രചന : നളിനകുമാരി ✍

മുകളിലത്തെ നിലയിലെ ഈ മുറിയിലിരിക്കുന്നത് ഒരുതരം ഒളിച്ചുതാമസമാണ്. പനി പിടിച്ചു വായിക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ് ഞാന്‍. പനിച്ചൂട് ഒന്ന് കുറയുമ്പോൾ ജനാലയുടെ കൊച്ചു ചതുരം എനിക്കു ആശ്വാസമാകുന്നു.
മുന്നിലെ വഴിയിൽക്കൂടിപ്പോകുന്ന എല്ലാവരെയും എനിക്കു കാണാം. .ഞാൻ അവിടെയിരിക്കുന്നത് ആരും കാണുന്നുമില്ല. മണ്ണിന്റെ നിറമുള്ള ഡോബർമാൻ പടക്കുതിരയെപ്പോലെ മുറ്റത്ത് ഓടിക്കൊണ്ടിരിക്കുമ്പോൾ ആ കാഴ്ച വിട്ട് ആളുകളുടെ കണ്ണുകൾ ഒരിക്കലും മുകളിലേക്ക് ഉയരാറില്ല. പണ്ടുള്ളവർ പറയുമ്പോലെ
എല്ലാംകണ്ടുകൊണ്ട് മുകളിലിരിക്കുന്ന ഒരാളുണ്ടെന്ന് ആരും ഒരിക്കലും ചിന്തിക്കാറില്ലല്ലോ.


വഴിയാത്രക്കാരെക്കാൾ ഇപ്പോൾ എന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത് വഴിയുടെ മറുവശത്ത്‌ പൂട്ടികിടക്കുന്ന വലിയ വീടും തട്ടുതട്ടായി പുറകിലേക്കു ഉയർന്നുപോകുന്ന വിശാലമായ പറമ്പുമാണ്. ആ വീട്ടുകാർ അബുദാബിയിലാണ്.
ആ വീടിന്റെ ഉമ്മറത്ത് കുറെ പുതിയ താമസക്കാർ എത്തിയിരിക്കുന്നു. ശബ്ദം കേൾക്കാറുണ്ടെങ്കിലും കണ്ടുതുടങ്ങിയത് രണ്ടുനാൾക്ക് മുൻപ് മാത്രമാണ്.
അഞ്ചു ചുണക്കുട്ടൻമാർ. ഒരാൾ നല്ലവെള്ള. മറ്റു രണ്ട്പേർക്ക് ഉടലു വെളുപ്പ് ചെവിയും വാലും കറുപ്പ്. പിന്നെയുള്ള രണ്ട്പേർ വയറും കാലും നല്ല കറുപ്പ്. മുഖവും വാലും വെളുപ്പ് . തനിവെള്ള നിറമുള്ളവനാണ് കൂടുതൽ മിടുക്കൻ. ഒരു നിഴൽ അനങ്ങിയാൽ മതി വരാന്തയിലെ അരഭിത്തിയുടെ സുരക്ഷിതത്വം ഉപേക്ഷിച്ച്അവൻ കുഞ്ഞുവായിൽ കുരച്ചുകൊണ്ടു ഓടിവരും.പുറകെ മറ്റുള്ള സഹോദരന്മാരും. അവരെ നോക്കിയിരിക്കുന്നത് എനിക്ക് ഒരു വിനോദമായി മാറി.


അതിലൊന്നിനെ നമുക്കെടുത്തു വളർത്താമെന്നു ഞാൻ കെഞ്ചിയിട്ടും എന്റെ വീട്ടുകാരൻ സമ്മതിച്ചില്ല. പരിഹാസത്തോടെ
” വെറുംനാടൻ പട്ടിക്കുഞ്ഞല്ലേ അതിനെയൊന്നും വേണ്ട” എന്ന് അദ്ദേഹം ശഠിച്ചു.
നല്ലവില കൊടുത്തു വാങ്ങിയവരും ഉന്നതകുലജാതരുമായ ഡോബർമാനും ജർമൻഷെപ്പേർഡും റോട്ടുവീലറുമൊക്കെ വീട്ടിലുള്ളപ്പോൾ ഈ നാടൻപട്ടി എന്തിനാ എന്ന് അദ്ദേഹംചോദിച്ചു.
ഒരു പഗ്ഗിനെ വാങ്ങണമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഇനിയും ഇവിടെ നായയെ വേണ്ടെന്ന് ഞാന്‍ പറഞ്ഞത് ഇപ്പോൾ എന്റെ ആഗ്രഹത്തെ എതിർക്കാനുള്ള ആയുധമാക്കുകയാണ്.


ഒരു ഭംഗിയുമില്ലാത്ത പഗ്ഗ്പോലെയാണോ ഈ സുന്ദരൻ നായക്കുട്ടി.
ഈ ഭംഗി ഇപ്പോഴേ കാണൂ. വേഗംഅതു തനിനാടനായി മാറുമെന്ന് അദ്ദേഹവും ധാരാളം പാലും മുട്ടയും കൊടുത്തു അവനെ മിടുക്കനാക്കാമെന്ന് ഞാനും പറഞ്ഞെങ്കിലും എന്റെ ആഗ്രഹം അനുവദിക്കപ്പട്ടില്ല. ഒരു നായയെ തിരഞ്ഞെടുക്കാനോ വളര്‍ത്താനോ ഉളള സ്വാതന്ത്ര്യംപോലും ഭാര്യയായ എനിക്കില്ല. എന്തൊരു പുരുഷാധിപത്യം!
പനിയുടെ തളർച്ചയിൽ കിടപ്പായിപ്പോയി. അല്ലെങ്കിൽ അപ്പോൾത്തന്നെ അവിടെച്ചെന്ന് ഒരു കുഞ്ഞുനായക്കുട്ടിയെ എടുത്തുകൊണ്ട് പോരാമായിരുന്നു എന്ന് ഞാൻ പിറുപിറുത്തപ്പോൾ, അമ്മപ്പട്ടി ഏതു നേരവും തിരിച്ചു വന്നേക്കാമെന്നും അതു കടിച്ചാൽ ഇൻജക്ഷൻ എടുക്കേണ്ടി വരുമെന്നും
വീട്ടിൽ എന്റെ സഹായിയായ ചന്ദ്രി പറഞ്ഞപ്പോൾ ഞാൻ നിസ്സഹായയായി കിടന്നു.


എങ്കിലും സദാസമയവും എന്റെ കണ്ണുകൾ ആ നായക്കുട്ടികളെ വട്ടമിട്ടു പറന്നു.
ഇന്ന് പകൽ അഞ്ച് സുന്ദരൻമാരും പതുക്കെ മുറ്റത്ത് ഇറങ്ങിയത് ഞാൻ കണ്ടു. അവർക്ക് വിശന്നിട്ടാവണം ചിനുങ്ങിചിനുങ്ങി കരയുന്നുണ്ടായിരുന്നു.
വിശപ്പുണ്ടെങ്കിലും ആ കുഞ്ഞുങ്ങൾക്ക് കളിക്കാൻ മടിയൊന്നുമില്ല. ചാടിമറിഞ്ഞും മേൽക്കുമേലെ കയറിമറിഞ്ഞും ഉരുണ്ടുവീണും പരസ്പരം ചെവിയുംവാലും കടിച്ചു വലിച്ച്കുടഞ്ഞും പിന്നെ കുറച്ചു അമ്മയെ ഓർത്തു മോങ്ങിയും കുറച്ചുറങ്ങിയും അവർ പകൽ മുഴുവൻ ആ മുറ്റത്ത് കഴിച്ച്കൂട്ടി.


ഒടുവിൽ ആ അമ്മ വരുക തന്നെ ചെയ്തു. കുഞ്ഞുങ്ങളുടെ ഹർഷാരവംകേട്ടാണ് ഞാൻ നോക്കിയത്.
അവളുടെ ശരീരത്തിൽ എല്ലുകൾ മുഴച്ചു നിന്നിരുന്നു. വയറൊട്ടി കിടക്കുന്നു. ദിവസങ്ങളോളം മക്കളെ മുലയൂട്ടുന്നെങ്കിലും അവൾ പട്ടിണിയായിരുന്നിരിക്കാം. പേപ്പട്ടിയെക്കുറിച്ചുള്ള ഭയംകാരണം കാണുന്നവരൊക്കെ അടിച്ചോടിക്കുമ്പോൾ എവിടെനിന്ന് ഭക്ഷണം കിട്ടാനാണ്.


അമ്മയെ കണ്ടു മക്കൾ ഓടി വരുന്നുണ്ട്. ആദ്യം രണ്ട്പേർ ഓടിയുംവീണും അമ്മയുടെ അടുത്തെത്തി. നിന്നുകൊണ്ട് അമ്മയുടെ മുലകൾ വായിലാക്കി ഒന്നു നുണഞ്ഞേയുള്ളു. അമ്മ നടന്നുതുടങ്ങി. അപ്പോൾ ബാക്കി രണ്ടുപേർ എത്തി. അവരും അമ്മിഞ്ഞയിൽ കടിച്ചുതൂങ്ങി. ഒരാൾമാത്രം ഓടാനാകാതെ അതേനിൽപ് നിന്നിരുന്നു. ആ അമ്മ തിരിച്ചു നടന്നു ആ കുഞ്ഞുമോനെ ഒന്നു മണപ്പിച്ചു. കിട്ടിയ തക്കത്തിന് ഒരുമിനിറ്റ് അവനുംഅമ്മയുടെ മുലക്കണ്ണ് വായിലാക്കി. പെട്ടെന്ന് അമ്മ മക്കളെ വിട്ട് വേഗത്തിൽ നടന്നുതുടങ്ങി. ഓടിയുംനടന്നും വീണും മക്കൾ അമ്മയുടെ ഒപ്പമെത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. നടക്കാൻ വേഗതയില്ലാത്ത ഒരാൾ മാത്രമാണ് ആ മുറ്റത്ത് ബാക്കിയായത്.

പിന്നെപറമ്പിൽ പലയിടത്തായി നായക്കുട്ടികളുടെ കരച്ചിൽ കേട്ടുകൊണ്ടിരുന്നു. കുറെ കഴിഞ്ഞു ശബ്ദമൊന്നുംകേട്ടില്ല. അമ്മ മക്കളെയുംകൊണ്ടു പോയിക്കാണുമെന്നും നടക്കാന്‍ കഴിയാതെ ബാക്കിയായിപ്പോയ കുഞ്ഞിനെ തിരക്കി വീണ്ടുംവരുമെന്നും ഞാൻകരുതി. പക്ഷേ രാത്രി ഏറെ വൈകിയിട്ടും അവൾ തിരിച്ചുവന്നില്ല. വീശന്നുപൊരിഞ്ഞ ആ കുഞ്ഞു മോങ്ങിക്കൊണ്ട് ആ മുറ്റത്ത് പ്രാഞ്ചിപ്രാഞ്ചി നടക്കുന്നുണ്ടായിരുന്നു.


നാളേക്ക് സുന്ദരൻമാരായ ആ പിഞ്ചു കുഞ്ഞുങ്ങളുടെ
ഗതി എന്തായിരിക്കും? ജീവിച്ചിരിപ്പുണ്ടാകുമോ..അതോ പറമ്പുകളിൽ കൂടി ആഹാരംതേടി കൂവി നടക്കുന്ന കുറുക്കൻമാരുടെ ഭക്ഷണമായിത്തീരുമോ? അതോർത്തു കിടന്നു എപ്പോളോ ഞാൻ മയങ്ങി.

നളിനകുമാരി

By ivayana