പ്രണയത്തിൻ ഭ്രാന്തമായ് പൂത്തുനിൽക്കേ,
നീയെന്റെ ലോകമായ് ചുരുങ്ങിടവേ-
ഒരു ബിന്ദുവിൽ സർവ്വവും അർപ്പിച്ചു ഞാൻ,
നിൻ നിഴലിലായി തളച്ചിട്ടു ജീവിതം.
പകലിൻ്റെ വെളിച്ചം കവർന്നെടുത്ത്,
സന്ധ്യതൻ ചുവപ്പിൽ വിപണനം ചെയ്ത്,
ഇരുളിൻ്റെ ചൂടിലെ വെറും ഭോഗമായ്-
നീയെന്നെ മാറ്റിയതറിഞ്ഞില്ല ഞാൻ.
മടുപ്പിൻ്റെ കൈപ്പേറിയ പാനപാത്രം,
ഒടുവിലായ് ചുണ്ടോടടുപ്പിച്ച നേരത്ത്,
പടിയിറക്കം അനിവാര്യമായ് തീർന്നു-
തിരികെ വരാത്തൊരു യാത്രയായ് മാറി.
പിളർന്നുവോ പാതകൾ നമുക്കിടയിൽ?
മാഞ്ഞുവോ കാലടിപ്പാടുകൾ മണ്ണിൽ?
ഇല്ല, നീയെറിയുന്ന ഒളിയമ്പുകൾ-
ഇന്നും എൻ നെഞ്ചിൽ തറച്ചിടുന്നു.
ചാമ്പലായ് മാറിയോരെൻ ഓർമ്മകളെ,
വീണ്ടും കരിച്ചില്ലാതാക്കുവാൻ-
വേട്ടനായയെപ്പോൽ നീ പിന്നാലെയുണ്ട്,
വാക്കിൻ്റെ വിഷമമ്പുകൾ തൊടുത്തു കൊണ്ട്.
മുറിവേറ്റ ഹൃദയത്തിൻ ഗദ്ഗദങ്ങൾ,
കണ്ണീരായ് തൂവി ഞാൻ തീർത്ത മണ്ണ്-
അവിടെ നീ തീയിടാൻ വരികയോ?
ഇനിയില്ല വീഴാൻ ഒരു തുള്ളി രക്തം.

ഉണ്ണി കിടങ്ങൂർ

By ivayana