ഭക്തരുടെ ശരണം വിളികൾക്ക് ഇടയിൽ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. പതിനായിരക്കണക്കിന് ഭക്തരുടെ സാന്നിധ്യത്തിലാണ് മകരജ്യോതി തെളിഞ്ഞത്. ലോകമെമ്പാടുമുള്ള ഭക്തരുടെ മനസ് നിറച്ചുകൊണ്ടാണ് മൂന്ന് തവണ മകരവിളക്ക് തെളിഞ്ഞത്. പിന്നാലെ ആകാശത്ത് ഉത്രം നക്ഷത്രവും ഉദിച്ചുയർന്നു. ദീപാരാധനയ്ക്ക് ശേഷം ശബരിമല നട തുറന്നതിന് പിന്നാലെയാണ് മകരജ്യോതി തെളിഞ്ഞത്.

സന്നിധാനത്ത് ആയിരക്കണക്കിന് ആളുകൾ ആണ് പർണശാലകൾ കെട്ടി കാത്തിരുന്നത്. ഭക്തി സാന്ദ്രമായ അന്തരീക്ഷമായിരുന്നു ഓരോ പർണശാലകളിലും കാണാൻ കഴിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ ദർശനതിന് എത്തിയവൾ ഉൾപ്പെടെ ആയിരക്കണക്കിന് ഭക്തരാണ് സന്നിധാനത്ത് മകരജ്യോതി തെളിയുന്നത് കാണാനായി കാത്തുനിന്നത്.

തിരുവാഭരണ ഘോഷയാത്ര വൈകീട്ട് 6.20ഓടെയാണ് സന്നിധാനത്തേക്ക് എത്തിയത്. തിരുവാഭരണ വാഹകസംഘത്തെ ദേവസ്വം മന്ത്രി വിഎൻ വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ ജയകുമാർ, അംഗങ്ങളായ പിഡി സന്തോഷ് കുമാർ, കെ രാജു തുടങ്ങിയവർ ചേർന്ന് സ്വീകരിക്കുകയായിരുന്നു. തുടർന്ന് 6.40ഓടെ നട തുറക്കുകയും ദീപാരാധന നടക്കുകയും ചെയ്‌തിരുന്നു. സോപാനത്ത് തിരുവാഭരണ പേടകം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരി എന്നിവർ ഏറ്റുവാങ്ങിയിരുന്നു. പന്തളം കൊട്ടാരത്തിൽ നിന്ന്‌ എത്തിച്ച തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് പിന്നാലെ മകരജ്യോതി തെളിഞ്ഞതോടെ ഭക്തർ ശരണംവിളികളോടെയാണ് ഇത് ദർശിച്ചത്. വലിയ നടപ്പന്തലിലൂടെ എത്തിയ തിരുവാഭരണങ്ങൾ, ആഴിക്ക് സമീപമുള്ള ആൽത്തറയിൽ വട്ടമിട്ട് പ്രദക്ഷിണം വെച്ച ശേഷമായിരുന്നു പതിനെട്ടാം പടി കടന്ന് സന്നിധാനത്തെത്തിയത്. വലിയ നടപ്പന്തലിന്റെ ഇരു ഭാഗങ്ങളിലായി ഒത്തുകൂടിയ ഭക്തർ ശരണം വിളികളോടെയാണ് തിരുവാഭരണത്തിന്റെ വരവും മകരജ്യോതിയും ദീപാരാധനയും സ്വീകരിച്ചത്.

By ivayana

Leave a Reply

Your email address will not be published. Required fields are marked *