ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

കലണ്ടർ
മറിച്ച് മറിച്ച്
ആറേടിൽ തീരുന്നവൾ,
ആദ്യയേടിലെ
മാസക്കുളി പോലെ
ചുവന്ന അക്കങ്ങളോട്
മാത്രം പ്രണയം
നടിക്കുന്ന ചിലർ,
പാൽക്കാരനും,
പത്രക്കാരനും
ദിനം പ്രതിയെഴുതുന്ന
സംഖ്യ കുറിച്ചെഴുതുന്ന
പ്രണയ ലേഖനം,
ചിട്ടി പിടിച്ച നാൾ
മുതൽക്കുള്ള
കൊടുത്തു തീർപ്പുകളെ
കുത്തും, കോമയുമിടാതെ
പ്രണയ പലിശ
കൊണ്ട് തീർത്ത
ജനുവരികൾ,
പ്രണയ നാളിൻ്റെ
വരവറിയിച്ച
ഫെബ്രുവരി പൂക്കൾക്ക്
ഇരുപത്തെട്ടുകാരിയുടെ
പതം വന്ന തിളക്കം,
മാർച്ചൊരു
മച്ചാട് മാമാങ്കം പോലെ,
അവിടേം ഇവിടേം
ഉത്സവമേളം,
എപ്രിലിൽ
ഊഞ്ഞാലു കെട്ടിയ
മാവിൻചോട്ടിൽ
ഉണ്ണികളുടെ
സംസ്ഥാന സമ്മേളനം,
മെയിൽ
കരിക്കിൻകാടിളക്കി
പാലക്കാടൻ ചുരമിളകിയ
ചന്തം,
ജൂണിൽ പുത്തൻ
കുട നിവർത്തണ
കുട്ട്യോളും,
ചിരി മഴ നനയണ
ടീച്ചറോളും,
ജൂലായിൽ
കനത്ത മഴയെ
പ്രഹരിച്ച വാക്കുകൾ,
ആഗസ്റ്റിൽ
സ്വതന്ത്ര്യമെന്ന് അമറി
പെറാതെ പെറ്റവളുടെ
ആശംസകൾ,
സെപ്തംബറിൽ
ഒഴിഞ്ഞ ചാരു കസേര പോലെ
ശൂന്യമായ
ഓർമ്മ ശാർദ്ദം,
ഒക്ടോബറിൽ
കന്നിനിലാ പെണ്ണിൻ്റെ
പക്കപിറന്നാൾ,
നവംബറിൽ
മലർന്നു കിടന്നു തുപ്പിയ
മുത്തശ്ശി കോളാമ്പി,
ഡിസംബറിൽ
ബാക്കി വെച്ച
കണക്കിനെ
അപ്പാടെ പകർത്തുന്ന
വീട്ടുകാരൻ്റെ
വരനീരാട്ട്,
കലണ്ടർ
അങ്ങനെയാണ്,
നമ്മെ വരച്ചു കാണിക്കും,
മറ്റൊന്നിലേയ്ക്ക്
പകർത്താതെ,
പകരാനാവാതെ
ഒറ്റ പ്രണയവും
വർഷം കൊണ്ടാറില്ല,
കലണ്ടർ ജീവീതം തന്നെ,

പ്രസീദ.എം.എൻ ദേവു

By ivayana

Leave a Reply

Your email address will not be published. Required fields are marked *