രചന : വാസുദേവൻ. കെ വി✍

” സാവരെ തോറെ ബിനാ ജിയെ ജായേനാ “.
കേട്ടിട്ടുണ്ടോ ഈ വരികൾ. ആരുടെ ആലാപനം???
ഇഷ്ടം കൂടുമ്പോൾ അവളങ്ങനെയാണ്… കുസൃതിചോദ്യങ്ങളുമായി അവളെത്തും..20 വയസ്സ് സ്വയം വെട്ടിക്കുറച്ച് ഇരുപതുകാരിയായി അവളെത്തും. ചോദ്യമെറിഞ്ഞവൾ ചോദിക്കും.. ” കഴിയുമെങ്കിൽ ഉത്തരം പറയൂ “
ഉത്തരം വൈകിയാലവളൊരു ചിരിയുണ്ട്., കോൾഗേറ്റ് ചിരി,, ക്ളോസപ്പ് ചിരി. അതിൽ വീണ് പ്രണയലോലുപനാകാതെ വയ്യ അവനപ്പോൾ .,
ആ ചിരിയിലാണ് പണ്ടവനും വഴുതി വീണത്.
വീണുകിടന്ന് ആലസ്യത്താൽ മൂരിനിവർന്നപ്പോൾ പറഞ്ഞൂ അവളോട്., “പെണ്ണേ കൊക്കെത്ര കുളം കണ്ടൂ കുളമെത്ര….”,
ഖവാലി മാസ്മരികത അത്. “ആഹിസ്താ” ആൽബത്തിലെ ഖവാലി. ഉസ്താദ് നുസ്രത്ത് ഫതേഹ് അലി ഖാൻ ആലപിച്ചത്. ഫൂലൻ ദേവിയുടെ ബയോപിക്
—ബന്റിറ്റ് ക്യൂൻ സിനിമയിലും ആ ഖവാലിയുണ്ട്. നൂൽവസ്ത്രമില്ലാതെ കിടക്കുമ്പോൾ ട്യൂബ്ലൈറ്റിട്ടാലെന്ന പോൽ നാണം അവളക്കപ്പോൾ .
പുരുഷവിജയഗർവ്വിൽ അവൻ ആയുധമേന്തി ബോഡി ഷേമിങ് എന്ന വജ്രായുധം. അവളുടെ കാതിൽ മെല്ലെയോതി.
” നീ 40കാരി.കുടവയറിനും ഇടിഞ്ഞ മാറിടത്തിനും കളവ് പറയാനാവില്ല പെണ്ണേ.. നീ പുടവ ചുറ്റൂ.. ഞാൻ മൂളി ലയിക്കട്ടെ ആ ഖവാലിയിൽ ..”
“സാവ്വരേ തോരെ ബിനാ
ജിയെ ജായെ നാ.
ജലോ തേരേ പ്യാർ മേ
കരൂ ഇന്തസാർ പിയാ
കിസി സേ കഹാ ജായെ നാ
സാവ്വരേ തോരെ ബിനാ, ജിയാ ജാനേ നാ..”
—പ്രിയമുള്ളവളേ നീയില്ലാതെ ഞാൻ ജീവിക്കുന്നതെങ്ങനെ?!
നിന്റെ പ്രണയാഗ്നിയിൽ ജ്വലിച്ച് തീരുമ്പോഴും ഞാൻ നിന്നെ കാത്തിരിക്കുന്നൂ..
ആരോടുമത് പറയാനാവാതെ
പ്രിയമുള്ളവളേ നീയില്ലാതെ ഞാൻ ജീവിക്കുന്നതെങ്ങനെ..
ചോദ്യകർത്താവിനെ മലർത്തിയടിച്ചു കൊണ്ട് അവൻ മലയാളഗാനം മൂളി താത്വികരൂപം കൊണ്ടു. “അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി അറപ്പുര വാതിലിൽ ഞാൻ കാത്തിരുന്നു.. ” അവളുടെ കവിളിൽ വിരൽ തുമ്പുകൊണ്ട് ഇക്കിളിയൂട്ടി അവൻ വാചാലനായി.
ബംഗാളിയായ ജാൻ മുഹമ്മദ് സാഹിബ് കേരളത്തിലെ വിവിധ വേദികളിൽ പാടി നമുക്ക് പരിചയപ്പെടുത്തിയതും ഖവാലി. മലബാറിലെത്തിയപ്പോൾ ഗായകൻ ഫാത്തിമയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിലെ മകനാണ് സംഗീതസംവിധായകൻ എം.എസ്. ബാബുരാജ്. ഫാത്തിമയുടെ മരണത്തെ തുടർന്ന് ജാൻ മുഹമ്മദ്‌, തലശ്ശേരിയിലെ റുഖിയ്യയെ വിവാഹം ചെയ്തു. സഞ്ചാര പ്രിയനായിരുന്ന അദ്ദേഹം പിന്നീട് വടക്കേ ഇന്ത്യയിലേക്കു തന്നെ മടങ്ങി, ബീവിയെയും മക്കളെയും മറന്ന്. വിശപ്പകറ്റാൻ തെരുവീഥികളിലും, തീവണ്ടികളിലും പാടി നടന്ന പയ്യന്റെ കഴിവ് തിരിച്ചറിഞ്ഞ ഒരു പോലീസുകാരൻ അവനെ ദത്തടുത്തു. കെ. പി. ഉമ്മർ, തിക്കോടിയൻ, കെ. ടി മുഹമ്മദ്‌ എന്നിവരോടുള്ള സൗഹൃദം കൊണ്ട് നാടക സിനിമാ രംഗങ്ങളിൽ താരോദയം. വിത്തുഗുണം പത്തു ഗുണം.”
അവളവന്റെ മുടിയിൽ തലോടി അവനെ കേട്ടു കിടന്നു.

By ivayana