രചന : ഷാജി നായരമ്പലം ✍
ആരു ഞാൻ ദൈവം ?
കാലമാഗമിച്ചതിൻ മുന്നെ
വേരെടുത്തുറച്ചതോ
നീ ചമച്ചതോ എന്നെ..?
രാവില്‍ വന്നുദിക്കാനും
പിന്നെയസ്തമിക്കാനും
ദ്യോവിലെ വെളിച്ചത്തെ
ആനയിച്ചതാരാണോ?
ആഴിയിലഗമ്യമാ-
മാഴമെത്രയുണ്ടുവോ?
സ്ഥായിയാമിരുള്‍ തീരും
സീമയാരറിഞ്ഞുവോ?
മഞ്ഞുമാമലകളും
ആഞ്ഞു വീശിടും കാറ്റും
പേപിടിച്ച മാരിയും
ഇടിമിന്നലും തീര്ത്ത്
ഭൂമിയില്പ്പ ച്ചപ്പിന്റെ
നാമ്പു നട്ടതും പിന്നെ
ജീവനെ, നിലക്കാത്ത
ജൈവവൈവിധ്യം വിത-
ച്ചാരൊരുക്കിയോ ?മണ്ണിൽ
സ്നേഹവുമതിന്‍ നോവും,
ക്രൗര്യവുമതിന്നടി-
ത്തട്ടിലക്കാരുണ്യവും?
ആരു ബന്ധനം ചെയ്തു
ജ്യോതിര്ഗോ ളങ്ങള്‍ തമ്മിൽ,
ആരതിന്‍ കടിഞ്ഞാണിൽ
തേരുരുള്‍ തെളിക്കുന്നു?
മേഘപാളികൾ എണ്ണി-
ത്തീര്ക്കു മോ, നിനക്കതിൻ
വേഗത നിയന്ത്രിക്കാ-
നാവുമോ വിജ്ഞാനത്താൽ?
സിംഹവും, കാക്കക്കുഞ്ഞും
തന്നിരയിരക്കുമ്പോൾ
ആര്‍ കൊടുക്കുന്നു? പേട-
മാനുകള്‍ പെറുന്നതും
മാന്‍ കിടാവിനു മുന്നിൽ
പുല്ത്തിലയിടുന്നതും
ഭൂവിലെ തിര്യക്കുകൾ-
ക്കൊക്കെയും യഥാവിധി
വാഴുവാന്‍ ധരിത്രിയെ
പ്പാകമാക്കിവച്ചതും
ഏതു കൈ ? നിനച്ചതിൻ
നേരു നീയറിഞ്ഞുവോ?
ഏതു വിജ്ഞാനച്ചിറ-
കേറിയോ പറക്കുന്നൂ
പക്ഷികള്‍? പരുന്തിന്റെ
കുഞ്ഞുകണ്ണുകള്ക്കൊക്കും
ദൂരദര്ശനം നിന-
ക്കാകുമോ? ഇതൊക്കെയും
സൂക്ഷ്മമായ് നിരീക്ഷിച്ചു
നിശ്ചയിച്ചതാരാണോ?
മതപ്പോടുകൾക്കുള്ളിൽ
ഞെരുക്കി പ്രതിഷ്ഠിച്ച
ഏതു ദൈവമോ സർവ്വ
ശക്തനായ് വിരാചിപ്പൂ?
നോക്കുക ദൈവത്തിനെ
ഉടുപ്പിച്ചുടുപ്പുകൾ-
ക്കൊക്കെയും മതത്തിൻറെ
പാഴ് മണം മണക്കുന്നു?
മാറ്റി നോക്കുക മത-
മേലുടുപ്പുകൾ, തിര-
ശ്ശീലകൾ തുറന്നിട്ട
ജാലകത്തിലൂടെന്നെ….
അപ്രെമേയമാം ശക്തി-
യിപ്രകൃതി തന്നെ ഞാൻ
രൂപ,ഭാവ,ഭേദമോ
ഹേതുവോയെനിക്കില്ല,
നീയഴിച്ചുമാറ്റുക
ജാതിയും മതങ്ങളും
മാനവികത നിൻറെ
ദൈവമാക്കി വയ്കുക…
