രചന : മുരളി കൃഷ്ണൻ വണ്ടാനം✍

പ്രണയം വഴിപിരിയുമ്പോൾ
ഒരാളുടെ കൂടെ രാവും പകലും
സ്വന്തമെന്ന് കരുതി ഹൃദയത്തിൻ്റെ പൂമുഖത്ത് പ്രതിഷ്ഠിച്ച പോലെ പ്രണയത്തിൻ്റെ മാലാഖയായ്,
പ്രണയത്തിൻ്റെ രാജകുമാരനായ് സദാനsക്കുമ്പോൾ ഒരു നാൾ പൊടുന്നനെ ഒരു മുന്നറിയിപ്പുമില്ലാതെ അകലുമ്പോഴുണ്ടാകുന്ന വേദന താങ്ങാനാവാത്ത വിധം
ആർത്തുലച്ചിടുമ്പോൾ ആർദ്രമായ് ഒന്നുറങ്ങാൻ പോലുമാവാത്ത അവസ്ഥയുടെ യഥാർത്ഥ പേരാണ് പ്രണയം…
പേരറിയാത്ത നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു
മണ്ണിൽ വീണുടയുന്ന മൺകുടത്തെ
കണ്ണുനീരെന്നും വിളിച്ചു
കവിയെഴുതിയപ്പോൾ
കരഞ്ഞിട്ടുണ്ടാവുമോ…?
നല്ല പ്രണയം കൂടെ പിറപ്പിനെക്കാൾ സുന്ദരമാക്കുന്നത് തന്നെയാണ്…
രക്തരേണുക്കളെയല്ല അവർ
കൂടെ ചേർക്കുന്നത്.ഹൃദയത്തിൽ പതിഞ്ഞ മുഖത്തെ,സ്വഭാവത്തെ മറ്റെല്ലാത്തിനെയും മാറ്റിനിർത്തി അവർ സ്വയം പൂവായ് വിരിയും,അതിൻ്റെ നിറവും,മണവും,ഗുണവും അവരാൽ ഉത്കൊള്ളുകയും അവരുടെ സന്തോഷ സന്താപങ്ങൾക്ക് പ്രാമുഖ്യം നൽകുകയും ചെയ്യുന്നു…
കാലത്തിൻ്റെ കുത്തൊഴുക്കിൽ
കാലാഹരണപ്പെട്ട
ചില മിത്തുകളുണ്ട്.
കാലയവനികക്കുള്ളിൽ കടന്നു വന്ന നൂതന രീതികളിൽ
ഇവ പാഷനായി മാറുമ്പോൾ
കാത്തിരിക്കാനാളില്ലാതെ,കടവുകളും,പുഴക്കരക്കളും,പൂക്കളുമില്ലാതെ മറ്റെന്തിനോ വേണ്ടി വഴി മാറുന്ന സന്തോഷങ്ങൾ എല്ലാം ഓർമ്മകളായി മാറ്റുന്നു..
ചിലർ തലയിണക്കരികിൽ ചേർന്ന് ദു:ഖങ്ങളുടെ ഓർമ്മകൾ കൊണ്ട് തുലാമഴ പെയ്തിറക്കുമ്പോൾ കാണാം നീറുന്ന,പുകയുന്ന നൂറ്,നൂറ് ജന്മങ്ങൾ…
പോയ കാലത്തിൽ വീണ്ടെടുക്കാൻ പറ്റുന്ന കാലത്തിൻ്റെ സൗന്ദര്യമിനിയും നമുക്കേവർക്കും നയന മനോഹരവും കുളിർമ്മയും നൽകുവാൻ കഴിയുമാറാകട്ടെ..

മുരളി കൃഷ്ണൻ വണ്ടാനം

By ivayana