രചന : മുംതാസ് പടമുഗൾ ✍
ആശുപത്രിയിൽ വൈകുന്നേരം മുതൽ എൻ്റെ ഊഴമായിരുന്നു.
ഉമ്മയ്ക്ക് നല്ല ഭേദമുണ്ട്. നാളെ ഡിസ്ച്ചാർജ്ജാക്കാമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.
ഉമ്മയ്ക്ക് ഓഡ്സ്കഞ്ഞിയും മരുന്നുമൊക്കെ കൊടുത്തു.
ഇനി ഉറങ്ങിക്കൊ എന്ന് പറഞ്ഞ്
താരാട്ടൊക്കെ പാടി ….
എൻ്റെ താരാട്ടു കേട്ട് ഉമ്മയുടെ ഉള്ള ഉറക്കo ഓടിയൊളിച്ചു കാണണം.
ഉമ്മ ഒന്നു ഷാറായി.
ഉമ്മാക്ക് ഇനി വർത്തമാനത്തിൻ്റെ മൂഡാണ്.
പഴയ കഥകളങ്ങനെ മുറിഞ്ഞും നീണ്ടുo
ഒഴുകി.
ഉമ്മയുടെ കണ്ണ് ദൂരെയെവിടെയോ ഉടക്കി വച്ച്
മനക്കാഴ്ച്ചകളെ ഒപ്പിയെടുക്കുന്നു.
തൽസമയ വിവരങ്ങളെ കൗതുകപൂർവ്വം ഞാൻ കേട്ടിരിക്കുന്നു.
എന്തൊരു നിമിഷമാണത്.!!!
ഒന്നിൽ നിന്ന് ഒന്നിലും തങ്ങിനിൽക്കാത്ത നീണ്ട യാത്ര.. നാട്ടുകാരും കൂട്ടുകാരും
വീട്ടുകാരുമൊക്കെ ഓരോ കഥാപാത്രങ്ങളായി ഓർമ്മയിലൂടെ കയറിയിറങ്ങുന്നു..
ഇടയ്ക്ക് ഒന്നു നിർത്തി
ആദ്യ ദിവസത്തെ അതേ ചോദ്യം ആവർത്തിക്കുന്നു.
ഇന്ന് നിനക്ക് എൻ്റെ കൂടെ കിടക്കണൊ?
അതിനെന്താ കിടക്കാലൊ..
വേണങ്കിൽ എന്നെ കെട്ടിപ്പിടിച്ച് കിടന്നൊ.
ചൂട് കിട്ടും.
എന്തൊരു പ്രലോഭനമാണ്.!
ചൂടു കിട്ടാൻ കൊതിച്ച്
ചൂടുപകരാമെന്ന വാഗ്ദാനം.
കള്ളി.
എനിക്കാ ആശയിലെ കള്ളത്തരം
മനസ്സിലായില്ലന്ന് ഭാവിച്ചു.
ശെരി.
എനിക്ക് ചൂടു കിട്ടാനല്ലെ ..?
ഞാൻ കിടക്കാം.
ഒരാൾക്ക് കിടക്കാനുള്ള സ്ഥലമേ അതിനുള്ളൂ..
കൂടെ കിടക്കുന്നു എന്ന് വരുത്താൻ പോലും സ്ഥലമില്ല.
എതിർവശം ചരിഞ്ഞ് താഴെ കസേര വച്ച് കട്ടിലിൽ പിടിമുറുക്കി ഞാൻ ഏങ്കോണിച്ച് കിടന്നു.
ഇടം കൈ ഉമ്മയുടെ ദേഹത്ത് വച്ചു.
ഉമ്മ ഇടം കൈകൊണ്ട്
എൻ്റെ ഇടം കൈവിരലുകളിൽ
ഇട കോർത്തു.
ഉമ്മയിൽ നിന്ന് ഒരു നിശ്വാസമുതിർന്നു ..
ങാ
ഇനി നീ ഉറങ്ങിക്കൊ.
ശരി.
എപ്പോഴൊക്കെയോ ഉറങ്ങിയും ഉണർന്നും,
ഉണർന്നപ്പോഴൊക്കെ കട്ടിൽത്തലയിൽ പിടിമുറുക്കിയും ഞാൻ കിടന്നു.
സമയം നാലുമണി.
എൻ്റെ ഒരു തിരിച്ചിലിൽ ഞാൻ തന്നെ
വീണുപോകുമെന്നായപ്പൊ
പെട്ടെന്ന് ഞാനെഴുന്നേറ്റു.
ഉമ്മ കണ്ണ് തുറന്ന് കിടക്കുന്നു,
എന്തേ ഉമ്മ കണ്ണ് തുറന്ന് കിടക്കണ?
ഉറങ്ങീലെ?
ഇല്ല.. ഞാൻ പഴയ കാര്യങ്ങളൊക്കെ ഓർക്കുകയായിരുന്നു.
ഇതുവരെ ഓർത്തു കഴിഞ്ഞില്ലേ?
ഇല്ല..
ഉറക്കമൊഴിഞ്ഞ രാത്രിയിൽ ഉമ്മ എന്നെക്കുറിച്ച് ചിന്തിക്കുകയായിരുന്നത്രെ!
നീ എഴുതിയ കവിതകൾ….
കഥകൾ…
നീ വായിച്ചു കേൾപ്പിച്ചതൊക്കെ….
പിന്നെ നിൻ്റെ കുട്ടിക്കാലം…
നിൻ്റെ കടിഞ്ഞൂൽ പ്രസവം…
നിൻ്റെ കഷ്ടപ്പാട്… സങ്കടം…
എല്ലാം… എല്ലാം….
പിന്നെ ഞാനെന്ന കഥാപാത്രത്തിൻ്റെ കഥയുണരുകയായി.
ആ കഥയിൽ ഞാൻ പുലർക്കാല ജൻമത്തിലേക്ക് ഉണർന്നു.
എൻ്റെ മനസ്സിൽ
ഉമ്മയുടെ ഓരോ വാക്കും മയിൽപ്പീലി നിറങ്ങളുമായി നിറഞ്ഞാടിക്കൊണ്ടിരുന്നു.
ഓരോ അവസരങ്ങളിലും ഉമ്മ ഒരു ഫുൾസ്റ്റോപ്പിടും.
എന്നിട്ട് പറയും,
അന്ന് എപ്പോഴെങ്കിലും
നിനക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഇന്ന് എൻ്റെ കൂടെ ആര് കിടക്കുo ?
ആര് കിടന്നാൽ നീയാകും?
സിസ്റ്റർ വന്നു. പ്രഷറും ഷുഗറും ചെക്ക് ചെയ്തു.
ഷുഗർ 95
ചായയും ബിസ്ക്കറ്റും കൊടുത്തു.
രാത്രി തന്നെ നാളെ ഇഡ് ലിയും സാമ്പാറും വേണമെന്ന് ഉമ്മ ആവശ്യപ്പെട്ടതാണ്.
അപ്പോൾ തുടങ്ങി റൂം സർവീസിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നു.
രാവിലെ ചോദിച്ചപ്പൊ
ഓർഡർ തരാതിരുന്നത് കൊണ്ട്
കിട്ടില്ല എന്ന് മറുപടി.
വേഗം കാൻ്റീനിൽ ചെന്നു.
അവർക്ക് അവരുടെ മെനുവിൽ ഇഡ്ഡലി ഇല്ലത്രെ!
രണ്ട് ഇടിയപ്പവും ചായയും മാത്രം വാങ്ങി.
തലേ ദിവസം മിച്ചമായ കഞ്ഞി എനിക്ക് പ്രാതലാക്കാമെന്നും കരുതി.
ഉമ്മയോട് കിട്ടാത്ത ഇഡ്ഡലിക്ക് ക്ഷമ ചോദിച്ചു ‘
രാവിലെ ആറു മണി.രാത്രി ഉമ്മ ഉറങ്ങിയിട്ടില്ല.
ഉമ്മയ്ക്ക് ഉറങ്ങണം. എനിക്കും.
കുറച്ച് സമയം കഴിഞ്ഞു.
റൂമിൽ രണ്ട് സിസ്റ്റർമാർ ഇരുവശവും നിന്ന് മരുന്ന് പുരട്ടുന്നു.
ഞാൻ കട്ടിലിലേക്ക് നോക്കി. ഉമ്മയല്ല. മറ്റാരൊ കട്ടിലിൽ കിടക്കുന്നു.
സോറി,
മുറി മാറിപ്പോയി. തിടുക്കപ്പെട്ട് ഞാൻ മുറിക്ക് പുറത്തിറങ്ങി.
നീളൻ വരാന്തയുടെ ഇരുവശങ്ങളിലും മുറികളാണ്.
ഞാൻ മുറിയുടെ നമ്പർ തിരഞ്ഞു.
17 21
കാണുന്നില്ല…
അതിനോട് സാമ്യമുള്ള ഒരു നമ്പറും ഇല്ല..
പച്ചയും വെള്ളയും യൂണിഫോം ധരിച്ചിരിക്കുന്നു ജീവനക്കാരെല്ലാം..
കൈയ്യിലൊരു പാത്രവുമായി കടന്ന് പോകുന്ന ഒരു സിസ്റ്ററോട് ഞാൻ തിരക്കി.
ഉമ്മ കിടക്കുന്ന റൂമിലേക്ക് പോകാനാണ്.
അവിടേക്ക് മറ്റ് രണ്ട് ജീവനക്കാർ കൂടി കടന്ന് വന്നു.
ഏതാറൂം?
പതിനേഴേ ഇരുപത്തൊന്ന്.
അവർ ഒന്നും മിണ്ടാതെ അവരവരുടെ ജോലിയിലേക്ക് തിരിഞ്ഞു.
ഞാൻ ചുറ്റിലും നോക്കി.അപരിചിതമായയിടങ്ങൾ…
അന്തരീക്ഷത്തിൽ
ആയുർവേദ മരുന്നുകളുടെയും കുഴമ്പുകളുടെയും ഗന്ധം തളം കെട്ടി നിൽക്കുന്നു.
എങ്ങനെയാണിവിടെയെത്തിയത്?
ഞാനാകെ അത്ഭുതപ്പെട്ടു.
ഞാൻ അവിടെ നിന്ന് നീണ്ട വരാന്തയിലൂടെ വേഗം പുറത്ത് ഇറങ്ങി.
റോഡിൽ നല്ല തിരക്കുണ്ട്.
കണ്ട് പരിചയമുള്ള സ്ഥലമാണ്. എന്നിട്ടും ഓർത്തെടുക്കാനാകുന്നില്ല.
എൻ്റെ ഷോൾഡറിൽ
ഒരു ബാഗുണ്ട്.
പക്ഷേ എനിക്ക് പരിചയമില്ലാത്ത ബാഗ്.
ഇതെങ്ങനെ എൻ്റെ കൈയ്യിൽ വന്നു.?
ഞാൻ അതിനകത്ത് പരതി.
എൻ്റെ ചെറിയ ഫോണൊ വലിയ ഫോണൊ അതിലില്ല.. എന്തിന്ഒരു രൂപ പോലുമില്ല..
ആരോ ചുരുട്ടിക്കൂട്ടിയിട്ട രണ്ട് കടലാസ് കഷണങ്ങളൊഴികെ
മറ്റൊന്നുമില്ല.
അല്ലെങ്കിലും എൻ്റെ തല്ലാത്തൊരു ബാഗിൽ
എൻ്റെതെന്ന് കരുതുന്നതൊന്നും തിരയുന്നതിൽ അർത്ഥമില്ലല്ലൊ..
ഞാൻ
അടുത്തു കണ്ട കടക്കാരനോട് ചോദിച്ചു,
ഇതേതാ
സ്ഥലം?
കിഴക്കമ്പലം..
അദ്ദേഹത്തിൻ്റെ മറുപടിയിൽ എനിക്ക് മുന്നിൽകിഴക്കമ്പലമങ്ങനെ തെളിഞ്ഞ് കിടക്കുന്നു.
തലങ്ങും വിലങ്ങും പായുന്ന വണ്ടികളിൽ ഓട്ടോയ്ക്ക് കൈ കാണിച്ചു…
ആരും നിർത്തുന്നില്ല.
ഏതോ ഒരാൾക്ക് മുന്നിൽ നിർത്തിയ ഓട്ടോയിലേക്ക് നോക്കി യാത്രക്കാരൻ പറയുന്നു.. വാഴക്കാല.
വാഹനത്തിൽ ഒരേയിടത്തേക്ക് പോകാൻ രണ്ട് പേർ.. അതിൽ കയറിപ്പോയാലൊ…
ഇത്താ.. മുംതാസിത്താ….
എന്ന വിളി കേട്ട് തിരിഞ്ഞ് നോക്കിയ നിമിഷം
ഓട്ടോ കണ്ണിൽ നിന്നകന്ന് പോയി.
ഇനി എന്തെന്നറിയില്ല.
തിരക്കുള്ള റോഡിൽ ശൂന്യമായ കൈവെള്ളകളുമായി ഒറ്റപ്പെട്ടു പോയിരിക്കുന്നു.
വിളി കേട്ടിടത്തേക്ക് ഞാൻ നടന്നു.
ചെറിയൊരു സ്റ്റേഷനറിക്കടയ്ക്ക് സമീപം ചിരപരിചിതനായപയ്യൻ നിൽക്കുന്നു.
പയ്യനെന്ന് പറയാനാവില്ല.
നാൽപ്പത് വയസ്സ് പ്രായമുണ്ടാകും.
എവിടെ പോയതാണ് എന്ന ചോദ്യത്തിന്
മറുപടിയായി
ഞാനൊരു കാര്യം ചോദിക്കട്ടെ. എന്ന് തിരിച്ച് ചോദിച്ചു.
ഇതേതാണ് മാസം?
ങേ!
അതിശയത്തോടെ അവനെന്നെ നോക്കി.
ഓ..ഗ…സ്റ്റ്..
വിട്ടു വിട്ടുതിർന്ന വാക്ക് കേട്ടു ഞാൻ സ്തംഭിച്ചു നിന്നു.
ഓഗസ്റ്റൊ?
അതെ.
വർഷം?
രണ്ടായിരത്തി ഇരുപത്താറ്.
വീണ്ടും സംശയിച്ച് സംശയിച്ച് അവനെന്നെ നോക്കി പറഞ്ഞു,
ഞാൻ റിനൈയിൽ ഉമ്മയ്ക്കൊപ്പമായിരുന്നു.
ജനുവരി ഒന്നിന് .
ഇവിടെ എങ്ങനെ എത്തിയെന്നറിയില്ല..
ഇതുവരെ എവിടെയായിരുന്നെന്നും.
അവൻ്റെ സംശയം കണ്ടിട്ടാകണം ഞാനത്രയും പറഞ്ഞൊപ്പിച്ചു.
എന്നെയൊന്നു സഹായിക്കണം.
എനിക്കെങ്ങനെയെങ്കിലും വീട്ടിലെത്തണം.
അവൻ്റെ സഹായത്തോടെ
ഞാൻ വീട്ടിലെത്തി.
അനിയത്തി ശേറു അവിടുണ്ട്.
എടീ ഉമ്മയെവിടെ?
ഉമ്മയെവിടെന്ന്…?
അവൾ മിണ്ടുന്നില്ല..
വാപ്പയെവിടെ?
വാപ്പയെവിടേന്ന്…
ആരെയും കാണുന്നില്ല..
ഞാനാകെ ബേജാറായി.
അവിടുണ്ടാകുമെന്ന് അവൾ പറഞ്ഞൊ എന്തൊ…
ഞാനവരെ അവിടൊക്കെ തിരഞ്ഞു.
കാണുന്നില്ല.
അപ്പൊഴാണ് ഇക്കയെ കണ്ടില്ലല്ലോ ന്നോർത്തത്..
എടീ ഇക്കയെവിടെ?
ഇക്കാ…
ഇക്കാ….
ഇക്കാ….. നീണ്ട ഒരു നിലവിളി തൊണ്ടയിൽ തടഞ്ഞു നിൽക്കുന്നു..
ഞാനവരെ എല്ലായിടങ്ങളിലും
തിരഞ്ഞു.
ആരെയും കാണുന്നില്ല.
റബ്ബേ..
ഇക്കാക്കെന്ത് പറ്റി?
എടീ ഇക്കയെവിടേന്ന്…
എനിക്കാകെ വെപ്രാളമായി.
ആ വീട് എനിക്കപരിചിതമായത് പോലെ..
അത് ഈ വീട് എൻ്റെതല്ല…
ഈ വീട് എനിക്കറിയുക പോലുമില്ല.
ശേറൂ ശേറൂ..
അവളെന്നോട് മിണ്ടുന്നില്ല..
എന്നെ ശ്രദ്ധിക്കുന്നു പോലുമില്ല..
മേശപ്പുറത്ത് കൈയ്യൂന്നിയിരുന്ന് അവൾ ആർക്കൊക്കെയോ ഫോൺ ചെയ്യുകയാണ്.
അപ്പോഴാണ് ഞാനത് കാണുന്നത്…
മേശപ്പുറത്ത് സ്റ്റാൻ്റുള്ള ഒരു കണ്ണാടി ഇരിക്കുന്നു. യാദൃശ്ചികമായി എൻ്റെ നോട്ടം കണ്ണാടിയിലേക്ക് നീണ്ടു.
ഞാൻ നടുങ്ങിപ്പോയി.
അതിൽ ഞാനെന്ന പ്രതിബിംബമില്ല..
വെറും കണ്ണാടി മാത്രം.
ഞാനതിൽ തിരിഞ്ഞും മറിഞ്ഞും മുഖo ചേർത്തും നോക്കി.
അതിൽ ഞാനില്ല.
എന്താണ് സത്യമെന്നറിയാതെ
എനിക്കാകെ അങ്കലാപ്പായി.
ഉമ്മയെയും വാപ്പയേയും ഇക്കയേയും തിരഞ്ഞ് നിരാശപ്പെട്ട ,
അവർ ജീവിച്ചിരിക്കുന്നുണ്ടോ എന്നു പോലും സംശയിച്ച
എനിക്ക് എന്നെത്തന്നെ നഷ്ടമായിരിക്കുന്നു.!
അതെ. ഞാനില്ല.
മുംതാസിന് പ്രതിബിംബമില്ല. അവൾ
മരിച്ചു.!!
എന്നാണെന്നൊ
എങ്ങിനെയാണെന്നൊ അറിയില്ല.
വീണ്ടും വീണ്ടും ഞാൻ കണ്ണാടിയിൽ തലങ്ങും വിലങ്ങും
എന്നെ അന്വേഷിച്ചു കൊണ്ടേയിരുന്നു.
പൊടുന്നനെ ഒരു എക്കിൾ ശബ്ദം.
ഉമ്മയാണ്.
പെട്ടെന്ന് കണ്ണ് തുറന്നടച്ചു.
ഉമ്മയുടെ അതേ കട്ടിലിൽ ഉമ്മയുണ്ട്.
അടഞ്ഞ് പോയ കണ്ണിൽ വീണ്ടും
കണ്ടു മുറിഞ്ഞ
അതേ വീട്…
അതേയിടം.. അതേ കണ്ണാടി..
അതേ തിരച്ചിൽ..
ഇല്ല.. ഞാനിവിടുണ്ട്.ഇതേ തീയതിയിൽ ഇതേ ദിവസം ഉമ്മ അടുത്തു കട്ടിലിലുണ്ട്.
ഞാൻ കനപ്പിച്ച കണ്ണുകൾ തുറന്നു.
സിസ്റ്റർ ഉമ്മയ്ക്ക് ഷുഗർ നോക്കുന്നു.
കുഴപ്പമില്ല. 180.
ഉമ്മയ്ക്ക് ചായകൊടുക്കണം.
ഇന്ന് പേരുവെട്ടിപ്പോകാമെന്ന വിശ്വാസത്തിലാണുമ്മ.
സ്വന്തം മരണം തിരിച്ചറിയാതെ
കണ്ണാടിക്ക് മുന്നിൽ
ഉടൽ തിരഞ്ഞ എന്നെ എനിക്ക് മറക്കാനാകുന്നില്ല.
ഇന്ന് 2026 ജനുവരി രണ്ട് വെള്ളി.
ശേറു വന്നിട്ടുണ്ട്.
വാഴക്കാലയിലേക്കും
കങ്ങരപ്പടിയിലേക്കും പോയി കടയിലെ കാര്യങ്ങളെല്ലാം നോക്കണ്ടതുണ്ട്.
പ്രമോദും ഇമ്രാനും അഫ്ത്താബും
കട്ട് ചെയ്യാനും തയ്ക്കാനും ഉണ്ട്.
ശേറു കെ.എസ്.ഇ.ബി യിൽ നിന്ന് വിരമിച്ചതിന് ശേഷം എനിക്കൊപ്പം കടയിലുണ്ട്. പക്ഷേ
ഉമ്മയ്ക്കൊപ്പം ആശുപത്രിയിൽ അവളെ ആക്കിയിട്ടാണ് എനിക്ക് പോരാനായത്.
സോനു ഒഴിച്ച്
കൃസ്മസ് കുട്ടികൾ ഇനിയും ലീവ് കഴിഞ്ഞെത്തിയില്ല.
വിശ്വസിക്കാൻ പണിപ്പെടുന്നുണ്ടെങ്കിലും
ഇതെഴുതുന്ന
ഈ സമയം എന്നിൽ പ്രാണനുണ്ടെന്നത്
പരമമായ സത്യം!
പ്രിയമോടെ,
മുംതാസ് പടമുഗൾ
