ഒരേ ചിന്തകളുടെ സമാന്തരപാളങ്ങളിൽ
പരസ്പരം..
നോക്കിനിൽക്കുന്ന ചിലർ
ഇരുതുരുത്തുകളിലേക്കുമായ്
താഴെ ഒരുതോണി
നിലാവുകാത്തു കിടപ്പുണ്ട്
ആരാദ്യം….
എന്ന ചോദ്യത്തിനുമുന്നിൽ
ഉത്തരങ്ങൾ പുറം തിരിഞ്ഞുനിൽക്കുന്നു…
ഇരുകരകളിലുമൊരുപാട്
മഴപെയ്തുതോർന്നെങ്കിലും വിതുമ്പുന്ന
കാർമേഘങ്ങളുള്ളിലൊ-
തുക്കി പറയാതെ..
പറയാതെ പോയവർ..
ആരവങ്ങളില്ലാതെ..
ഘോഷയാത്രയില്ലാതെ
മൗനങ്ങളുടെ നീണ്ട
പർവ്വതനിരകളിൽ..
അപ്രത്യക്ഷരായവർ…
ചിന്തകൾ കെട്ടി
പുണരുമ്പോഴും പരസ്പരം കെട്ട്പിണയാത്ത
രണ്ടു നിഴലുകളായ്..
ഇരുട്ടിന്റെ വൻകരകളെ
ലക്ഷ്യമാക്കി
നടന്നകന്നുപോയവർ..
മൂകമായിരുന്നവരുടെ
ഭാഷയിൽ…
മനോഹരമായി
പ്രണയിച്ചിരുന്നവർ..
എന്നിട്ടും…
വഞ്ചനയുടെ
മൂടുപടമണിഞ്ഞൊരാൾ തുറന്നുവെക്കാൻ
മറന്നുപോയ
രണ്ടുമനസ്സുകൾ..
വീണ്ടുമൊരു ജന്മംതേടി
പരാജിതരായ്….
ശൂന്യതയിലേക്ക്
നോക്കിയിരിക്കുമ്പോഴും
ആരാദ്യം…
എന്നചോദ്യം
മുഖം നോക്കാതെ ബാക്കിനിൽക്കുന്നു..
അസ്തമനത്തിന്റെ
തിരിതാഴ്ത്തി ജീവിതം
നിശ്ചലമാകുമ്പോൾ
വിരിയാതെ…
വീണുപോയ മോഹങ്ങൾ
താളബോധമില്ലാതെ
അവർക്ക് മുന്നിലൂടെ
കടന്നുപോകുന്നു…
നിലാവണഞ്ഞുപോയ
നേരം…
ദൂരമറിയാതെ…
ദിശയറിയാതെ…
തോണി മെല്ലെ..
യാത്രയായ്..
♥️

സൈരാ ബാനു

By ivayana

Leave a Reply

Your email address will not be published. Required fields are marked *