സ്നേഹം നിറഞ്ഞ …………….. അറിയുവാൻ

ഇങ്ങനെ ഒരു കത്ത് തീരെ പ്രതീക്ഷിച്ചു കാണില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ഇന്നാണ് എഴുതുവാനുള്ള ഒരു മനസ്സാന്നിധ്യം ലഭിച്ചത്. ഇതിൽ എഴുതുന്ന കാര്യങ്ങൾ ഗൗരവമായിട്ടെടുക്കണം എന്നാണ് ആമുഖമായി പറയുവാനുള്ളത് .

ഓഫീസിലെ എത്രയെത്ര ചെറിയ കാര്യങ്ങളാണ് ഞാൻ വീട്ടിൽ വന്നു പറയാറുള്ളത്. ആലോചിച്ചിട്ടുണ്ടോ ? അവ തീരെ ചെറിയവയെങ്കിലും എന്നെ എത്രക്ക് സ്വാധീനിക്കുന്നു എന്ന് മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ ? ഉണ്ടാവണം. കേവലം ഒരു ഫോൺ കാൾ മൂലം എത്രയോ തവണ വികാരാധീനനായി ഇരിക്കുന്നതു പലപ്പോഴും കണ്ടു കാണും. മറ്റുള്ളവർക്ക്‌ ചെറുതെന്നു തോന്നുന്ന പലതും എനിക്കു ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. അതു കൊണ്ടു തന്നെയാണ് എത്ര ചെറിയ കാര്യമെങ്കിൽ പോലും അതെല്ലാം വിശദമായും വേണമെങ്കിൽ സ്വയം കുറ്റപ്പെടുത്തിയും തന്നോടു പറയാറുള്ളത്. അതൊരാശ്വാസവും കൂടിയാണ്.

പലപ്പോഴും ഓഫീസിലേക്ക്‌ വരുവാൻ മടിയായിരുന്നു. പ്രത്യേകിച്ചും തിങ്കളാഴ്ചകളിൽ . ശനിയും ഞായറും തീർക്കുന്ന ഗൃഹത്തിലെ സ്വസ്ഥത തിങ്കളാഴ്ചകൾ കവർന്നെടുക്കുന്നു എന്ന് തോന്നിയിരുന്നു. ആ സ്വസ്ഥതയിലേക്ക് കൂടെ കൂടെയുള്ള തിരിച്ചു പോക്കായിരുന്നു ഇടക്കിടെ വീട്ടിലേക്കുള്ള ഫോൺ ചെയ്യൽ. ഒന്നു ഫോണിലൂടെ തന്നോട് ഒരു വഴക്കെങ്കിലും പിടിച്ചാൽ അത്രയും ആശ്വാസമായി.

എന്നാൽ കാലം മാറിയിരിക്കുന്നു. ഇന്ന് ഓഫീസിനെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. പ്രവൃത്തി ദിവസങ്ങളിൽ അല്ലെങ്കിൽ പോലും ഈ കസേരയിൽ വന്നിരുന്ന് ഒരു തരം വന്യമായ ഏകാന്തത നുകരുവാൻ ഞാനും ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. കുറെയേറെ നുറുങ്ങു ചിന്തകളിലും വിഷാദങ്ങളിലും ലയിച്ച് ഈ ഫാനിനു താഴെ ഇരിക്കുമ്പോൾ കണ്ണു തൂങ്ങുന്നു ഉറക്കം വന്നു മുട്ടി വിളിക്കുന്നു. എന്തോ ഇപ്പോൾ ഇതാണ് എന്റെ സ്വസ്ഥത… ശാന്തത .

പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയം കഴിഞ്ഞാലും വീട്ടിലേക്കു പോകാൻ ഒരു തരം മടി. ഓഫീസിലിപ്പോൾ മുമ്പത്തെ പോലെ തർക്കങ്ങളോ വഴക്കോ ഉണ്ടാവാറില്ല. ഇപ്പോൾ അതൊക്കെ അവിടുന്ന് സ്ഥലം മാറ്റം കിട്ടി വീട്ടി ലെത്തിയിരിക്കുന്നു.ചട്ടിയും കലവുമല്ലേ തട്ടിയും മുട്ടിയുമിരിക്കും. എങ്കിലും എപ്പോഴും ഈ മുട്ടലും തട്ടലുമായാൽ അതിന്റെ നിലനില്പുതന്നെ അവതാളത്തിലല്ലേ? തുറന്നു പറയട്ടേ ഇതിത്തിരി കൂടുതലാണ്. കുറ്റപ്പെടുത്തുകയല്ല. കുറ്റം ഒരാളുടേത്‌ മാത്രമല്ലല്ലോ. ബോധപൂർവമായ ശ്രമങ്ങൾ കൊണ്ട് മാറ്റാവുന്നവ മാത്രമാണ്.

ഇനി എന്റെ കാര്യം പറയാം. മേൽ പറഞ്ഞതു പോലെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ പോലും മുറിവുണ്ടാക്കുന്നു. മുറിവിൽ നിന്നും മുറിവേൽപ്പിക്കാനുള്ള പ്രവണത ഉടലെടുക്കുന്നു . അകലം വർദ്ധിക്കുന്നതു കൊണ്ടുള്ള ദൂഷ്യ ഫലമാണ് . മുമ്പൊക്കെ ഒന്നോ രണ്ടോ ദിവസങ്ങളിൽ തീർന്നിരുന്ന മിണ്ടാതിരിക്കൽ ഇപ്പോൾ ആഴ്ചകളിലേക്കു നീളുന്നു. ഇനി മാസങ്ങളാവാം. ചിലപ്പോൾ തോന്നും എന്റെ ദുർവാശിയാണ് ഇതിനൊക്കെ കാരണമെന്ന് . അപ്പോഴാണ് എത്ര വലിയ അകലത്തിലായാലും അടുപ്പം കാണിക്കുന്നതും വഴക്കു തീരുന്നതും. പക്ഷേ ഇതെപ്പോഴും ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നു മാത്രമല്ല: അങ്ങനെ ഉണ്ടാകാതിരിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.

പരസ്പരം കടിച്ചുകീറുന്ന ഒരു മനസ്സ് എങ്ങിനെയോ നമ്മുടെയുളളിൽ കുടിയേറിയിരിക്കുന്നു. രണ്ടു പേരുടേയും നിലപാടുകൾ പൂർണമായും ശരീയല്ലെന്ന് രണ്ടു പേർക്കും അറിയാമെങ്കിലും അല്പം പോലും വിട്ടു വീഴ്ച ചെയ്യാൻ ആരും തയ്യാറാവുന്നില്ല.

നോക്ക്, എനിക്ക് പറയുവാനും ഉപദേശമാ രായാനും നിലവിൽ വേറെ ആരുമില്ല. മാത്രമല്ല മറ്റുള്ളവരിൽ നിന്ന് ഇവ സ്വീകരിക്കുവാനുള്ള മനസ്സുമില്ല. മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെട്ടപ്പോഴാണ് എല്ലാം ഇട്ടെറിഞ്ഞ് നമ്മൾ ഈ വെള്ളം പോലുമില്ലാത്ത കിളിക്കൂടൂ പോലുള്ള വീട്ടിൽ താമസമാക്കിയത്. ഇങ്ങനെ വഴക്കടിച്ചും കടിച്ചു കീറി യും കഴിയുവാനാണെങ്കിൽ ആ ഇങ്ങിപ്പുറപ്പെടലിന്റെ ആവശ്യമുണ്ടായിരുന്നില്ല.

നമ്മളെ പൂർണമായി മനസ്സിലാക്കാനോ നമ്മുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുവാനോ പറ്റിയ ഒരു വ്യക്തിയോ ബന്ധുവോ ഏതെങ്കിലും വേദിയോ ഇല്ലെന്നു തന്നെയാണ് ഞാൻ കരുതുന്നത്. അതായത് നമുക്ക് നമ്മൾ മാത്രമേ ഉള്ളൂ . ഞാൻ ഈ പറയുന്നതൊക്കെ ശരിയെന്നു തോന്നുന്നുവെങ്കിൽ ഈ കത്തിന് വേണ്ട രീതിയിൽ പ്രതികരിക്കുക.
ഇത്രയും പറഞ്ഞതിൽ പെടാത്തതും പെടുത്താൻ പറ്റാത്തതുമായ വല്ലതുമുണ്ടെങ്കിലും പറയാവുന്നതും ചർച്ചയിലൂടെ ദൂരീകരിക്കാവുന്നതുമാണ്.
ഒന്നു കൂടി, ഓഫീസിലെ ചെറിയ പ്രശ്നങ്ങൾ പോലും കാര്യമായി ബാധിക്കുന്ന എന്റെ മനസ്സിന് വീട്ടിലെ ഇതു പോലുള്ള കാര്യങ്ങൾ എത്രയേറെ വേദനപ്പെടുത്തുന്നുവെന്ന് ഊഹിക്കാവുന്നതാണ്. താനും പ്രശ്നങ്ങളിൽ നിന്നും ഒഴിവല്ല എന്നും ഞാൻ മനസ്സിലാക്കുന്നു. വീറും വാശിയും കാണിക്കുമെങ്കിലും അസ്വസ്ഥത ആരും ഇഷ്ടപ്പെടുന്നില്ല.പരസ്പരം കുത്തിനോവിക്കുന്നത് നിർത്താം . കുറേ വിട്ടുവീഴ്ചകൾ അന്യോന്യം നൽകി നമുക്കൂ രക്ഷപ്പെടാം. ഈ ചൂടൻ അന്തരീക്ഷം വീട്ടുമുറികളിൽ നിന്നും നമുക്ക് ഒഴിവാക്കാം. പരസ്പരം അറിഞ്ഞ് പെരുമാറാൻ ഇനിയെങ്കിലും ശ്രമിക്കാം. മറ്റെയാളെ പ്രകോപിപ്പിക്കുന്ന സംസാരമോ പെരുമാറ്റ മോ ഉണ്ടാകില്ലെന്ന് രണ്ടു പേർക്കും തീരുമാനിക്കാം.

ഇങ്ങനെയെഴുതുന്നത് ബാലിശമാണ് എന്നു കരുതി തള്ളിക്കളയാതിരിക്കുക. എന്താണ് പറയാനുള്ളതെന്നു വച്ചാൽ എഴുതി തരിക. ഒരു പക്ഷേ പറയുന്നതിനേക്കാളും ഫലം അതിനുണ്ടാവാം.
എന്ന് സ്നേഹപൂർവം ………..


എ എൻ സാബു

By ivayana