രാമുടിത്തുമ്പിൽ മഞ്ഞിൻപൂവുകൾ, ചേതോഹര–-
താരങ്ങളണിയിക്കും മാല്യങ്ങൾ, ധനുക്കുളിർ.
നീയുമുണ്ടൊപ്പം, നമ്മൾ തേടിയ
ഗാനാകുലൻ ദൂരയായ്‌ പാടുന്നുണ്ടാം.
ഭാരതപ്പുഴച്ചാലിൽ ഖേദത്തിൻ മഹാസൂര്യൻ
കാരമുൾക്കാട്ടിൽപ്പീലി വിടർത്തും മയിൽക്കൂട്ടം.
പാലത്തെക്കുലുക്കുന്നു; തീവണ്ടിപ്പടയോട്ടം.
ആലസ്യം തീണ്ടാതുഗ്രം വള്ളത്തോൾ പ്രതിമയും.
ഹൈദർമാഷില്ലാ, ഹരിപ്പാടൊരു ക്ഷേത്രത്തിലെ
കർണജീവിതക്കളിയരങ്ങിൽ പാടുന്നുണ്ടാം.
ഏഴിനും മീതെ പൊന്തുമാസക്തമനസ്‌കരായ്‌
നമ്മളോ പുറപ്പെട്ടു, കതിവന്നൂരോൻ സാക്ഷി.
നാടകസ്‌കൂളിൻ മുറ്റം, വിജേഷിൻ പാട്ടമ്പുകൾ
വാടകമുറിച്ചൂര്‌ ചുവപ്പിച്ചനൂപ്‌ ചന്ദ്രൻ.
കൂട്ടിലെക്കിളി പോലെ സുർജിത്തും സഖാക്കളും
ഓട്ടക്കാലണ ചോരും പകലിൻ ഹുങ്കാരവം.
മടങ്ങാം നടു നട്ടപ്പാതിരാ വഴിയോരം
കടുംകാപ്പിക്കായ് നമ്മളെണ്ണുന്നു യാമ നാണ്യം.
പാടി നീ തലേ രാത്രി, ലോഡ്ജിലെക്കെടു മെത്ത
തോടയം ചൂടി പുറപ്പാടിന്റെ കർണവ്യഥ .
പോയിടാം ഹൈദർമാഷെ കണ്ടു നാം മടങ്ങിടും
പാപബാധിതൻ ” കളിയച്ഛ ” നെ പകർത്തിടും.
‘എന്തിഹ മന്മാനസേ’ നിന്റെ ചുണ്ടിണകളിൽ
സങ്കടഹിന്ദോളത്തിൻ സമ്മിശ്രവൃന്ദാവനം.
കാറൊന്നു വന്നൂനിന്നു, കതകിൻ വിടവിലെ–-
യാളുകകളിറങ്ങുന്നു ചന്ദനക്കുറിമണം.
ആരൊരാളുള്ളിൽ, നീലക്കരയിന്നതിരിട്ട
നേര്യതും ചൂടിപ്പാതിപ്പാതിരാചന്ദ്രാകാരം.
കാപ്പിയിൽ കരുപ്പെട്ടി, നിന്റെ തൊണ്ടയിൽ–-
പ്പാട്ടിൻ തേനിനെപ്പുണരുന്ന വിഷാദശ്രുതീരവം.
സങ്കടം, മഞ്ഞായുള്ളിൽ നീപാടുമിനി–-
വേഗം, ‘ദൈവമേ’ യുഛസ്ഥായി.
അപ്പൊഴത്ഭുതം വാതിൽതുറന്നു, പുറത്തേ–-
ക്കൊരഗനിനാളമായ്‌ നീണ്ടു മറ്റൊരു സ്വരാങ്കുരം.
‘ദൈവമേ’ ദഹിപ്പിക്കും കനലിൻ സ്വരപാകം
മുന്നിലത്ഭുതം ഹൈദർമാഷിന്റെയവതാരം.
താരകളുദിക്കുന്നു , പട്ടണമിന്ദ്രാപുരി.
നേരിയ വിറയാർന്ന കൈകൾത്താമരയായി
പാടിടുമനിലിന്റെയുടലിൽത്തുലാമിന്നൽ.
നക്ഷത്രജാലം, നാകലോകത്തെ നിലാവിന്റെ
വൃക്ഷത്തിൽ കുടമാറും വിസ്‌മയത്തിരശീല.
‘പി’യുടെ കളിയഛൻ പതറുമരങ്ങിലെ
ചേങ്ങില നെഞ്ചിൽ വീണ്ടും ചൊല്ലിയാടുന്നു മൂകം.
തെയ്യമായുയിരാർന്ന രക്തസാക്ഷികൾ, ധീരം
മെയ്യിലെ മുറിവുകൾ മറന്നു വിളിക്കുന്നു.
ഖിന്നരല്ലിപ്പോൾ നീയും ഞാനുമീ കൂടിക്കാഴ്‌ച
പിന്നരങ്ങിലെക്കാലച്ചുവരിൽ മുദ്രാങ്കിതം.
മഞ്ജുളാലിനെച്ചുറ്റി മടങ്ങും പൂരക്കാറ്റിൻ
മംഗള ശ്രുതി കേട്ടു തൃശ്ശിവപുരത്തേകം.
നൊന്തുനിൽക്കുന്നു ഞാനീ നൊമ്പര കാന്താരത്തിൽ
ഗന്ധ പാഥേയം, ജന്മം ഓർത്താൽ വിസ്മയം ചിരം.

സതീഷ്‌ ഗോപി

By ivayana