രചന : മംഗളാനന്ദൻ ✍
ഇരുപത്തിയൊന്നാം ശതകത്തിൽ നിന്നും
ഒരു വർഷം കൂടി കൊഴിഞ്ഞു പോകവേ,
പടിയിറങ്ങുന്ന ‘ഡിസംബറിന്നു’ നാം
വിടചൊല്ലാൻ രാവിൻ കുളിരിൽ നില്ക്കവേ,
അകലെ നിന്നാഴിത്തിര മുറിച്ചെത്തും
അശുഭവാർത്തകൾ ഭയം പകരുന്നു.
കടൽ കടന്നെത്തും പുലരിക്കാറ്റിനു
വെടിമരുന്നിന്റെ മണമുണ്ടിപ്പൊഴും.
പകയൊടുങ്ങാത്ത ഡിസംബറിൻ മുന്നിൽ
ചകിതചിത്തയായ് ‘ജനുവരി’ നില്പു.
നിരന്തരം നാശം വിതയ്ക്കുവാൻ മിസ്സൈൽ
പരസ്പരം നരകുലം തൊടുക്കുന്നു.
വിശപ്പടങ്ങാത്ത ശിശുക്കൾതൻ മുന്നിൽ
നശിച്ച പൈതൃകം തകർന്നടിയുന്നു.
പലതരം മതവിഭാഗങ്ങൾ സ്വന്തം
കുലമഹിമയിലഭിരമിക്കുന്നു.
പക വളർത്തുന്ന കപട ദേശീയ-
വികാരമഗ്നിയായ് പടർന്നു കേറുന്നു.
അഹിംസ തൻ നാമ്പു കരിഞ്ഞുണങ്ങുന്നു
സഹിഷ്ണുത മണ്ണിന്നടിയിലാകുന്നു.
നിരന്തരം ചാവേറുകൾ പെരുകുന്നു
നിറയെ കള്ളിമുള്ളുകൾ വളരുന്നു.
അറിയില്ലെന്തിനീ ചെറിയ ജീവിതം
വെറുതെയഗ്നിയിലെരിക്കുന്നു നരൻ.
പകലും രാത്രിയും, പല നൂറ്റാണ്ടായി,
സകല തത്വശാസ്ത്രവുമുറങ്ങുന്നു.
അനിതര സ്വാർത്ഥം വിളയും മാനവ-
മനസ്സിൽ ക്രൂരത കുമിഞ്ഞു കൂടുന്നു.
ഒരിക്കലും പകയൊടുങ്ങാതെ മർത്ത്യർ
പരസ്പരം കൊല തുടർന്നു പോരുന്നു.
ഇടക്കിടെ വെടി നിറുത്തുന്നു, വീണ്ടും
പടപ്പുറപ്പാടിനൊരുക്കം കൂട്ടുന്നു.
ഇതിനിടയിലും പലവട്ടമൊന്നായ്
പുതുവർഷങ്ങളെ വരവേറ്റു നമ്മൾ.
വെറുതെ മോഹിച്ചു മനുജന്മാർ തമ്മിൽ
വെറുത്തിടാത്തൊരു പുതിയ ലോകത്തെ.
പകൽക്കിനാവു കണ്ടിരിക്കുന്നു നമ്മൾ
പകയില്ലാത്തൊരു പുതിയ കാലത്തെ!

