രചന : എം പി ശ്രീകുമാർ✍
ഉറക്കം ഉണർന്നിരിയ്ക്കുന്നു
രാത്രിയിൽ .
ഉണർവ്വ് ഉണർന്നിരിയ്ക്കുന്നു
പകൽ .
പ്രഫുല്ലപ്രകാശം പ്രസരിയ്ക്കുന്നു
പ്രഭാതത്തിൽ.
വശ്യമോഹനമാർന്ന ലാസ്യകുങ്കുമം
ഉതിർന്നു പടരുന്നു
സായംസന്ധ്യയിൽ .
ഇരുൾമുടിച്ചുരുളിൽ രാപ്പൂക്കൾ വിടരുന്നു
രാത്രിയാമങ്ങളിൽ.
കാർമേഘങ്ങൾ പാറിപ്പറന്ന്
മഴയായ് പെയ്തിറങ്ങുന്നു
വർഷകാലത്തിൽ.
കുളിർമഞ്ഞ് തീർത്ഥം തളിയ്ക്കുന്നു
ശിശിരത്തിൽ.
വർണ്ണസുഗന്ധങ്ങളോടെ
നറുമലരുകൾ നൃത്തമാടുന്നു
വസന്തത്തിൽ.
വെളിച്ചവും ചൂടും തിളച്ചുമറിയുന്നു
വേനലിൽ.
ഓരോന്നിനും പ്രകൃതിയും നിയതിയും
നിശ്ചയിയ്ക്കപ്പെട്ട മുഹൂർത്തങ്ങൾ,
ഇപ്രകാരം കടന്നുവരുന്നുണ്ട്.
ഋതുക്കളും ദിനരാത്രങ്ങളും
ആവർത്തനങ്ങളെന്നത്
വെറും തോന്നൽ മാത്രമാണ്.
ഓരോന്നും ഒരിയ്ക്കൽ മാത്രം വന്നശേഷം
എന്നേയ്ക്കുമായ് അകന്നു പോകുകയാണ്.
പിന്നീടു വരുന്നത് മറ്റൊന്നാണ്.
നമുക്കായ് നിശ്ചയിയ്ക്കപ്പെട്ടതിന്റെ
എണ്ണം തികയുമ്പോൾ അത് നിലയ്ക്കുന്നു.
പൊയ്പോയയൊന്നിന്റെ പൊടിപോലും
എത്ര നിനച്ചാലും
പിന്നീടൊരിയ്ക്കലും കാണുകയില്ല.
വ്യക്തിജീവിതത്തിലും
കുടുംബ ജീവിതത്തിലും
സമൂഹ ജീവിതത്തിലും
ഇത്തരം മുഹൂർത്തങ്ങൾ കടന്നുവരുന്നുണ്ട്.
ഉണരുന്ന ഉൽകൃഷ്ടമുഹൂർത്തങ്ങളെ
അറിയാതെ പോകുന്നതും
അവഗണിയ്ക്കുന്നതും
അലസത ഭാവിയ്ക്കുന്നതും മൗഢ്യമാണ്.
മൗഢ്യം വിട്ടുണരുമ്പോൾ
അവ കണ്ണെത്താത്ത അകലങ്ങളിലായിരിയ്ക്കും
അഥവാ അകലങ്ങളിൽ പോലും
ഉണ്ടായിരിയ്ക്കില്ല.
ഒരിയ്ക്കൽ അനുഗ്രഹങ്ങളായ് തേടിവന്നതൊ,
കൂടെനിന്നതൊ, അരികിലണഞ്ഞതൊ
ആയ ആ മുഹൂർത്തങ്ങളെ
പിന്നീടൊരിയ്ക്കലും കാണുവാനാകില്ല !

