രചന : സിജി സജീവ് ✍

മാതാപിതാക്കളുടെ ഏറ്റവും വലിയ പ്രതീക്ഷകളിൽ ഒന്നാമതാണ് മക്കളുടെ സുരക്ഷിതമായ ഭാവി എന്നത്…അവർ നന്നായി പഠിച്ച്,, അത്യാവശ്യം കലാ കായിക പ്രവർത്തനങ്ങളുമൊക്കെയായി അനുസരണയുള്ള കുഞ്ഞുങ്ങളായി വളരണം എന്ന് ആഗ്രഹിക്കാത്തതും സ്വപ്‌നങ്ങൾ കാണാത്തതുമായ ആരും തന്നെ ഉണ്ടാകില്ല..
നമുക്ക് നമ്മുടെ മക്കളെ മറ്റാരേക്കാളും വിശ്വാസം ആണ്.. പ്രത്യേകിച്ച് അമ്മമാർക്ക്,,

കുട്ടികളെ അവിശ്വസിച്ചാൽ അവരുടെ അച്ഛനോട് പോലും
അമ്മമാർ വഴക്കടിക്കും,, അതാണ് അമ്മ,,
എന്നാൽ ഇനിയുള്ള കാലം നമ്മൾ അമ്മമാർ ആ വിശ്വാസം പൊടിക്ക് കുറയ്ക്കണം.. അവർ കുറ്റക്കാർ അല്ല,, പക്ഷേ നമുക്ക് അവരോടുള്ള അമിത വിശ്വാസം കൊണ്ട് നമ്മൾ അറിയേണ്ട പലതും നമുക്ക് നേരത്തേ അറിയാൻ കഴിയാതെ വരും,,നമ്മുടെ മകൻ മകൾ ചെയ്തകുറ്റം മറ്റൊരാൾ പറഞ്ഞ് അറിഞ്ഞതിലൂടെ ആ പറഞ്ഞവരോട് വൈരാഗ്യം കാണിക്കുന്നത് ഏതൊരു സാധാരണ അമ്മയും ചെയ്തു പോകുന്ന ഒന്നാണ്…


അതുകൊണ്ട് നമ്മുടെ ചങ്കും കരളുമായ മക്കളെ നമുക്ക് നിരന്തരംഉപദേശിച്ചുകൊണ്ടിരിക്കാം ഇത് തെറ്റായ വഴിയാണ് ആ വഴി നീ പോകരുതെന്നും,, പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന കുട്ടികളിൽ നിന്നും അകലം പാലിക്കണം എന്നും ഓർമ്മിപ്പിച്ചു കൊണ്ടിരിക്കണം.. എന്നും അവരെ അവരറിയാതെ നിരീക്ഷിക്കണം നമ്മുടെ കുഞ്ഞുങ്ങളുടെ കുറ്റം മറ്റൊരാൾ പറഞ്ഞ് അറിയുന്നത് എത്രയധികം വിഷമകരമാണ്,, അതിലും നല്ലത് നമ്മൾ അവരെ നമ്മുടെ കൺവെട്ടത്തു സൂക്ഷിക്കുന്നതല്ലേ നല്ലത്….അവരുടെ ബെസ്റ്റ് ഫ്രണ്ട് എപ്പോഴും അമ്മ ആയിരിക്കട്ടെ,, അമ്മ അറിയാത്ത ഒന്നും ഒരുകുട്ടിയുടെ ജീവിതത്തിലും നടക്കാൻ പാടില്ല,, കുറഞ്ഞപക്ഷം ഡിഗ്രി ക്ലാസുകൾ പൂർത്തിയാക്കും വരെയെങ്കിലും..


കുറച്ചു മാതാപിതാക്കൾ എങ്കിലും ഈ ഒരു ആശയത്തെ എതിർക്കും,, എനിക്കതിൽ വിഷമം ഇല്ല,, എതിർക്കാതെ കാര്യം ഉൾകൊള്ളുന്ന കുറച്ചു മാതാപിതാക്കൾ കാണുമല്ലോ അവരോടാണ് എനിക്ക് പറയാനുള്ളത്,,, നിങ്ങളുടെ കുട്ടികൾ തെറ്റു ചെയ്യാതെ തന്നെ ചിലപ്പോൾ അവനും അവളും കുറ്റക്കാരാകുന്ന അവസ്ഥ ഉണ്ടാകും..

അവരുടെ സ്ഥിരം കൂട്ടുകാർ പുകവലിക്കുകയോ ലഹരി ഉപയോഗിക്കുകയോ ചെയ്തു പോയാൽ തീർച്ചയായും ടീച്ചേഴ്സും പോലീസും ആദ്യം ചോദിക്കുക ആരൊക്കെയാടാ നിങ്ങളുടെ കൂട്ടുകാർ എന്നാവും.. അവൻ തീർച്ചയായും നിങ്ങളുടെ മകന്റെ അല്ലെങ്കിൽ മകളുടെ പേരും പറയും.. അങ്ങനെ നിരപരാധിയായഒരു കുട്ടി അവൻ പോലുമറിയാതെ കുറ്റകൃത്യത്തിൽ പെടും. മക്കളുടെ കൂട്ടുകാർ ആരൊക്കെയാണെന്നു അറിയുക,, അവരുടെ സ്വഭാവം നിരീക്ഷിക്കുക.. അതിലൊന്നും യാതൊരു തെറ്റും കാണേണ്ടതില്ല,, നമ്മുടെ കുട്ടികളെ പോലെ തന്നെ അവരുടെ കൂട്ടുകാരെയും കാണുക,നമുക്ക് തെറ്റുകൾ കണ്ടാൽ ചൂണ്ടിക്കാണിക്കാനും ആവർത്തിക്കരുതെന്ന് പറയാനും ഉള്ള മനസ്സ് ഉണ്ടാകണം,,

അവരുടെ വഴി ശരിയല്ല എന്ന് പൂർണ്ണമായും ബോധ്യമായാൽ ആ വഴിയിൽ നിന്നും മക്കളെ മാറ്റുവാൻ നമുക്കാണ് ഉത്തരവാദിത്വം, അത് കർശനമായും ചെയ്യ്തിരിക്കണം.. ഒരു കുട്ടിയും ഇനി ലഹരിക്ക് അടിമപ്പെടാൻ പാടില്ല..ലഹരി ഉപയോഗത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം,, കൊച്ചുകുട്ടികളിലൂടെയാണ് ഈ മാഫിയ കേരളത്തെ കീഴടക്കിയത്,, ഇനി ഒന്നാമതെത്താൻ അധികനാൾ വേണ്ടിവരില്ല.. അത് നമ്മുടെ അശ്രദ്ധ കൊണ്ട് നമ്മുടെ കുട്ടികളിലൂടെ ആകാതിരിക്കട്ടെ.. അപ്പോൾ പറഞ്ഞ് വന്നത് ഇനിമുതൽ അവനെ അവളെ അത്രക്കങ്ങു വിശ്വസിക്കേണ്ട കേട്ടോ…

സിജി സജീവ്

By ivayana