രചന : ബിജുകുമാർ മിതൃമ്മല✍

എവിടെത്തിരയണം
കവിതേ ഞാൻ നിന്നെ
എവിടെത്തിരയണം കവിതേ
നിഴൽ വീണ വഴിയിലോ
നിലാപ്പൂഞ്ചോലയിലോ
നിളയിലോ
നിദ്ര തഴുകാത്തൊരു
നിശീഥിനിയിലോ
എവിടെത്തിരയണം കവിതേ
ഞാൻ നിന്നെ എവിടത്തിരയണം
കവിതേ
ആരോ പറഞ്ഞു
കൊടും വേനലിൽ
കരിഞ്ഞ പാടങ്ങളിൽ
വിണ്ടുകീറിയ മണ്ണിൽ
മനസ്സുകരിഞ്ഞ മുറിവിൽ
കവിത കരഞ്ഞിരിപ്പുണ്ടെന്ന്
വേറൊരാൾ ചൊല്ലി
കവിത തീയാണ്
കത്തി ജ്വലിക്കുന്ന കനലിലും
വെന്തു വെണ്ണീറാം ചാരത്തിലും
കവിതയെ കണ്ടെന്ന്
എവിടെത്തിരയണം കവിതേ
ഞാനെവിടെത്തിരയണം നിന്നെ
കാറ്റു പറഞ്ഞു വഴിയിലെ
കാറ്റാടി മരച്ചില്ലതൻ കൂട്ടിൽ
കഴുകൻ്റെ
കവിയുടെ
കണ്ണേറു തട്ടാതെ
അമ്മയുടെ മാറിൻ ചൂടിൽ
അടവച്ചിരിപ്പുണ്ട് കവിത
എവിടെത്തിരയണം കവിതേ
നിന്നെ ഞാൻ എവിടെത്തിരയണം
നോവുന്ന മനസ്സിൽ
ഭ്രാന്തൻ്റെ ചങ്ങലയിൽ
കുഞ്ഞു പൂവിൻ്റെ കവിളിൽ
കൊഴിഞ്ഞ പൂവിൻ്റെയിതളിൽ
എവിടെത്തിരയണം നിന്നെ
കേട്ടവർ കേട്ടവർ ചൊല്ലി
നീ നോവുപാടം കൊയ്തവൻ
കണ്ണീരിന്നുപ്പു കലർത്തി
നോവുഗീതികൾ രചിപ്പവൻ
നോവുപാടങ്ങളിലെ
നോക്കുകുത്തികൾക്കെന്നും
നോവുന്ന നീറുന്നഹൃദയമുണ്ട്
എവിടെത്തിരഞ്ഞാലും കവിതയുണ്ട്.
തീതന്നെ നീതന്നെ കവിത
നീതന്നെ തീതന്നെ കവിത

By ivayana