കോവിഡ് 19 ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ ജര്‍മന്‍ ഫെഡറല്‍ സര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള 160 ലധികം രാജ്യങ്ങളിലേയ്ക്കുള്ള യാത്ര വിലക്ക് ഓഗസ്ററ് 31 വരെ നീട്ടി. വൈറസിന്റെ വ്യാപനം മതിയായ അളവില്‍ അടങ്ങിയിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന വ്യക്തിഗത രാജ്യങ്ങളില്‍ നിന്ന് ഒഴിവാക്കലുകള്‍ ലഭിച്ചാല്‍ പരിഗണിയ്ക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. അണുബാധ സംഖ്യകളുടെ നിജസ്ഥിതി, ആരോഗ്യ സംവിധാനങ്ങളുടെ മികവ്, പരീക്ഷണ ശേഷി, ശുചിത്വ നിയമങ്ങള്‍, മടക്ക യാത്രാ ഓപ്ഷനുകള്‍, വിനോദസഞ്ചാരികള്‍ക്കുള്ള സുരക്ഷാ നടപടികള്‍ എന്നിവ കണക്കിലെടുത്തുവേണം യാത്രയ്ക്കൊരുങ്ങാനെന്നും മുന്നറിയിപ്പുണ്ട്. മെര്‍ക്കല്‍ മന്ത്രിസഭ ബുധനാഴ്ച ബര്‍ലിനില്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തിരുന്നു.

എന്നാല്‍ ജൂണ്‍ 15 മുതല്‍ 31 യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ജര്‍മന്‍കാര്‍ക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞ ആഴ്ച മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. യാത്രയ്ക്ക് തയ്യാറാകുന്നവര്‍ കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷമെ അത്തരം രാജ്യങ്ങളിലേക്ക് യാത്രതിരിക്കാവൂ എന്നു ജര്‍മന്‍ വിദേശവകുപ്പ് പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോയ ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളല്ലാത്ത അതിര്‍ത്തി രഹിത ഷെങ്കന്‍ പ്രദേശത്തെ നാല് രാജ്യങ്ങളായ എസ്ലാന്റ്, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, ലിച്ചെന്‍സ്റൈ്റന്‍ എന്നീ രാജ്യങ്ങള്‍ ഇതില്‍പ്പെടും. ജര്‍മന്‍കാര്‍ കഴിവതും ഇക്കൊല്ലത്തെ വേനല്‍ക്കാല അവധി ജര്‍മനിയില്‍ തന്നെ ചെലവഴിക്കണമെന്നാണു സര്‍ക്കാര്‍ നിര്‍ദ്ദേശം.

ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിത്തുടങ്ങിയ ശേഷം രണ്ടു തവണയാണ് ജര്‍മന്‍ അറവ്ശാലകളില്‍ നിന്ന് കൂട്ടമായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇത്തരം പ്രദേശങ്ങളില്‍ ഇപ്പോള്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ടോണീസ് മീറ്റ് പ്രോസസിങ് പ്ളാന്റിലെ 7000 തൊഴിലാളികളുടെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ 1500 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.ഈ പ്ളാന്റിലെ എയര്‍ ഫില്‍ട്രേഷന്‍ സംവിധാനത്തില്‍നിന്ന് വൈറസ് അടങ്ങിയ എയ്റോസോള്‍ ഇറ്റുവീണതാണ് കൂട്ടമായ വൈറസ് ബാധയ്ക്കു കാരണമായതെന്നാണ് ബോണ്‍ യൂണിവേഴ്സിറ്റിയിലെ വിദഗ്ധന്‍ പ്രൊഫ മാര്‍ട്ടിന്‍ എക്സ്നറുടെ കണ്ടെത്തല്‍.

By ivayana