രചന : ബിന്ദു ബാലകൃഷ്ണൻ ✍

ഈയിടെയായി സ്കൂൾ വാട്സാപ്പ് ഗ്രൂപ്പുകൾ സകലയിടത്തും സജീവമാണ്. വർഷങ്ങൾക്ക് ശേഷം പലരും ഈ ഗ്രൂപ്പിലൂടെ സൗഹൃദങ്ങൾ പുതുക്കുന്നു വിശേഷങ്ങൾ കൈമാറുന്നു. ആ സുന്ദരദിനങ്ങളെ അയവിറക്കി സ്കൂൾ വരാന്തയിലെ പതിവിടങ്ങളിലേക്ക് തിരിച്ചു നടക്കുന്നു…ഓർമ്മകളുടെ മാധുര്യം നുണയുന്നു …അക്കൂട്ടത്തിൽ ചില പ്രണയങ്ങളുടേയും …. കുറ്റം പറയാൻ പറ്റില്ല ഇതിലെ ഏറ്റവും പരമമായ സത്യം എന്തെന്നാൽ കാലമെത്ര കഴിഞ്ഞാലും കിളികളെന്നും കിളികളാകുന്നു.
ഒരു ഒഴിവ് ദിവസം…


രംഗം ശാന്തം…. പ്രണയഭരിതം…. ഭാര്യ സ്നേഹപൂർവ്വം കൊണ്ട് വന്നുകൊടുത്ത മുന്തിരിപ്പഴങ്ങൾ ഓരോന്നായി എടുത്തു കഴിച്ചുകൊണ്ട് ഭർത്താവ് വാട്സാപ്പിൽ മുഴുകിയിരിക്കുന്നു. ഒഴിവ് ദിവസമായതു കൊണ്ട് തന്നെ എല്ലാവരും ആക്റ്റീവ് ആയിത്തന്നെയുണ്ട്.ഭർത്താവിന്റെ S.S.L.C. ബാച്ചിന്റെ വാട്സാപ്പ് ഗ്രൂപ്പിലെ വോയിസ്‌ മെസ്സേജുകൾ ചറപറാ… ചറപറാ പറന്നു വരുന്നു. മറുപടി മെസ്സേജുകൾ തിരിച്ചു അങ്ങോട്ടും പറക്കുന്നു.തൂത്തു വൃത്തിയാക്കിക്കൊണ്ടിരിക്കുന്ന
ഭാര്യ ശ്രദ്ധിക്കാത്ത മട്ടിൽ സകലതും ഒരു ഡിറ്റക്റ്റീവിന്റെ പാടവത്തോടെ കേൾക്കുന്നു… അവലോകനം ചെയ്യുന്നു .

ഇടയിൽ പുട്ടിനു പീര പോലേ ചില സ്ത്രീ ശബ്ദങ്ങളും ….”ബാലൻ എപ്പോഴും പാടാറുള്ള പാട്ട് ഇപ്പോഴും ഓർമ്മയിൽ ഉണ്ട്‌” എന്നൊരു കിളിനാദം കേട്ട ഒരു പാവം ഭാര്യ കാത്കൂർപ്പിക്കുന്നു …. അതേത് പാട്ട്😳 ഇതുവരെ അങ്ങേരെന്നെ നോക്കി ഒരു മൂളിപ്പാട്ടുപോലും പാടിയിട്ടില്ലല്ലോ…🤔 ആ പാവം ഭാര്യയുടെ ആത്മഗതം…ഭർത്താവ് ചെറിയൊരു ഞെട്ടലോടെ ഭാര്യയെ ഒളികണ്ണിട്ട് നോക്കി തത്രപ്പെട്ട് ഹെഡ് സെറ്റ് തപ്പുന്നു… മിനിറ്റുകൾക്കുള്ളിൽ തന്നെ വന്നു ചങ്കിന്റെ വോയ്സ്‌ മെസ്സേജ് “തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി …” നീ ഒന്നുകൂടി പാടെന്റെ ബാലാ… ” അല്ലെങ്കിലും കക്ഷിക്ക് അപാരടൈമിംഗാ.. ഉറ്റ ചങ്ങാതികളായാൽ ഇങ്ങനെ തന്നെ വേണം 🤭
ഭാര്യ ദേ പോണു….


ചവിട്ടി തുള്ളി അടുക്കളയിലോട്ട് ….പിന്നെ ഉടയ്ക്കുന്നതും മുടക്കുന്നതുമെല്ലാം അടുക്കളയിൽ… ശേഷം ചിന്ത്യം.
(ഗുണപാഠം- വോയ്സ്‌ മെസ്സേജുകൾ കേൾക്കുമ്പോൾ എല്ലായ്പോഴും ഹെഡ് സെറ്റ് ഉപയോഗിക്കുക കട്ട ചങ്കിന്റെ രൂപത്തിൽ പോലും പാര എവിടുന്ന് വേണമെങ്കിലും ചാടിക്കേറി വണ്ടീം പിടിച്ചു വരാം )
NB : ഈ കഥ തികച്ചും സങ്കൽപ്പികം ഞാനുമായിട്ടോ എന്റെ കെട്ട്യോന്റെ സ്കൂൾ ഗ്രൂപ്പുമായിട്ടോ ഒരു ബന്ധോം നഹി ഹേ..🚶‍♀️🚶‍♀️🚶‍♀️

By ivayana