രചന : രാജീവ് രവി.✍
മിഴി എഴുതിയെൻ കവിത
പകലുറക്കത്തിലേക്കിറങ്ങവേ
അരനാഴികനേരത്തെ ഉച്ചയുറക്കത്തിൽ
അവളൊരു സ്വപ്നം കണ്ടു ,
കവിതകൾ വില്ക്കും കമ്പോളത്തിൽ
അവളും വില്പന ചരക്കാവുന്നെന്ന്…
പ്രണയനാളമെരിയും
കവിതകൾ വിരഹ രക്തം
കിനിഞ്ഞിറങ്ങുംകവിതകൾ
പ്രതികാരാഗ്നി പതഞ്ഞു പൊങ്ങും
കവിതകൾ മരണമണികൾ
നീളേ മുഴങ്ങുംകവിതകൾ …
പല തരം ബഹു വിധം
കവിതകളുള്ള കമ്പോളം ,
വാങ്ങുന്നവൻ്റെ മനമറിഞ്ഞ്
വിൽക്കുന്നവനും തന്ത്രം മെനയുന്നു….
പലതരം കപട തന്ത്രങ്ങൾ
കണ്ട് കവിത ചിരിക്കുന്നു.
ചിരിച്ചു ചിരിച്ചു കണ്ണുകൾ നിറയുന്നു….
നിറഞ്ഞൊഴുകുന്ന കണ്ണുനീർ
തുള്ളികൾ താഴേയ്ക്കു പതിച്ച്
കവിത കോറിയ കടലാസു
കുതിർന്ന് വരികൾ മായുന്നു.
ഒരിക്കലും വായിച്ചെടുക്കാനാവാതെ….
ആർക്കും മനസ്സിലാവാതെ
ആരും മനസ്സിലാക്കാതെ…

