രചന : മാഹിൻ കൊച്ചിൻ ✍

സാന്ദ്രമായൊരു പൊൻകിനാവ് പോലെയാണ് ഞാൻ അവളെ വീണ്ടും കണ്ടു മുട്ടിയത്. അതും പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം… പ്രവാസവും, നാടുവിട്ടുള്ള ജീവിതവും ഒക്കെയായി എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിരുന്നു. ശാരീരികവും, മാനസികവുമായിപ്പോലും…


അവൾ അവളുടെ ഭര്‍ത്താവിനും ഓമനത്വമുള്ള രണ്ടാൺകുട്ടികള്‍ക്കൊപ്പം ട്രെയിനിന്റെ ബര്‍ത്തില്‍ ആഹ്ലാദവതിയായി ഇരിക്കുന്നതു ജനാലയിലൂടെ കണ്ടുകൊണ്ടാണ് ഷൊർണ്ണൂർ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ഞാന്‍ ട്രെയിന്‍ കയറുന്നത്… എന്തോ എന്നെ തിരിച്ചറിയാന്‍ അവള്‍ക്ക് ഒരു സെക്കന്റ് പോലും വേണ്ടി വന്നില്ല എന്നത് എന്നെ അകാരണമായി സന്തോഷവാനാക്കി. കാറ്റില്‍ ഒരു മേഘത്തുണ്ട് ഉലയുന്നത് പോലെ അവളെന്നെ കണ്ട അമ്പരപ്പില്‍ സീറ്റില്‍ നിന്നുമെഴുന്നേറ്റു. നാം സ്വപ്നങ്ങളിൽ മാത്രം കാണാറുള്ള സാന്ദ്ര മനോഹരമായ ചില ഇടങ്ങളുണ്ട്. ഒരിക്കലും എത്തിച്ചേരാൻ സാധ്യതയില്ല എന്നു കരുതിയിരുന്ന ഒരിടത്തില്‍ അവിചാരിതമായി എത്തിപ്പെട്ടവനെപ്പോലെ, കണ്ണുകൾ വിടര്‍ത്തി, പഴയ പ്രണയത്തിന്‍റെ ലോകത്തെ ആദ്യമായി കാണുന്നത് പോലെ ഞാൻ പുഞ്ചിരിച്ചു.


ഭര്‍ത്താവ് നോക്കുന്നതറിഞ്ഞു അവള്‍ സീറ്റിലിരുന്നു. ആത്മസംഘര്‍ഷങ്ങളുടെ പെരും ചിതയില്‍ അവളില്‍ തികട്ടിവരുന്ന വാക്കുകള്‍ എരിഞ്ഞു തീരുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. അവളുടെ രണ്ടു കുഞ്ഞുങ്ങള്‍ അവരുടെ അമ്മയുടെയും എന്റെയും മുഖത്തേക്ക് നിഷ്കളങ്കമായി മാറി മാറി നോക്കി. മൗനം പൊട്ടിച്ചെറിയാന്‍ ഞാന്‍ തന്നെ എന്റെയുള്ളില്‍ ഒരു സ്ഫോടനം സൃഷ്ടിച്ചു.


“ഞാൻ അവളോട് എങ്ങോട്ടാ …?”
വളരെ മൃദുവായി ഞാന്‍ പെരുക്കിവച്ച അക്ഷരങ്ങളെ കൂടു തുറന്നു വിട്ടു. ക്രൌഞ്ചപക്ഷികളെപ്പോലെ അവ അവളുടെ ചെവിയിലേക്ക് ഒഴുകിപ്പറന്നു. അവളുടെ ഭര്‍ത്താവിലേക്ക് ഒരു ഷേക്ക്‌ ഹാന്റിനായി ഞാന്‍ കരങ്ങള്‍ നീട്ടി. അപരിചതനായ എന്നെ അയാള്‍ പുഞ്ചിരിയോടെ നോക്കി കൈനീട്ടി.


“ഞങ്ങള്‍ തിരുവനന്തപുരത്തെക്കാ …”
ചിതറിപ്പോയ വളപ്പൊട്ടുകള്‍ പെറുക്കിയെടുക്കുന്ന ഒരു പാവാടക്കാരിയെ പോലെ അവള്‍ എനിക്കായി വാക്കുകള്‍ പെറുക്കിയെടുത്തു ഒരു മറുപടിയൊപ്പിച്ചു. അവളെക്കാള്‍ ഒരുപാടു വയസ്സ് കൂടുതല്‍ തോന്നിക്കുന്ന ഭര്‍ത്താവിന്റെ മുഖത്ത് നോക്കി അവൾ പറഞ്ഞു.
“ഇത് മാഹിൻ… എന്റെ പഴയ ഫ്രണ്ടാണ്..”
അവള്‍ക്കു മുഖം നല്‍കാതെ അയാള്‍ എന്നെനോക്കി ചോദിച്ചു..


“ആ ഇവള്‍ ഇടയ്ക്കു പറയാറുണ്ട് നിങ്ങളെക്കുറിച്ച്. നിങ്ങള്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നു…?”
വീണുകിട്ടിയ ചെറിയ ഇടവേളയില്‍ അവളെന്റെ കണ്ണുകളുടെ ഭാഷ പഠിക്കാന്‍ ശ്രമിക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. അതെന്നെ പഴയ പ്രണയ തീരങ്ങളിലേക്ക് ഒരു വഞ്ചിയെ എന്നത് പോലെ അടുപ്പിച്ചു. തീരങ്ങളില്‍ നിന്ന് ഓര്‍മ്മകളുടെ ആകാശ ദ്വീപിലേയ്ക്ക് വര്‍ണ്ണങ്ങളുമായി ഞങ്ങള്‍ ഒരുമിച്ച് ഗഗന സഞ്ചാരികളായി. ഞങ്ങള്‍ക്ക് മുകളിലെ വിഹായസ്സില്‍ നക്ഷത്രങ്ങള്‍ നിറദീപം തെളിയിച്ചു. ഭൂതകാലത്തിന്റെ അപരിമേയതകളിലേക്ക് വഴി തെളിയിച്ചു.


കൈകോര്‍ത്തു പിടിച്ചു ഞാന്‍ അവളുടെ കൂടെ കിനാവുകളിലേക്ക് നടന്നു. കിനാവറകളില്‍ ഉടല്‍ പുണര്‍ന്നു ഞങ്ങള്‍ സ്വപ്നങ്ങളോട്‌ കലഹിച്ചു മയങ്ങി. നഷ്ടപ്രണയത്തിന്റെ കണക്കെടുപ്പില്‍ നിന്നും ഞാന്‍ യാഥാര്‍ത്യത്തിലേക്ക് വഴുതി വീണു.. അയാളുടെ കണ്ണില്‍ നോക്കി.. ഞാന്‍ സീറ്റിലിരുന്നു മൊബൈൽ പുറത്തെടുത്തു. ഒന്നിനെക്കുറിച്ചുമല്ലാതെ വെറുതെ എന്തൊക്കെയോ എഴുതാന്‍ തീരുമാനിച്ചു. മക്കള്‍ക്ക്‌ ഭക്ഷണം കൊടുത്തും ഭര്‍ത്താവിനോട് സംസാരിച്ചും ഞാന്‍ അവിടെ ഇരിക്കുന്നതേയില്ല എന്ന ഭാവം പകരാന്‍ അവൾ ശ്രമിച്ചു , എന്നാല്‍ അതില്‍ ദയനീയമായി പരാജയപ്പെട്ട് അവളെന്നെ ഇടയ്ക്കിടെ ഇടം കണ്ണുകൊണ്ടു നോക്കുന്നത് ഞാന്‍ കണ്ടു.


പണ്ട് അവൾ ഫ്രെഡ്‌സിനൊപ്പം ഇരുന്നു ഷെല്ലിയുടെ പ്രണയകവിത പവായിക്കുമ്പോളും ‍ അവള്‍ നോക്കിയിരുന്ന അതേ നോട്ടം ഞാന്‍ നഷ്ടബോധത്തോടെ തിരിച്ചറിഞ്ഞു. ഭീരുവായ എല്ലാ കാമുകന്മാരും ജീവിതത്തിന്റെ കണക്കെടുപ്പില്‍ നഷ്ടക്കണക്കുകള്‍ പേറുന്ന നിര്‍ഭാഗ്യവാന്മാര്‍ ആയിരിക്കുമെന്ന് ഞാന്‍ എന്നോടു തന്നെ പറഞ്ഞു. അവളുടെ മക്കളെ നോക്കി ഞാന്‍ വെറുതെ കൗതുകം കൊണ്ടു. അവരില്‍ എന്റെ മുഖം കാണാന്‍ വൃഥാ ശ്രമിച്ചു. എന്തൊക്കെയോ നഷ്ടബോധം എന്നെ വ്യഥിതകാമുകനാക്കി. അവള്‍ ബാഗില്‍ നിന്ന് ഭക്ഷണപ്പൊതിയെടുത്തു രണ്ടു പാത്രത്തിലായി വിളമ്പി.


“ഫുഡ് കഴിക്കാന്‍ കൂടുന്നോ…?” എന്നെ നോക്കി അവളുടെ ശബ്ദം ചിലമ്പി..
കേവലമായ ഉപചാരത്തിനപ്പുറം ആ വാക്കുകളില്‍ ആത്മാർത്ഥതയില്ലാത്തത് എന്നെ ചുട്ടുപൊള്ളിച്ചു. ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ അവള്‍ മിഴികള്‍ പിന്‍വലിച്ചു.. ഒരു മഹാസാഗരത്തിന്റെ വേലിയിറക്കം പോലെ. അയാള്‍ എന്നെ ശ്രദ്ധിച്ചതേയില്ല. “വേണ്ട.. കൊച്ചിയില്‍ എന്റെ സുഹൃത്തുക്കൾ കാത്തിരിക്കുന്നുണ്ട്.. അവരുടെ കൂടെ കഴിക്കണം..” അവളുടെ അമ്മ അവൾക്കായി കൊടുത്തുവിടുന്ന ഉച്ചയൂണ് ഞങ്ങൾ ഒന്നിച്ചു പങ്കിട്ട ദിനങ്ങളെ ഹരിതാഭമായി ഓര്‍ത്തുകൊണ്ട്‌ ഞാന്‍ കള്ളം പറഞ്ഞു. പുലര്‍ച്ചെ രണ്ടു മണിക്ക് കൊച്ചിയില്‍ ട്രെയിനില്‍ എത്തുന്ന എന്നെ കാത്തിരിക്കാന്‍ സുഹൃത്തുക്കള്‍ ഉണ്ടാവാന്‍ മാത്രം സൌഹൃത നിര്‍മ്മാണത്തില്‍ സമ്പന്നനല്ല ഞാന്‍ എന്ന് തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കാം അവള്‍ എന്റെ കണ്ണില്‍ ഇമവെട്ടാതെ നോക്കി.


ഞാന്‍ കണ്ണുകള്‍ പിന്‍വലിച്ചു എന്റെ മൊബൈലെക്ക് നോക്കിയിരുന്നു. ഭക്ഷണം വേഗത്തില്‍ കഴിച്ച അവളുടെ ഭര്‍ത്താവ് എഴുന്നേറ്റു കൈകഴുകാന്‍ പോയി. അവള്‍ കൂടെ പോയില്ല.
“ആ സമയം ഞാൻ ചോദിച്ചു : എന്താ നിങ്ങൾ തിരുവന്നതപുരത്തേക്ക് പോകുന്നത് ..?”
ഞാന്‍ സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാതെ ചോദിച്ചു.
“ഏട്ടന്റെ കാര്യത്തിനായി പോവുകയാണ്”
“എന്ത് കാര്യമാണ് ഭര്‍ത്താവിന്റെ ..?”
ഞാന്‍ ഭാവവ്യത്യാസം വരുത്താതെ ചോദിച്ചു.


“വയ്യ … ചികിത്സയിലാണ് … റേഡിയേഷന്‍ ചെയ്യാന്‍ കൊണ്ടു പോവുകയാണ്. ഖത്തറില്‍ ഓയില്‍ കമ്പനിയില്‍ ആയിരുന്നു. കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ നാട്ടില്‍ വന്നതാണ്. പിന്നെ പോയില്ല..” ഒരു തേങ്ങലുപോലെ അവള്‍ വാക്കുകള്‍ മുറിച്ചു. ഞാന്‍ മൊബൈലിൽ നിന്ന് കണ്ണെടുത്ത്‌ അവളെ പകച്ചു നോക്കി. അവള്‍ ഭാവവ്യത്യാസമില്ലാതെ പുഞ്ചിരിച്ചു. “എങ്ങനെ പോകുന്നു ജീവിതം? ഭാര്യ എന്ത് ചെയ്യുന്നു? എത്ര മക്കളായി ..?”
ഒരു കൃത്രിമ ഗൗരവം ഞാന്‍ അവളുടെ വാക്കുകളില്‍ കണ്ടു. അവളുടെ കണ്ണുകളില്‍ നോക്കി.


സൗദിയിൽ ആയിരുന്നു. വന്നിട്ട് രണ്ടു വർഷമാകുന്നു തിരിച്ചു പോയില്ല. നാട്ടിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നു. ഞാൻ പറഞ്ഞവസാനിപിച്ചു.
അവള്‍ വീണ്ടും എന്നെ ഒരു ചോദ്യം കൊണ്ട് മുറിപ്പെടുത്തി..
“ഭാര്യ …?”
മിനുട്ടുകള്‍ നീളുന്ന മൗനത്തിനു ശേഷം ഞാന്‍ നിസ്സംഗനായി.


അവൾ വീണ്ടും വൈഫ് എന്തുചെയ്യുന്നു , എന്താണ് പേര് ?!
അവള്‍ ചുണ്ടുകള്‍ വിറച്ചു രണ്ട് വാക്ക് തീര്‍ത്തു.. ഞാന്‍ മൌനിയായി… അവളുടെ ഭര്‍ത്താവ് തിരിച്ചുവന്നു. അവള്‍ ധൃതിയില്‍ ഒരു കവര്‍ തുറന്നു ഒരുപാടു ഗുളികകളുടെ പാക്കറ്റുകള്‍ പുറത്തെടുത്തു. പത്തോളം ഗുളികകള്‍ എടുത്തുവച്ചു. ഓരോന്നായി അയാളുടെ കയ്യില്‍ കൊടുത്തു. ഒരു മിനറല്‍ വാട്ടര്‍ ബോട്ടിലില്‍ നിന്ന് വെള്ളം കുടിച്ചു അയാള്‍ ആ ഗുളികകള്‍ വിഴുങ്ങി. അവള്‍ മുകളിലെ ബര്‍ത്തില്‍ നിന്ന് തലയിണയും, ബെഡ്ഷീറ്റുമെടുത്തു അയാള്‍ക്കു കിടക്കാന്‍ ഇടമൊരുക്കി. ഞാന്‍ അവളെ സാകൂതം നോക്കി. അയാള്‍ കിടന്നയുടനെ പെട്ടെന്നുറങ്ങി.


“എന്തുപറ്റി ജീവിതത്തില്‍?”
അവള്‍ വീണ്ടും എന്നെ നൊമ്പരപ്പെടുത്തി…
“ഒന്നും പറ്റിയില്ല … ഞാന്‍ … ഞാന്‍ … ഇപ്പോൾ എന്തുകൊണ്ടും ഹാപ്പിയാണ് …” എന്റെ പ്രിയപെട്ട ഭാര്യയും മകനുമാണ് ഇന്നെന്റെ ലോകം. ഞാൻ ഉറച്ച ആത്മവിശ്വാസത്തിൽ അവളോട് ഇടറി സംസാരിച്ചു.
അവള്‍ വാക്കുകളുടെ ഇടർച്ചയില്‍ എന്റെ കണ്ണില്‍ നോക്കി..
“എനിക്ക് സന്തോഷല്ല എന്ന് നിന്നോട് ആരെങ്കിലും പറഞ്ഞോ ശില്‍പ്പാ …?” ഞാന്‍ ഇന്ദ്രിയങ്ങൾക്കതീതമായ സ്വപ്നങ്ങളിലേക്ക് പതിയെ ചിറകു വിടര്‍ത്തി ഭാരമില്ലാതെ ഒഴുകിനടന്നു. “ഞാന്‍ എന്ത് കൊണ്ടും തൃപ്തനാണ് ജീവിതത്തില്‍ ….” അവളുടെ മിഴികള്‍ സജലങ്ങളാകുന്നത് ഞാന്‍ വേദനയോടെ കണ്ടു. അവള്‍ മക്കളെയുറക്കി പുതപ്പിച്ചു. ട്രൈൻ ആലുവയെത്തി..


“ഞാന്‍ നോര്‍ത്തില്‍ ഇറങ്ങും ” ഞാന്‍ പതുക്കെ മൊഴിഞ്ഞു..
കണ്ണുകളില്‍ ഭാഷയില്ലാതിരിക്കാന്‍ ശ്രദ്ധിച്ചു. ഞാന്‍ സീറ്റില്‍ തല താഴ്ത്തി വെച്ചു മൂകമായ് കിടന്നു. മുകളില്‍ ട്രെയിനിന്റെ ജാലകത്തിനുള്ളിലൂടെ എന്റെ ആകാശപ്പരിധിയില്‍ ശ്വേത നിറമാര്‍ന്ന മേഘപ്പൂക്കള്‍ വൃക്ഷത്തലപ്പുകളെ ചുംബിക്കാന്‍ വെമ്പുന്നത് മൌനം കത്തുന്ന കണ്ണുകളാല്‍ നോക്കി നിന്നു. മിടിപ്പുയരുന്ന ഹൃദയത്തില്‍ അവളോട്‌ സംവദിക്കാന്‍ ഞാന്‍ ഭാഷയൊരുക്കാന്‍ പണിപ്പെട്ടു.. വാക്കുകള്‍ താളം തെറ്റി എന്‍റെ നാവിന്‍തുമ്പിനെ പൊള്ളിച്ചു അസ്വസ്ഥമാക്കി.. പ്രണയത്തിന്റെ ആത്മസംഘര്‍ഷങ്ങളുടെ യുദ്ധം നേടാനാവാത്ത പടത്തലവനെപ്പോലെ മൌനത്തിന്റെ പ്രതിരോധച്ചട്ടയില്‍ ഞാന്‍ ഗര്‍ഭസ്ഥശിശുവായി ചിന്തകളെ ചുരുട്ടിക്കിടത്തി.


പതുക്കെ അവളുടെ മുഖത്തേക്ക് തിരിഞ്ഞു നോക്കി. അപ്പോഴാണ്‌ തിരിച്ചറിഞ്ഞത്, ഒരിമപോലും വെട്ടാതെ ഇത്രയും നേരം അവള്‍ എന്നെ മാത്രം നോക്കിയിരിക്കുകയായിരുന്നു എന്ന്… ട്രൈൻ എറണാകുളം നോര്‍ത്ത് സ്റെഷനില്‍ എത്തി . ഞാന്‍ ബാഗുകള്‍ എടുക്കുന്നത് അവള്‍ നിര്‍വ്വികാരമായി നോക്കി നിന്നു..
“പോട്ടെ…?”
എന്തൊക്കെയോ പ്രതീക്ഷകളോടെ ഞാന്‍ അവളുടെ കണ്ണില്‍ നോക്കി. പുറത്ത് ചൂട് കാറ്റ്. അവള്‍ നിറമിഴിയോടെ തലയാട്ടി.
“മൊബൈല്‍ നമ്പര്‍..?”
അവള്‍ പതുക്കെ ചോദിച്ചു..
“അതു വേണോ..?” ഞാന്‍ ക്രൂരനായി..


പ്രണയത്തിന്റെ പെരുമഴയത്ത് ഞങ്ങള്‍ ഒരുമിച്ച് ഒലിച്ചിറങ്ങി.. അനാദിയായി മഴപെയ്തു.. സമയം ഒരു മഴരാത്രിയിലേക്ക്‌ ഞങ്ങളെ പറിച്ചു നട്ടു. അന്ന് രാത്രി കൊച്ചി നഗരത്തിലൂടെ ഒഴുകുന്ന മഴച്ചാലുകള്‍ക്ക് അവളുടെ നിശ്വാസത്തിലും ഉയര്‍ന്ന ശബ്ദമുണ്ടായിരുന്നു. നഗരത്തിലെ നനഞ്ഞ വിളക്കുകളിലേക്ക് ഞങ്ങളുടെ പ്രണയം കാണാന്‍ ഞാന്‍ മിഴിപായിച്ചു. നീങ്ങുന്ന ട്രെയിനിന്റെ ജനാലയിലൂടെ അവള്‍ മരുഭൂമിയില്‍ പെയ്യാന്‍ വെമ്പുന്ന സാന്ദ്രമേഘം പോലെ മിഴികള്‍ കൊണ്ട് ആര്‍ദ്രമായി സംസാരിച്ചു.. ഭാവങ്ങള്‍കൊണ്ട് ഞാന്‍ അവളുടെ കൂടെയുണ്ടെന്ന് ഉറപ്പ് നല്‍കി.
അരക്ഷിതത്വത്തിന്റെ തീരങ്ങളിലേക്ക് ഒരു ട്രെയിൻ
ചൂളം വിളിച്ചുകൊണ്ട് ഒരു പെണ്ണിനേയും അവളുടെ രണ്ടു മക്കളെയും കൊണ്ട് കുതിച്ചു പാഞ്ഞു …. ഞാന്‍ ശൂന്യതയുടെ വിശാല വിഹായസ്സില്‍ വീണ്ടും ഏകനായി…!!

മാഹിൻ കൊച്ചിൻ

By ivayana