രചന : കാവല്ലൂർ മുരളീധരൻ ✍
ജീവിതത്തിൽ എപ്പോഴും ആരെങ്കിലും കൂടെ ഉണ്ടാകണം എന്നത് നിർബന്ധമാണോ? അല്ല എന്നാണ് ജീവിതം പഠിപ്പിക്കുന്നത്. തീർച്ചയായും ആരെങ്കിലും കൂടെയുണ്ടാകുന്നത് വളരെ മനോഹരങ്ങളായ നിമിഷങ്ങൾ ജീവിതത്തിൽ സൃഷ്ടിക്കും എന്നു കരുതി ആരും കൂടെയില്ലാതെയും സ്വയം പൊരുതി ജീവിക്കാനും നമ്മൾ പഠിക്കണമല്ലോ. ജീവിതത്തിലെ മാന്ത്രികനിമിഷങ്ങൾ മനുഷ്യർക്ക് സ്വയം സൃഷ്ടിക്കാനും കഴിയില്ലേ?
ആറുമണിക്ക് മുമ്പ് ജോലിക്കിറങ്ങണമെന്നത് അയാൾക്ക് നിർബന്ധമാണ്. മുറിയിൽ നിന്ന് ഓഫീസിലേയ്ക്ക് കുറച്ചു ദൂരമേയുള്ളൂ. അവിടേക്ക് അയാൾ നിർബന്ധപൂർവ്വം മാറിയതാണ്. അല്ലെങ്കിൽ റോഡിൽ മണിക്കൂറുകളോളം കാറിൽ കുടുങ്ങിക്കിടക്കേണ്ടി വരും. ഉയർന്നുപൊങ്ങുന്ന രക്തസമ്മർദ്ദത്തിന്റെ ഒരു കാരണം കൂടിയായിരുന്നു അത്.
ശൈത്യകാലമായതിനാൽ നേരം വെളുക്കാൻ ഇപ്പോൾ വൈകുന്നുണ്ട്. തണുപ്പ് തുടങ്ങിയതിനാൽ നിരത്തിൽ ആളുകൾ കുറവാണ്. മാത്രമല്ല ഈ ആഴ്ച സ്കൂളുകൾക്ക് നീണ്ട ആഴ്ച അവധിയാണത്രെ. സാധാരണ അവധിയൊടൊപ്പം, വ്യാഴാഴ്ചയും ഞായറാഴ്ചയും കൂട്ടിച്ചേർക്കുന്ന നാല് ദിവസം നീണ്ട അവധി. സ്കൂൾ ഇല്ലെങ്കിൽ പിന്നെ കാലത്ത് നിരത്തുകൾ വിജനമായിരിക്കും.
അതിരാവിലെ അരിച്ചിറങ്ങുന്ന കുളിരനുഭവിച്ചു അയാൾ നടക്കും. കാറ്റും തണുപ്പും കൂടിയാൽ ചെവിമൂടികെട്ടുന്ന തൊപ്പി ബാഗിൽത്തന്നെയുണ്ട്. തണുപ്പ് തട്ടിയാൽ പനി അള്ളിപ്പിടിക്കും. ഒന്നനങ്ങാൻപോലും ആകാതെ കിടപ്പിലായിപ്പോയാൽ വലിയപാടാണ്. തിരക്കുകളില്ലാതെ തനിച്ചു കിടക്കേണ്ടി വരുമ്പോൾ അയാൾ ഒറ്റപ്പെടലിന്റെ ദ്വീപിൽ തനിച്ചായിപ്പോകും. ഈ സമയവും കടന്നുപോകും എന്ന മന്ത്രം നിരന്തരമായി ഉരുവിട്ടുകൊണ്ടേയിരിക്കും.
ചിലപ്പോൾ തോന്നും താനും വെറും മനുഷ്യനാണ് എന്ന് തന്നെ ഓർമ്മിപ്പിക്കാനാണ് രോഗങ്ങൾ പിടിപെടുന്നതെന്ന്. മനുഷ്യൻ, വെറും മനുഷ്യൻ. താൻ എന്തോ ആണെന്ന് ഭാവിച്ചു നടക്കുന്ന മനുഷ്യൻ, ഒരു പനി മതി, അടിച്ചുകൂട്ടി കുടഞ്ഞെറിഞ്ഞു, ഒരു കട്ടിലിലേക്ക് തളർത്തിക്കിടത്താൻ.
ഞാൻ എന്ന അഹംഭാവത്തെ അതിവേഗം തോൽപ്പിച്ചുകിടത്തുന്ന അവസ്ഥയാണ് രോഗങ്ങൾ.
എതിരെ വരുന്ന ടാക്സികൾ നടന്നുപോകുന്ന അയാളെക്കാണുമ്പോൾ ഹോൺ അടിക്കും, ലൈറ്റുകൾ ഹൈബീം ഇടും, നിങ്ങൾക്ക് ഞങ്ങളുടെ സേവനം ആവശ്യമുണ്ടോ എന്ന ചോദ്യമാണത്. അയാൾ ചിരിച്ചു മുന്നോട്ടു നടക്കും.
ജീവിതം തനിക്കെന്താണ് തരുന്നത്, അല്ലെങ്കിൽ ജീവിതത്തിൽ താനെന്താണ് തേടുന്നത്?
അതൊരു വലിയ ചോദ്യമാണ് തരുന്നതും തേടുന്നതും – അതിനിടയിലെ സംഘർഷങ്ങൾ തന്നെയല്ലേ നമ്മുടെ ജീവിതങ്ങൾ.
ആരോടും പറയാതെ അവനവനിൽ നിന്നിറങ്ങിപ്പോകുന്ന ചിലരുണ്ട്. അവർ സത്യത്തിൽ സ്വയം തേടുന്നവരാണ്. ചിലപ്പോൾ കണ്ടെത്തില്ല എന്നറിഞ്ഞും അവർ തേടിക്കൊണ്ടിരിക്കും. ഇല്ലാത്ത ഒന്നിനെ തേടിക്കൊണ്ടേയിരിക്കുക, അതാണ് താൻ എന്ന് തെറ്റിദ്ധരിക്കുക. അവനവന്റെ വ്യക്തിത്വം തിരിച്ചറിയാനാകാത്ത അവൻ സ്വയം വ്രണിതനാകും. എന്തിനാണ് ഇങ്ങനെ ഓരിയിടുന്നത് മനസ്സേ, എന്നുറക്കെ ചോദിക്കും. അവസാന നിമിഷംവരെ താൻ പോരാളിയായിരുന്നെന്നു തെറ്റിദ്ധരിക്കും. നിങ്ങൾ മറഞ്ഞുപോയാൽ പിന്നെ ലാഭനഷ്ടങ്ങളുടെ കണക്ക് സ്വയം അന്വേഷിക്കില്ലല്ലോ.
അപ്പോൾ ആ ദിവസംവരെ മാത്രമേ നമുക്ക് കണക്കുകൾ സൂക്ഷിക്കേണ്ടതുള്ളൂ. എന്നിട്ടും നാം എന്തുകൊണ്ടാണ് ജീവിതം മുഴുവൻ കൂട്ടിവെക്കുന്നവരാകുന്നത്. ഒന്നും കൊണ്ടുപോകാൻ കഴിയില്ല എന്ന് നൂറ്റിയൊന്നുതവണ ആവർത്തിക്കുന്ന നമ്മൾ സ്വാർത്ഥതയിൽ മുങ്ങി ഉറങ്ങുന്നവരാണ്.
പ്രണയംപോലും സ്വന്തം ജീവിതകാലം മുഴുവൻ ദീർഘകാല നിക്ഷേപമായി ഇട്ടിരിക്കുന്ന ഒരുപാടു പേരുണ്ട്. അവിടെ പ്രണയം പലിശനിറഞ്ഞു പെരുകുകയല്ല, മറിച്ചു ഉപയോഗിക്കാതിരുന്നാൽ കുറഞ്ഞുവരുന്ന ഒരു നിക്ഷേപമാണ് പ്രണയം.
തനിക്കു പ്രണയമില്ലേ? പിന്നെ, ധാരാളം. അക്ഷരങ്ങളാണ് എന്റെ പ്രണയം. എന്റെ മുന്നിലേക്ക് ചുരുൾ വിടർന്നു വീഴുന്ന വാക്കുകളോടും വാക്യങ്ങളോടും ആണ് എന്റെ പ്രണയം. അതിലൂടെ എന്റെ പ്രണയം ഞാൻ നിങ്ങളിലേക്ക് ഒരു ചിത്രശലഭമായി പറന്നു വന്നു ജീവിതത്തിന്റെ വർണ്ണങ്ങളും തൂവൽസ്പർശങ്ങളും അനുഭവിപ്പിക്കുവാൻ ശ്രമിക്കുകയാണ്. നിങ്ങളുടെ കണ്ണുകളിൽ വിടർന്നു പ്രഭ പരത്തുന്ന തിളക്കങ്ങളാണ് എന്റെ സന്തോഷങ്ങൾ.
ശരിക്കും വട്ടാണല്ലേ?
അത് കണ്ടെത്താൻ നിങ്ങൾ ഇത്രയധികം സമയമെടുത്തോ?

