രചന : പോളി പായമ്മൽ ✍

അബുദാബി നേവൽ ഷിപ്പ് യാർഡിൽ പതിവ് പോലെയുള്ള മോണിട്ടറിങ്ങിനിടയിൽ ജനറേറ്റർ റൂമിലെത്തിയപ്പോഴാണ് ആ കാഴ്ച കണ്ടത്. എയർ ഹോളിനകത്തൂടെ പറന്നു വന്ന ഒരു കിളി വന്ന വഴി മറന്ന് റൂമിനകത്ത് അങ്ങോട്ടും ഇങ്ങോട്ടും പരക്കം പായുന്നു.
ജനറേറ്റർ സ്റ്റാർട്ട് ചെയ്ത് റീഡിങ്ങെടുക്കാൻ ശ്രമിച്ചാൽ 750 kva ജനറേറ്ററിന്റെ ഘോര ശബ്ദത്താൽ അത് കൂടുതൽ പരിഭ്രാന്തിയിലകപ്പെടുകയോ ചിലപ്പോൾ ഭയപ്പെട്ട് സ്ഥലകാല ബോധമില്ലാതെ ജനറേറ്ററിന്റെ ഫാനുകൾക്കിടയിൽ കുരുങ്ങി അതിന്റെ ജീവൻ നഷ്ടപ്പെടുകയോ ചെയ്യാം.


ടെസ്റ്റ് റൺ ചെയ്യാതെ റൂമിനകത്തെ ലൈറ്റെല്ലാം ഓഫ് ചെയ്ത് വാതിൽ തുറന്നിട്ട് മെല്ലെ പുറത്ത് കടന്ന് ആ കിളി പറന്നുപ്പോകുന്നതും നോക്കി ഞാൻ നിന്നു.
ആ കിളി പുറത്തു പോയിട്ട് വേണം ജനറേറ്റർ പ്രവർത്തിപ്പിക്കാനും യാർഡിലെ മറ്റുള്ള യൂട്ടിലിറ്റി ബിൽഡിംങ്ങുകളിലുള്ള ജനറേറ്റർ ടെസ്റ്റ് റൺ നടത്താനും റീഡിംങ്ങ് എടുക്കാനുമൊക്കെ.ജനറേറ്റർ ലോഡ് ടെസ്റ്റില്ലാത്തതു കൊണ്ട് അന്നെന്റെ കൂടെ സഹപ്രവർത്തകർ ആരും തന്നെ ഉണ്ടായിരുന്നില്ല.


അങ്ങനെ കുറച്ചു നേരം കാത്തിരുന്നിട്ടും ആ കിളി പറന്ന് പുറത്തേക്ക് വരുന്ന ലക്ഷണമൊന്നും കാണുന്നില്ല.
എന്നാൽ അതിനെ എങ്ങനെയെങ്കിലും പിടിച്ച് പുറത്തു കടത്തി പറത്തി വിടാമെന്ന് വിചാരിച്ച് ഞാൻ അകത്തു കടന്നു. ഒത്തിരി കഷ്ടപ്പെട്ട് അതിനെ പിടിക്കാൻ ശ്രമിച്ചിട്ടും എല്ലാം വെറുതെയായ്. പോരാത്തതിന് രാവിലെ ബ്രേക്ക് ഫാസ്റ്റൊന്നും കഴിക്കാതെ ഡ്യൂട്ടിക്ക് വന്നതിനാൽ ഞാനും വല്ലാണ്ടായ്.
നേരം വൈകിയാലുള്ള ബുദ്ധിമുട്ടും ഇതൊക്കെ കണ്ട് മാനേജരൊക്കെ ഈ വഴി വന്നാൽ പൊല്ലാപ്പാവുമല്ലോ എന്നോർത്തുമാണ് എന്റെ സങ്കടം ഞാൻ ആ കിളിയോട് ബോധിപ്പിച്ചത്.


എന്റെ പൊന്നുക്കിളിയേ, ഞാൻ നിന്നെ പിടിച്ചു കൊല്ലാനല്ല വന്നത്, രക്ഷപ്പെടുത്താനാ.. ഒന്നുകിൽ നീ സ്വയം ഇവിടെ നിന്നും പറന്നു പോവുക അല്ലെങ്കിൽ നീയെനിക്ക് പിടി തരിക.ഞാൻ നിന്നെ സുരക്ഷിതമായ് പുറത്ത് കടത്താം.. എനിക്ക് എന്റെ ജോലി ചെയ്യേണ്ടതുണ്ട്. മനസാക്ഷിയുള്ളതു കൊണ്ടാ പറയണേ..
എന്റെ ദയനീയമായ റിക്വസ്റ്റ് മനസ്സിലാക്കിയിട്ടോ എന്തോ ആ കിളി എന്നെ അൽഭുതപ്പെടുത്തി കൊണ്ട് പെട്ടെന്ന് എന്റെ തോളിൽ വന്നിരുന്നു.
ഞാൻ അതിനെ മെല്ലെ പിടിച്ച് അതിന്റെ ചിറകുകളിൽ തഴുകി മെല്ലെ പുറത്തു കൊണ്ടുപ്പോയ് മേലോട്ട് പറത്തി വിട്ടു. അപ്പോൾ ആ കിളിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ തീരെ ഗൗനിച്ചില്ല.


ഒരു നന്മ ചെയ്ത സന്തോഷത്തോടെ തികഞ്ഞ ആത്മ സംതൃപ്തിയോടെ ലൈറ്റെല്ലാം തെളിച്ച് ജനറേറ്റർ ഓൺ ചെയ്യാൻ പോവുമ്പോൾ ഒരു കൂട്ടം
കുഞ്ഞുക്കിളികളുടെ കരച്ചിൽ ഞാൻ കേട്ടു. റൂമിനകത്തെ സ്പ്ലിറ്റ് എ.സി ക്കു മേലെ ഒരു കിളിക്കൂട് ..!!

By ivayana