പൊന്നപ്പനപ്പോൾ
‘ഭാരതമെന്നാൽ പാരിൻ നടുവിൽ ‘
എന്ന ഗാനം മന്ത്രിച്ചിരിക്കുന്ന
ആ ഭക്തനോട് ഇപ്രകാരം പറഞ്ഞു:
സോദരാ,
ഉദാഹരണത്തിന് ക്ലോസെറ്റുകൾ
ഒന്നു താരതമ്യം ചെയ്യൂ…
യൂറോപ്യൻ ക്ലോസെറ്റിന്റെ സങ്കൽപ്പനത്തിൽ
വിനോദം
വിചാരം
വിശ്രമം
സൗന്ദര്യ ശാസ്ത്രം
അവശ പരിഗണന എല്ലാമുണ്ട്.
പോളിയോ ബാധിച്ചവളെ
മുൻകൂറായി സങ്കൽപ്പിക്കുന്ന
ഒരു രാഷ്ട്രീയശിൽപ്പസംവിധാനമാണത്
മനുഷ്യർക്ക് രോഗമുണ്ട്,
വാർദ്ധക്യകാലമുണ്ട് ,
അംഗപരിമിതിയുണ്ട്,
എന്ന തത്വചിന്തയും
മുൻഗണനയും
യൂറോപ്യൻ ക്ലോസെറ്റിലുണ്ട്.
മഹത്തായ ഗ്രന്ഥങ്ങൾ പലതും
വായിക്കപ്പെട്ടത്,
ലോകത്തെ മാറ്റിത്തീർത്ത
ചിന്തകൾ മിക്കതും രൂപപ്പെട്ടത്
യൂറോപ്യൻ കക്കൂസിന്റെ
ഇരിപ്പു സൗഹൃദ
വാസ്തു ഭാവനയുടെ മുകളിലാണ് .
പോളി വർഗ്ഗീസിനു വേണമെങ്കിൽ
അതിൻമേലിരുന്നു
മോഹനവീണയിൽ
അതിമോഹനമായ രാഗം വായിക്കാം.
ഒരുമയുണ്ടെങ്കിൽ
കാമുകർക്ക് അഭിമുഖമിരുന്ന്
ചുംബിച്ചു കൊണ്ട്
സംയുക്തമായി
വിരേചന മഹോത്സവം നടത്താം.
അതിന്റെ രൂപം നോക്കൂ.
ഹിമപർവ്വതത്തിൽ
മുളച്ചു വന്ന ലഹരിദായകമായ
വിശിഷ്ടമായ കൂണിന്റ,
ഗർഭപാത്രത്തിന്റെ
സാമ്യതയിൽ
അതു സൃഷ്ടിച്ച ശിൽപ്പി
വിസ്മയ പ്രതിഭയാണ് !
കാര്യമാത്ര പ്രസക്തനും
കയ്യൂക്കുള്ളവനുമായ ഒരുത്തനെ മാത്രം
ഭാവന ചെയ്യുന്ന നിങ്ങളുടെ
കുത്തിയിരിപ്പു കക്കൂസോ?
തീറ്റ തീറ്റക്കു വേണ്ടി മാത്രമായി
വിഭാവനം ചെയ്യുന്ന
പ്രയോജനവാദമാത്ര-
ലോകവീക്ഷണത്തിൽനിന്ന്
സംസ്കാരമുണ്ടാകില്ല.
ഇംപീരിയൽ നോട്ടം,
കൊളോണിയൽ വിധേയ അബോധം,
എന്നൊന്നും പറഞ്ഞ് വിരട്ടല്ലേ.
കാൽ മുട്ടുവേദന വന്നശേഷം
നീ നിന്റെ സനാതന
കുത്തിയിരിപ്പുകുഴി കക്കൂസു പൊളിച്ചു
യുറോപ്യൻ സ്ഥാപിച്ചില്ലേ
ഭാരതീയ അതി വിചാരക്കാരാ?
(രണ്ടടി പിന്നോട്ട് )

അനുമിതി ധ്വനി

By ivayana

Leave a Reply

Your email address will not be published. Required fields are marked *