്ത്രീകളോടുള്ള സമീപനത്തിൽ വലിയ മാറ്റങ്ങളുണ്ടായി എന്നുമുള്ള നമ്മുടെ ധാരണകളൊക്കെ മിഥ്യയാണെന്ന്…..
പണത്തിനും അധികാരത്തിനും കാര്യസാധ്യങ്ങൾക്കും വേണ്ടിയുള്ള ഉപകരണങ്ങളായി പിഞ്ചു മക്കളെ പോലും ഉപയോഗിക്കുന്നതിലേക്ക് അധഃപതിച്ചു പോയ മനുഷ്യവർഗ്ഗം എന്ത് പുരോഗമനത്തെ കുറിച്ചാണ് പറയുന്നത്!.
ലോകമെങ്ങനെ ഇങ്ങനെയൊക്കെ ആയിപ്പോയി എന്ന് നാം അമ്പരക്കുമ്പോഴും നമ്മുടെ നാട്ടിൽ, ചുറ്റുവട്ടങ്ങളിൽ ഇതൊക്കെ നടക്കുന്നു എന്ന് നാം മറന്നു പോവുകയാണ്. അതല്ലെങ്കിൽ വലിയ വാർത്തകളാവാതെ പോവുകയാണ്.
കഴിഞ്ഞ അഞ്ചു വർഷത്തോളമായി operation p hunt എന്ന പേരിൽ കേരളത്തിൽ സംസ്ഥാന പൊലീസ്, കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. പലരും പിടിക്കപ്പെടുന്നുണ്ട്.
ഇതിനായുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ. അതിൽ അംഗങ്ങളായ വിദ്യാസമ്പന്നരായ ആളുകൾ. സ്വന്തം മക്കളുടെ ചിത്രങ്ങൾ പോലും ഇത്തരം ഗ്രൂപ്പുകളിൽ പങ്കുവെക്കുന്നവർ.!!!!. ഇതൊക്കെ ഏതാനും നാളുകൾ മാത്രം നിൽക്കുന്ന അപ്രധാന വാർത്തകളായി നമ്മുടെ മുന്നിൽ നിന്ന് മാഞ്ഞു പോയതാണ്. ഇങ്ങനെ പിടിക്കപ്പെട്ടവർ ശിക്ഷിക്കപ്പെട്ടോ, ഇതിന്റെ പിന്നിൽ ഉള്ളവർ വീണ്ടും തുടരുന്നോ എന്നൊന്നും അറിയാറില്ല.
ഇതിനും പുറമെയാണ് സ്വന്തം അമ്മയുടെയും സഹോദരിയുടെയുമൊക്കെ സ്വകാര്യദൃശ്യങ്ങൾ പകർത്തി ഇത്തരം ലോബിയിലേക്ക് എത്തിക്കുന്ന കുട്ടികൾ പോലും ഉണ്ടെന്ന വാർത്ത. അതുപോലെ ഭാര്യമാരെ പരസ്പരം വെച്ചു മാറുന്നവരുടെ കൂട്ടായ്മകൾ!!!.
നാം ഊഹിക്കുന്നതിലും ഭീകരമായ കാര്യങ്ങളാണ് നമുക്ക് ചുറ്റും നടക്കുന്നത്. പുറത്തിറങ്ങുന്ന സ്ത്രീകൾ മാത്രമല്ല, വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടികൾ പോലും സുരക്ഷിതരല്ലാത്ത കാലവും ചുറ്റുപാടും ലോകവുമാണ്.
നമ്മുടെ കുഞ്ഞുങ്ങളാണ്. എട്ടും പൊട്ടും തിരിയാത്ത പ്രായം മുതൽ വളർന്നു വരും തോറും തങ്ങളുടെ ശരീരം ഒരു ബാധ്യതയാണെന്ന അപകർഷതയോടെ, ആർക്കും കയ്യേറാവുന്ന അവഹേളിക്കാവുന്ന ഒന്നാണ് തങ്ങളെന്ന നീറ്റലോടെ ജീവിക്കേണ്ടി വരുന്നത് നമ്മെ പോലുള്ള മനുഷ്യരാണ്. നമ്മുടെ മക്കളടക്കമുള്ള പെൺകുട്ടികളാണ്.
രാഷ്ട്രീയ സംഘടനാ താൽപര്യങ്ങൾ കാരണമോ, ഏതോ സ്ത്രീകളോടുള്ള വൈരാഗ്യമോ മുൻനിർത്തിയോ ലൈംഗികാതിക്രമങ്ങളെ നോർമ്മലൈസ് ചെയ്തോ ന്യായീകരിച്ചോ സംസാരിക്കുന്നവരും പരോക്ഷമായി ഇതിനൊക്കെ കൂട്ടു നിൽക്കുകയാണ് എന്ന് ഓർക്കാറില്ല.
ഒരു കുറ്റബോധവും ഇല്ലാതെ ഏത് തിന്മയും ചെയ്യാൻ ഉത്തേജനം നൽകുന്ന മദ്യവും മയക്കുമരുന്നും സാധാരണമാവുന്നതും, ഏത് തിന്മയും ന്യായീകരിക്കാനും നോർമ്മലൈസ് ചെയ്യാനും ഉതകുന്ന രീതിയിൽ സോഷ്യൽ മീഡിയ മുതൽ സാഹിത്യവും സിനിമയുമൊക്കെ മാറുകയും ചെയ്യുമ്പോൾ ഇത്തിരിയെങ്കിലും ചിന്തയും ബോധവും ഉള്ള മനുഷ്യർ കൂടുതൽ ജാഗ്രത കാണിക്കേണ്ടതുണ്ട്.
വലിയ കുറ്റവാളികൾ ലോകം നിയന്ത്രിക്കുന്ന നിർണ്ണായക ശക്തികളാവുമ്പോൾ നല്ല ഭയവും ജാഗ്രതയും വേണ്ടതുണ്ട്.
വെറും വർത്തകളായും അതേ ചൊല്ലിയുള്ള ചേരിതിരിഞ്ഞുള്ള തർക്കങ്ങളായും നാം ഇതും മറക്കും.
നാം ഗൗരവപൂർവ്വം ചിന്തിക്കുന്നുണ്ടോ.
നൂറു കണക്കിന് ജെഫ്രി എപ്സ്റ്റീൻമാരും അവരുടെ വിരുന്ന് സ്വീകരിക്കുന്ന ഉന്നതന്മാരും നമ്മുടെ സമൂഹത്തിലും നമുക്ക് ചുറ്റും ഉണ്ടെന്ന്.
സമ്പന്നതയിലേക്കും ആർഭാടത്തിലേക്കും സുഖലോലുപതയിലേക്കുമുള്ള എളുപ്പവഴിയായി എത്രയോ പാവം പെൺകുഞ്ഞുങ്ങളുടെ ജീവനും ജീവിതവുമാണ് ഇല്ലാതാവുന്നതെന്ന്. എത്രയോ മാതാപിതാക്കൾ കുടുംബങ്ങൾ……
തകർന്നുപോയ എത്ര മനുഷ്യർ.

