രചന : അബുകോയ കുട്ടിയാലികണ്ടി ✍
‘ക്ഷമയുടെ നെല്ലിപ്പടിയിലാവും ഒരുപക്ഷേ ഭൂമിയുടെ കോപം നില നിൽക്കുന്നത്.
സഹനത്തിന്റെയും, സ്നേഹത്തിന്റയും മാറിടത്തിൽ കയറി നോവിച്ചും, കലഹിച്ചും, പരിക്കേൽപിച്ചും, ഉന്മാദ നിർത്തമാടുമ്പോഴും ഭൂമിയുടെപ്രതികരണം ക്ഷമയുടെയും സഹനത്തിന്റയും ഭാഷയായ നിശബ്ദതയിലൂടെയാവുന്നതും
ഒരു പക്ഷെ ഭൂമിപകർന്നു നൽകിയ പൊരുത്തം ആകാം പെണ്ണിന് ക്ഷമയും സഹന ശക്തിയും.’
സുബൈദ ബാല്യകാലം മുതലേ തന്നിഷ്ടക്കാരിയായിരുന്നു. കുടുംബത്തിലെ അഞ്ചു ആൺകുട്ടികൾക്കൊരു പെൺതരിയായിരുന്നു സുബൈദ.
കുഞ്ഞു നാളിലെ തർക്കങ്ങളും കുസൃതി ചോദ്യങ്ങളും അവളിൽ കൂടു കെട്ടിയിരുന്നു.
തീൻ മേശയുടെ ചുറ്റിൽ നിന്നുമാണ് കുസൃതികൾ സുബൈദയിൽ പൊട്ടിമുളകുന്നത്.
പ്രഭാതം പൊട്ടി വിരിയുംമ്പോൾ തന്നെ പ്രഭാത ഭക്ഷണം തയ്യാറാക്കി മക്കളെയെല്ലാം വിളിച്ചു വിളമ്പുമായിരുന്നു കദീശുമ്മ.
ആൺ മക്കൾക്കെല്ലാം ഇരിക്കാൻ പലക കൊടുക്കും സുബൈദാനെ അവൾ അറിയാതെ നിലത്തു ഇരുത്തുകയായിരുന്നുപതിവ് .
എല്ലാവരുടെയും പ്ലൈറ്റിൽ കദീഷുമ്മ
പത്തിരി വിളമ്പിയിട്ടു.
‘അതെന്താ ഉമ്മാ അവർക്കെല്ലാം രണ്ട്ചപ്പാത്തി, എനിക്കെന്തേ ഒന്ന്..?
നീ പെൺകുട്ടിയാണ്. എപ്പോഴും ആൺകുട്ടികളുടെ ഒരു പടി താഴെയാണ് നിങ്ങളുടെ സ്ഥാനം.
അന്ന് മുതൽ ഉമ്മയുടെ വാക്ക് സുബൈദയുടെ മനസിൽ കല്ലിൽ കൊത്തി വെച്ചചിത്രം പോലെയായിരുന്നു.
‘എടീ… അനക്കറിയുമോ…? ഉമ്മാന്റെ ചെറുപ്പത്തിൽ
വാപ്പ കാർനോർമാർക് അരിപ്പത്തിരിയും, ആണ്കുട്ടികൾക് പൂളക്കിഴങ്ങും, പെൺകുട്ടികൾക്ക് ഇത്തിരി പൂളയും ബാക്കി പൂളക്കിഴ ങ്ങിന്റെ തൊലി പുഴുങ്ങിയതു മായിരുന്നു.
കദീശുമ്മക്ക് സുബൈദയോടുള്ള സ്നേഹ കുറവ് കൊണ്ടായിരുന്നില്ല ഒരു പത്തിരി വിളമ്പിയത്; മറിച്ചു പെണ്ണിനെ ആണിന്റെ ചിന്തയുടെ ആലയിൽ കെട്ടിയിടാൻ ബാപ്പ കാർണോർമാർ പഠിപ്പിച്ചു വിട്ട പാഠങ്ങളായിരുന്നു.
ആൺകുട്ടികൾ പുറത്തേക്കിറങ്ങി പോയപ്പോൾ അടുക്കള ജോലി മുഴുവനും സുബൈദ ചെയ്‌തു തീർക്കുകയായിരുന്നു.
ഉച്ചസമയമാവുമ്പോഴേക്കും കുട്ടികളെല്ലാം ഒരുമിച്ചായിരുന്നു കയറിവന്നത്.
‘സുബൈദാ…
കുട്ട്യോൾക്ക് ചോറ് വിളമ്പിയാട്ടെ….
‘എന്താ ഞാൻ മക്കളിൽ പെട്ടെതെല്ലേ … സുബൈദയുടെ മനസ് മന്ത്രിച്ചു.’
ഉമ്മാ എന്നെകൊണ്ട് കഴിയില്ല.
തർക്കുത്തരം പറയുന്നോ പെൺപിറന്നോളെ!
അന്റെ പ്രായത്തിൽ ഞാനും കുഞ്ഞിത്തയും അമ്മായിയും കൂടി പത്തറുപതാൾക്ക് ചോറ് വെച്ചുവിളമ്പിയ കൈകളാണിത്.
പിന്നീടുണ്ടായത് ഉമ്മയും മകളുമായുള്ളവാക്ക് തർക്കങ്ങളായിരുന്നു.
‘സുബൈദാ….
ഇജ്ജ് ആരാന്റെ അടുക്കളയിൽ പോവേണ്ട പെണ്ണാണെന്ന് മറക്കണ്ട.
കാല ചക്രം മാറി മറിഞ്ഞു കൊണ്ടേയിരുന്നു.
സുബൈദയുടെയുംആങ്ങള റമീസിന്റെയും വിവാഹ അന്വേഷണം തകൃതിയായി തിരക്കി കൊണ്ടിരിക്കുകയായിരുന്നു.
റമീസ് ഒന്നു രണ്ട് പെണ്ണിനെ കാണാൻ പോയിരുന്നു.,
പക്ഷെ ചിലത് റമീസ്ന് ഇഷ്ട്ടപെടുമെങ്കിലും മറ്റു ചിലത് കൂട്ടുകാർക്കിഷ്ടപെടില്ല.
അതിലൊന്നും കദീശുമ്മക് ഒരു വേവലാതിയും ഇല്ല.
ഓൻ ആണ്കുട്ടിയെല്ലേ…
അതിനിടയിൽ മൊഞ്ചത്തി യായ സുബൈദനെ കാണാൻ വരുന്ന ദിവസമായിരുന്നു . കദീശുമ്മ ആവലാതിയും വേജാറുമായി ഒരുക്കങ്ങൾ നടത്തികൊണ്ടിരിരിക്കുന്നു.
പടച്ചോനെ…അള്ളാന്റെയും നേർച്ചകാരുടെയും ബർകത് കൊണ്ട് ചേറുക്കനെ ഇഷ്ടപെട്ടാൽ മതിയായിരുന്നു.
അയൽക്കാരി കുട്ടീമയോട് പറയുന്നത് സുബൈദ ഇപ്പുറത്തു നിന്നും കേൾക്കുന്നുണ്ടായിരുന്നു.
സുബൈദയുടെ കല്യാണം കദീശുമ്മക് ഒരു പ്രസവ നൊമ്പരം തന്നെയായിരുന്നു.
സുബൈദ അണിഞ്ഞൊരുങ്ങി; ഒപ്പം കൂട്ടുകാരികൾ ഷെറിയും, നിഷയും, നാദിയും മുണ്ടായിരുന്നു.
മണവാളനും കൂടെ രണ്ടാളും കടന്നു വരുന്നത് കദീശുമ്മ വിരി പൊന്തിച്ചു നോക്കുകയായിരുന്നു.
വരവിൽ തന്നെ കൂട്ടുകാരികൾ ഊഹിച്ചിരുന്നു മണവാളനെ.
സുബൈദ ചായ കോപ്പയുമായി കടന്നു പോകുന്നത് കദീശുമ്മയും കൂട്ടുകാരികളും ഒളിഞ്ഞു കാണുകയായിരുന്നു.
ആങ്ങള പരിചയപ്പെടുത്തിയ ആളിന്സുബൈദ ചായക്കപ് കൈമാറുമ്പോൾ സുബൈദയുടെകണ്ണിൽ സങ്കടങ്ങളുടെ കണ്ണു നീർ പ്രളയം രൂപപെടുകയായിരുന്നു.
സുബൈദ തിരിച്ചു വന്നു മുഖംകുത്തി തലയിണയിൽ കമഴ്‌ന്ന്
കിടക്കുകയായിരുന്നു.
കൂട്ടുകാരികളുടെ തലോടലിൽ മുഖമുയർത്തി നോക്കിയപ്പോൾ ചോദ്യങ്ങളും ഉത്തരവും അവരുടെ കണ്ണുകളിലെ കണ്മഷി പോലെ മുഖത്ത് എഴുതി വെച്ചിരുന്നു.
റമീസ് ഉമ്മാനെ സമാദാന പെടുത്തുന്നു. കദീശുമ്മക് സഹിക്കാൻ പറ്റുന്നില്ലായിരുന്നു.
എടീ… നിന്നെ കെട്ടാൻ രാജകുമാരൻ വരണമെന്നാണ് നീ ആഗ്രഹിക്കുന്നത്?
എടീ ഹറാം പെറന്നവളെ….
ഇബ്‌ലീസിന്റെ കോലമുള്ള അന്റെ ബാപ്പ മമ്മിക്ക എന്നെ കാണാൻ വന്നപ്പോൾ ഞമ്മക്ക് ഇത്തിരി വിഷമം ഉണ്ടെങ്കിലും മറുത്തൊരക്ഷരം മിണ്ടിയില്ലായിരുന്നു.
നിന്റെ ഹറാം പിറപ്പെങ്ങാനും അന്ന് പറഞ്ഞെങ്കിൽ ബാപ്പ കാർനോർമാർ കൊത്തി നുറുക്കി കടലിലെറിയുമായിരുന്നു.
‘സുബൈദ കരഞ്ഞു കലങ്ങിയ കണ്ണുമായി ഉമ്മയെ നോക്കി ‘
ഉമ്മാ….
ഇങ്ങള് ബിരുന്നുകാർക്ക് നെയ്‌ച്ചോർ വിളമ്പുമ്പോൾ കൂട്ടാൻ മീൻ ചാർ വിളമ്പുമോ..?
ചേരും പടി ചേർക്കേണ്ടതും സമയനേരം വെച്ചു വിളമ്പലും രക്ഷിതാക്കളുടെ കടമയാണ്.
അത് നിങ്ങൾ മറക്കരുത്.
‘ഉമ്മാ നിങ്ങളൊക്കെയാണ് പെണ്ണിന്റെ ആഗ്രഹത്തിന്റെയും അവകാശത്തിന്റെയും കോട്ടകൾ തച്ചുടക്കാൻ കൂട്ട് നിൽകുന്നത്.
ഔദാര്യ മെന്നോണം ആണുങ്ങൾ നൽകുന്ന ഭക്ഷണം പെണ്ണിന്റെ അവകാശമാണെന്ന്
ഉമ്മാനെ പോലുള്ള
പെണ്ണുങ്ങൾ തിരിച്ചറിയുന്നില്ല..?
നിങ്ങളുടെ അടിമപെടലാണ് പെണ്ണിനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്താൻ സഹായിക്കുന്നത്.
എങ്ങനെ കൂട്ടിയും കിഴിച്ചു നോക്കിയാലും ആണ്: പെണ്ണിന് കടപ്പെട്ടിരിക്കുന്നു.
റമീസ് എത്ര പെണ്ണിനെ കാണാൻ പോയി ഇഷ്ടപ്പെടാതെ തിരിച്ചു വന്നു.
അപ്പോഴും ഉമ്മ പറഞ്ഞത് നല്ലോണം നോക്കിയിട്ട് ഇഷ്ടപ്പെട്ടെങ്കിൽ മാത്രം നിന്നാൽ മതി.
ഉമ്മാന്റെ വർഗ്ഗത്തിൽ പെട്ടതെല്ലേ റമീസ് കാണാൻ പോയ പെണ്ണ്.
ആണിനും പെണ്ണിനും ഒരു പോലെ തന്നെയാണ് വിചാരങ്ങളും വികാരങ്ങളും; പച്ച മനുഷ്യർ തന്നെയാണ് പെണ്ണുങ്ങളും.
ചില നേരങ്ങളിൽ ഓന്തിന്റെ മാതിരിയാണ് പെണ്ണുങ്ങളിൽ ചിലർ.
സുബൈദ പറഞ്ഞു നിർത്തിയതും കദീശുമ്മക് ഹാലിളകിയതും ഒരുമിച്ചായിരുന്നു “.
‘എടീ ബെലാലേ…
എന്നെ പഠിപ്പിക്കാൻ വരുന്നോ.
ഒറ്റൊന്നായാൽ ഒലക്ക കൊണ്ട് അടിച്ചു പഠിപ്പിക്കണമെന്ന് പഴമക്കാർ പറഞ്ഞത് അനുസരിക്കാത്തത് കൊണ്ടാണ് എനിക്ക് ഈ ഗതി ഉണ്ടായത്.
കദീശുമ്മ പറഞ്ഞു നിർത്തി.
പിന്നീട് സുബൈദ യുടെ മനസ് കൂട്ടുകാരികളുമൊത് ചിന്തയുടെ പുതിയ കൂട് കെട്ടുകയായിരുന്നു.
കൂട്ടുകാരികളായ ഷെറിയും, നാദിയും, നിഷയും, നദികളുടെ സംഗമം പോലെ ഒന്നായി കൂടി ലയിക്കുകയായിരുന്നു.
കോളേജിലെക് പോകുമ്പോഴും വരുമ്പോഴും മറ്റു ഇടവേളകളിലും ചർച്ച ഇത് തന്നെയായിരുന്നു.
പിന്നീട് മൂവരും
വേദങ്ങളിലുള്ള അന്വേഷണമായിരുന്നു .
‘അല്ല സുബൈദാ..
നമ്മൾ പെണ്ണുങ്ങളെ കണ്ണിലെ കൃഷ്ണ മണി പോലെ കാത്തു സൂക്ഷിക്കാനാണ് വേദ ഗ്രന്ഥങ്ങളെല്ലാം പറയുന്നത്. എന്നിട്ടോ… ഇന്ന് കണ്ണിൽ പോയ കരട് പോലെ എടുതുപേക്ഷിക്കുകയല്ലേ ചെയ്യുന്നത്.!
മതങ്ങളും വേദങ്ങളും മനുഷ്യനെ നിയന്ത്രിക്കാനുള്ളതല്ലേ..? ഇന്നു നടക്കുന്നത് പുരോഹിതൻമാരിൽ ചിലർ തന്റെ ഇഷ്ടത്തിനൊത്തു മതങ്ങളെ നിയന്ത്രിച്ചും, വേദങ്ങളെ ദുർവ്യാഖ്യാനം ചെയ്‌തും, ദൈവത്തിന്റ സിംഹാസനത്തിൽ കയറിയിരുന്നു കല്പിക്കുകയല്ലേ ചെയ്യുന്നത്.?
അതല്ല… ഷെറി.. നിങ്ങൾ മൂന്നാളും ഒന്നാലോചിച്ചുനോക്കൂ… നമ്മൾ പെണ്ണുങ്ങളുടെ ജീവിതം.
സുബൈദ പറഞ്ഞു തുടങ്ങി…
ലോകത്തു ഏറ്റവും കൂടുതൽ ജോലി ഭാരം നമ്മൾ പെണ്ണുങ്ങൾക്കാണ്, രാവിലെ എഴുന്നേറ്റു മുറ്റമടിക്കണം, പാത്രങ്ങൾ തേച്ചു കഴുകണം, പിന്നീടങ്ങോട്ട് രാത്രി വൈകും വരെ പത്തു പതിനാല് മണിക്കൂർ ശമ്പളമില്ലാതെ ജോലി ചെയ്യുന്നവരല്ലേ നമ്മൾ പെണ്ണുങ്ങൾ. ആണുങ്ങൾക്ക് എട്ടു മണിക്കൂർ ജോലിയും പതിനാറു മണിക്കൂർ വിശ്രമവും.
കുടിക്കാനുള്ള വെള്ളം മുതൽ കുളിക്കാനുള്ളത് വരെ അവന്റെ കാലിനടിയിൽ എത്തണം. ഇത് കാണുമ്പോൾ ആണായി ജനിച്ചിരുന്നെങ്കിൽഎന്ന് തോന്നിപോകും അല്ലേ…
കാതിലിടുന്ന ഒരുജോഡി കമ്മലിന് ആഗ്രഹം പറഞ്ഞാൽ കണ്ണുരുട്ടി പേടിപ്പിക്കും ആണുങ്ങളിൽ ചിലർ,
അധികരിച്ചാൽ ആരും കാണുന്നില്ലെങ്കിൽ തലക്കൊരു കിഴുക്കും തരും.
പെണ്ണിന്റെ ആശകളും ആഗ്രഹങ്ങളും സ്വാതന്ത്ര്യവും മൂക്ക് കയറിട്ടു നിയന്ത്രിക്കുന്ന ഉഴുത്ത് കാരനെ പോലെയാണ് ആണുങ്ങളിൽ ചിലർ.
സുബൈദ പറഞ്ഞു തീരും മുമ്പേ നിഷയുടെ ഇത്താത്തന്റെ അനുഭവങ്ങൾ മനസിൽ നിന്നു തിളച്ചു മറിഞ്ഞു നാവിന്റെ തുമ്പി ലൂടെ പുറത്ത് വരികയാ യിരുന്നു.
നിങ്ങളറിയുമോ എന്റെ അവസ്ഥ.
എന്റെ ഇത്താത്തനെ തറവാടിന്റെ പേര് പറഞ്ഞു നായ തൊട്ട കലം പോലെ മൂലക്കിരുത്തിയിരിക്കുകയാണ്.
അളിയൻകാൻ്റെ ബാപ്പ പറയുന്നത് നമ്മൾ തറവാട് കാരല്ല.. നമ്മൾ അറിയാതെ പറ്റി പോയതാണ്…
നാട്ടുകാരും പള്ളി കമ്മിറ്റി കാരും ഇടപെട്ടു നോക്കി. മൂപ്പർ ഒറ്റ വർത്താനം മാത്രം.
“കുട്ടിയെ നമ്മൾ സ്വീകരിച്ചു കൊള്ളാം പക്ഷെ കുട്ടിയെ കാണാൻ നിങ്ങളുടെ വീട്ടിൽ നിന്നും ഒരു കുട്ടി ഈ പടി ചവുട്ടി പോകരുത്.”
പത്തു മാസം നൊന്തു പെറ്റ എന്റെ ഉമ്മ സ്വന്തം കുഞ്ഞിനെ കാണാൻ പോലുംപടി കേറാൻ പാടില്ലത്രെ.!
അല്ലെങ്കിലും മനുഷ്യത്തമില്ലാതെ സംസാരിക്കുമ്പോൾ, അരുത് പാടില്ല എന്ന് പറയേണ്ടവർ സമ്പത്തിലുംവിധേയത്തിനും അടിമപെട്ടു മിണ്ടാതെ തല കുനിച്ചു നിൽക്കുകയാണ്. അല്ലങ്കിൽ നമ്മൾ പെണ്ണുങ്ങൾ വെറും ചിറക് അരിഞ്ഞെടുത്ത പറവകൾ മാത്രം.
നിഷ പറഞ്ഞു തീരും മുമ്പേ കണ്ണ് നീർ തുടച്ചു വൃത്തിയാകുകയായിരുന്ന.
ചെയ്യാൻ പാടില്ലാത്ത എല്ലാ കോപ്രായങ്ങളും ചെയ്തു കൂട്ടും മനുഷ്യരിൽ ചിലർ. അവസാനം ദൈവത്തിന്റയും മതത്തിന്റെയും തലയിൽ കെട്ടിവെക്കും.
സുബൈദപറഞ്ഞു നിർത്താതെ തുടർന്ന് കൊണ്ടിരിന്നു….
ഈ ആണുങ്ങൾക്ക് ബാല്യം മുതൽ വാർധക്യംവരെസങ്കടം പറയാനും കേൾക്കാനും പ്രതികരിക്കാനും ആൺ കൂട്ടുണ്ടാവും.
ഏതൊരു പെണ്ണിനും കെട്ടിയോനും കുട്ടികളുമല്ലാതെ മറ്റാരുണ്ട് മിണ്ടി പറയാൻ. രൂപവ്യെത്യാസം കൊണ്ടുള്ള കാരണത്താൽ അവകാശങ്ങളെല്ലാം നേർ പകുതി മാത്രം വീതം കിട്ടാൻ വിധിക്കപെട്ടവരാണ് നമ്മൾ പെണ്ണുങ്ങൾ.
ദൈവം നമ്മൾക്ക് അളന്നു വെച്ചത് ദൈവം അറിയാതെ തട്ടിയെടുക്കുകയാണ് മറ്റുള്ളവർ ചെയ്യുന്നത്.
സുബൈദ കൂട്ടുകാരികൾക്ക് ബൈ ബൈ പറഞ്ഞു പുതിയ ലോകത്തേക്ക് സഞ്ചരിക്കുകയായിരുന്നു. സുബൈദയുടെ നിഴൽ മറയുന്നത് വരെ ഷെറിയും, നാദിയും, നിഷയും, അമ്പരപ്പോടെ നോക്കി കാണുകയായിരുന്നു.
സുബൈദ വീട്ടിലെ തീകൊള്ളിയും, സമൂഹത്തിൽ പുകയും പെണ്ണിന് സുഗന്ധവുമായിവീശിയടിക്കുകയായിരുന്നു . പെണ്ണിനായ് കാലം പ്രകൃതിയിൽ അധ്യാപന വൃത്തിയിലേർപെട്ടിരിക്കുകയായിരുന്നു.
ക്ഷമയുടെ നെല്ലിപ്പടിയിൽനിന്നും ഭൂമിയുടെ പ്രതികരണ ബോധം തിളച്ചു മറിഞ്ഞു ഉയർന്നു പൊങ്ങുകയായിരുന്നു.

