ജീവിതം അന്നു മുതലാണ്
ശരിക്കും തുടങ്ങുന്നതെന്നങ്ങ്
വിചാരിക്കും!
ചുവന്നു തുടുത്ത
ഒരു പുതിയ സൂര്യനെ നോക്കി
പ്രഭാതത്തിൽ എന്നും
ചിരിക്കാൻ തുടങ്ങും
ഒരു പനിനീർച്ചെടിയുടെ കമ്പ്
മുറ്റത്ത് കുത്തി
എന്നും നനയ്ക്കാൻ തുടങ്ങും
പിണങ്ങി നിൽക്കുന്നവരെയൊക്കെ
നേരിട്ട് പോയിക്കണ്ട്‌
അവരുടെ കൈയെടുത്ത്
ചുണ്ടോട് ചേർക്കും
നേരിട്ട് കാണാൻ സാധിക്കാത്തവരെ
ഫോണിൽ വിളിച്ച്
ക്ഷമാപണം നടത്തും
പുലരും മുമ്പേ ഉണർന്ന്
തൊടിയിലെ മരച്ചില്ലകളിൽ കേൾക്കുന്ന
കിളികളുടെ ശബ്ദത്തെ
റെക്കോഡിംഗ് മോഡിലാക്കി
ഹൃദയത്തിലേക്ക് പതിപ്പിക്കും
മുറ്റത്ത് നിറയെ വിടർന്ന് നിൽക്കുന്ന
ചന്ദ്രകാന്തിപ്പൂക്കളുടെ വിത്തുകൾ
മനസ്സിനുള്ളിലേക്ക് അടർത്തിയിടും
വേനലിൻ വള്ളിയാൽ
മീനമാസക്കൊമ്പിലൂഞ്ഞാല് കെട്ടും
ഉത്സവപ്പറമ്പുകളിലെ
കരിവീരൻ രാമചന്ദ്രൻ്റെ തലയെടുപ്പോടെ
ജീവിതത്തെ നോക്കി
തുമ്പിക്കൈയുയർത്തി സലാം പറയും
രുചിച്ചു തീരാത്ത ഉപ്പും
അനുഭവിക്കാത്ത ആഴങ്ങളെയും
ബാക്കിയാക്കി
ഒരു കടലിനെ
പിരിഞ്ഞു പോവുന്നതെങ്ങനെ?
മുമ്പെന്നത്തേക്കാളുമുപരി
ഞാൻ എന്നെ സ്നേഹിക്കും!!!
കണ്ണും കാതും കവിതയും
വെച്ചളന്ന ലോകത്തെ നോക്കി
നീ എനിക്ക് വേണ്ടി മാത്രം
പിറന്നവളാണെന്ന്
ഉറക്കെ വിളിച്ചു പറയും !!!
പ്രിയപ്പെട്ടവരെ നെഞ്ചോട് ചേർക്കും
മുമ്പെന്നത്തേക്കാളുമുപരി
എൻ്റെ കണ്ണുകളിൽ നിങ്ങൾ
നിലാക്കുഞ്ഞുങ്ങൾ
തോട് പൊട്ടി വിരിയുന്നതു കാണും
മുമ്പെന്നത്തേക്കാളുമുപരി
എൻ്റെ വാക്കുകളിൽ നിങ്ങൾ
ആകാശച്ചെരുവിലെ
മേഘഗർജ്ജനം ശ്രവിക്കും
പറിച്ചിട്ട പഴയ തൂവലുകൾക്കു പകരം
പുതിയ ചിറകുകൾ മുളച്ച
ജഡായുവാവും
ക്യാൻസർ എന്ന രാവണൻ
വെറുമൊരു ഇര മാത്രമായി മാറും
………………

രാജേഷ് കോടനാട്

By ivayana