രചന : ഉണ്ണി കെ ടി ✍
വെറുംവാക്കിന്‍റെ വ്യയമെന്നുതോന്നിയോ
വിശുദ്ധിയില്ലാത്ത വിടനെന്നു നിനച്ചുവോ
ചപലങ്ങളീ ചൊല്ലുകളെന്നെണ്ണിയോ
ശാരദേന്ദുപൂക്കും രാവിലുച്ചസ്ഥായി
തേടുമുന്മാദമല്ലെന്‍റെ നേരല്ലേ പകുത്തേകി
ഞാനയ്യോ,നീയിതറിയാതെപോകയോ…?
അനുനിമിഷമുരുകുന്നു നൊമ്പരത്തീയില്‍,
ആദിമസ്മൃതികളില്‍നിന്നുമടയാളംതേടന്നു…,
ചൊല്ലിമറന്ന വാക്കിന്‍ പൊരുളുതിരയുന്നു,
പിന്നെപ്പതിയെ മതിയില്‍നിന്നുമാഞ്ഞു
പോയതായ്ക്കരുതുന്നു…!!!
ഭ്രമങ്ങളില്‍ ഞാനെന്തോ നിനച്ചുപോയ്
ഭ്രമിപ്പിച്ചു നീ ചിരിച്ചകന്നുപോയ്
ഭദ്രമൊരുവാക്കിന്‍ നേരുവീണുടയവേ
ഭദ്രേയീവാഴ്വിതെത്രവിരസം…?
സങ്കോചംപൂണ്ടുനിന്ന പകലും
പടിയിറങ്ങയായ്…!
സരസവചനസുഗന്ധിയാം സന്ധ്യകള്‍
സങ്കടംചൊല്ലിപിരിഞ്ഞുപോയി ..,
സാകൂതമൊരു സ്വപ്നം കണ്‍പീലികളിലൂഴമിട്ടു
നില്പാണകന്നുപോയനിദ്രയൊന്നണഞ്ഞെങ്കിലെ-
ന്നെപ്പുല്കിയെങ്കിലീനിറമറ്റോരിരുള്‍മറന്നീ
നിറമുള്ളകിനാവിന്റെ കളിത്തൊട്ടിലില്‍
വിശ്രാന്തിയറിഞ്ഞേനെയെന്‍ ക്ഷീണചേതന…..!!
ഇരുളുമാത്രംബാക്കിയീനീഡത്തിലിനി,
തുനിഞ്ഞുനില്ക്കും വിരഹമെന്നും
നോവായ് നീറ്റിയെടുക്കുന്നോരോ
പ്രണയസ്മൃതികളെയും……!!!
ബാലിശമെന്റെ ഭാവങ്ങളെന്നു
തോന്നും ജല്പനങ്ങളവ്വിധം
ഭാവതീവ്രമീനൊമ്പരമെങ്കിലുമിതില്‍
മിഴിനട്ടുലോകംചിരിക്കുന്നു…!
അകലങ്ങള്‍ പെരുകുന്നലിവുമായുന്നകംപൊള്ളും
വാക്കൊന്നുമുരിയാടാതെ പടവുകളിറങ്ങിയീ
പിന്മടക്കങ്ങളുടെ സൂചകങ്ങളെല്ലാം മായ്ച്ചീടു നീ….
തുരഗവേഗമാര്‍ന്നടര്‍ന്നുപോകുന്നു ദിനരാത്രങ്ങള്‍….,
തുടിക്കുംഹൃത്തിന്‍ താളഭംഗം
തുടര്‍ക്കഥയിതിനുതേടുന്നു പൂര്‍ണ്ണവിരാമം….
തരുശാഖി വിട്ടൊഴിയുന്നൊരു രാപ്പാടികൂടി
താളംനിലച്ചയിരുള്‍കല്ലിച്ചരാവേ
നിറക്കു നീയീപാനപാത്രത്തിലാന്ധ്യം….!!!

