രചന : കെ.ആർ.സുരേന്ദ്രൻ ✍️
വടക്ക് നിന്നുള്ള ബസ്സ്
വിറയലോടെ നില്ക്കും.
ഇറങ്ങുന്ന അപരിചിതരെ
ശ്രദ്ധിക്കേണ്ട.
അവർക്ക് നിന്നെ അറിയില്ല.
റോഡ് മുറിച്ച് കടക്കുക.
തെക്കോട്ട് നടക്കുക.
വലത്തോട്ട്
കറുത്ത
പരവതാനിയായൊഴുകുന്ന
റോഡിലൂടെ നടക്കുക.
പണ്ടതൊരു പൊട്ടിപ്പൊളിഞ്ഞ
ഇടവഴിയായിരുന്നെന്ന് നിനക്കറിയാം.
നേരെ നടക്കുക.
പുതുക്കിപ്പണിത
വായനശാല കാണാം.
പണ്ട് അതൊരു
ഇടിഞ്ഞുപൊളിഞ്ഞ
ലോകമായിരുന്നെന്ന്
നിനക്കറിയാം.
വായനശാലക്ക് മുന്നിലെത്തി
ഇടത്തോട്ട് ഒരു പത്തടി
നടക്കുക.
കോൺക്രീറ്റ് മതിലുകളാൽ
തീർത്ത പുരയിടങ്ങളിൽ
മാർബിളിലും ഗ്രാനൈറ്റിലും
എഴുതിയ കവിതകൾ
വായിക്കാം.
വായിക്കാതിരിക്കാം.
പണ്ട് കാട്ടുകല്ലികളിൽത്തീർത്ത
കയ്യാലകളായിരുന്നുയെന്ന്
നിനക്കോർമ്മ വന്നേക്കാം.
കോൺക്രീറ്റ് മതിലുകൾക്കപ്പുറം
ഇല്ലിക്കാടുകളുടെ
മർമ്മരങ്ങളും
ഓർമ്മകളുടെ മർമ്മരങ്ങളായേക്കാം.
നേരെ നടക്കുക.
വേണമെങ്കിൽ
ഇരുവശങ്ങളിലും
നോക്കി നടക്കാം.
കറുത്ത പരവതാനി
അവസാനിക്കുന്നിടത്ത് കൊട്ടോമ്പടി.
കൊട്ടോമ്പടി കടക്കുക.
ഇടത്തും വലത്തും
അരയാൽത്തറകൾ.
അരയാലിലകളുടെ
കീർത്തനാലാപം കേൾക്കാം.
അരയാൽത്തറകളിൽ
ചെറുപ്പക്കാരുടെ
സായാഹ്‌ന സദസ്സ് വീക്ഷിക്കുക.
ഒരിക്കൽ നീ നിന്റെ
പിരിഞ്ഞുപോയ
സ്നേഹിതരോടൊത്ത്
അവിടെ പങ്കിട്ട
നിമിഷങ്ങളോർത്തെന്ന് വരും.
ദീർഘമായി നിശ്വസിച്ചെന്ന് വരും.
അമ്പലത്തിന്റെ
വലത്തോട്ട് നടന്നാൽ
അമ്പലക്കുളം.
കടവിലിറങ്ങി
കൈകാൽ മുഖം കഴുകി,
തിരികെ അമ്പലത്തിലേക്ക്.
ഷർട്ടൂരി കൈയ്യിലിട്ട്
ശ്രീകോവിലിന് മുന്നിൽ.
പ്രാർത്ഥനകൾ
മനസ്സിൽ മാത്രം.
പ്രദക്ഷിണം വേണമെങ്കിൽ ആവാം.
അപരിചിതനായ തിരുമേനി
കിണ്ടിയിൽ നിന്ന് പകരുന്ന തീർത്ഥം.
പ്രസാദം നെറ്റിയിൽ
ചാർത്താം.
എവിടെ നിന്നോ
ഒരു ശാലീനതയുടെ
തേങ്ങൽ
ചെവിയിലലച്ചേക്കാം.
പഴയ തിരുമേനി
ഒരു നിമിഷം
മന:കണ്ണാടിയിൽ
തെളിഞ്ഞേക്കാം.
തിരികെ നടക്കുക.
അമ്പലമുറ്റത്തെത്തി ഇടത്തോട്ട്.
പടിഞ്ഞാറേ കൊട്ടോമ്പടി
കടക്കേണ്ട.
അപ്പുറം ഒരു കാലത്തെ
പാടത്തിൻ്റെ
ഹരിതാഭയുടെ
മാഞ്ഞ് പോയ
അപാരത ഓർമ്മയിലെത്തിയേക്കാം.
പാടത്തിന്റെ അനന്തത
മാഞ്ഞിരിക്കുന്നു.
അവിടെ നിറയെ
വില്ലകൾ നെറ്റിപ്പട്ടം
കെട്ടിനില്ക്കുന്നു.
അതിലൊന്ന് നിന്റേതാകാം.
ആകാതിരിക്കാം. നിനക്കറിയില്ല.
അവിടെ ഇന്നാരെന്നും
നിനക്കജ്ഞാതം.
ഓർമ്മകളുടെ
അറകളടച്ച്
തിരികെ നടന്ന്
കിഴക്കേ കൊട്ടോമ്പടി
കടന്ന്,
റോഡ് കടന്ന്,
വായനശാല കടന്ന്,
തെരുവിലേക്ക്.
വടക്കോട്ടുള്ള
ബസ്സ് കാത്ത് നിൽക്കുമ്പോൾ
ഇവിടെ ഒരു പേരാൽ
കുടനിവർത്തി നിന്നിരുന്നല്ലോ
എന്നോർത്തേക്കാം…
നിശ്വസിച്ചേക്കാം….

