മെലിഞ്ഞൊരു
പുഴ പോലെയായിരുന്നു നീ
വെറുതേ …
ഒഴുകുന്നില്ലെന്ന് എല്ലാവരെയും തെറ്റിദ്ധരിപ്പിച്ച് …
നിൻ്റെ നെഞ്ചിൽ ,
എന്നും ഞാനുണ്ടായിരുന്നു
കടൽ കാണാൻ കൊതിച്ച് ,
കൊതിച്ച് …
ഉഷ്ണപർവങ്ങൾ കൊണ്ടുപോയ
നിൻ്റെ ,
കുതിപ്പുകളിൽ ,
അഗ്നി ചുട്ടെടുത്ത
നിൻ്റെ ആവേഗങ്ങളിൽ ,
കടലിനോടുള്ള
എൻ്റെ കൊതി മരിച്ചു കിടന്നു
നിനക്കറിയാമോ ?
ആത്മാവിൽ ,
കടൽ കയറുന്നവരെ
നീ കണ്ടിട്ടുണ്ടോ ?
ഹൃദയത്തിൽ ,
മഴക്കാട് വഹിക്കുന്നവരെ
ഞാൻ പ്രണയിക്കുന്നു
ആകാശം കാണാത്ത
മയിൽപ്പീലികളെ ,
ചങ്കിൽ ഒളിപ്പിക്കുന്നവരെ
ഞാൻ
പ്രിയമോടെ
ഓർത്തു കൊണ്ടിരിക്കുന്നു
ഈ ആകാശം
എൻ്റേതല്ലെന്ന്
ചിറക് ,
പിന്നിൽ ഒതുക്കി വച്ചിരിക്കുന്നവരെ
എനിക്കിഷ്ടമാണ് ,
എന്തുകൊണ്ടെന്നാൽ ,
ഞാൻ
എന്നെ സ്നേഹിക്കുന്നു …
കടലിനോടുള്ള ഇഷ്ടത്തിൽ ,
മുറിഞ്ഞുപോയ
എൻ്റെ,
ഹൃദയത്തെയും .

വൈഗ

By ivayana