രചന : സതീശൻ നായർ ✍️
ഒരു സ്ത്രീക്ക് വേണ്ടതെന്താണ്..?
ആരും പകച്ചു പോകുന്നൊരു ചോദ്യം..!
ഇത് ഒരു കഥയാണ്..
ഇതൊരു തമാശ കഥയായി കാണേണ്ടവർ അങ്ങനെ..
അല്ലാതെ ചിന്തിക്കണം എന്നുളളവർക്ക് അങ്ങിനെ..
തുടങ്ങാമല്ലേ..?
യുവരാജാവാണ് ആർതർ..
ബുദ്ധിശാലിയും നീതിമാനും ജനങ്ങളുടെ കണ്ണിലുണ്ണിയുമാണ് ആ ചെറു രാജ്യത്തിന് അവിടത്തെ രാജാവ്..
അയൽ രാജ്യത്തെ ചക്രവർത്തി ഈ ചെറു രാജ്യത്തെ പിടിച്ചടക്കി..
രാജാവിനെ തടവിലാക്കി..
സാധാരണഗതിയിൽ ഇങ്ങനെ തടവിലാകുന്നവർ വധശിക്ഷക്കു വിധേയരാവുകയാണ് പതിവ്..
പക്ഷേ രാജാവിൻറെ പ്രായവും രാജ്യത്തിനു വേണ്ടിയുളള നല്ല പ്രവർത്തനങ്ങളും ചക്രവർത്തിയെ അതിൽ നിന്നും പിന്തിരിപ്പിച്ചു..
യുവരാജാവിനെ സ്വതന്ത്രനാക്കാൻ തീരുമാനിച്ചു..
പക്ഷേ ചക്രവർത്തിയുടെ ഒരു ചോദ്യത്തിന് ഉത്തരം നൽകണം..
ചോദ്യമിതാണ്..
‘സ്ത്രീകൾക്ക് യഥാർത്ഥത്തിൽ എന്താണ് വേണ്ടത്’
പ്രയാസമേറിയതാണ് ഈ ചോദ്യം.. അതുകോണ്ട് ഒരു വർഷത്തിനകം ഉത്തരം നൽകിയാൽ മതിയാകും..
അല്ലെങ്കിൽ മരണശിക്ഷക്ക് വിധേയനാകണം..
പണിയായാ..?
ദൈവം തമ്പുരാൻ തോറ്റു പോയൊരു കാര്യമാണ് പെൺ മനസ്സറിയുക എന്നത്..
രാജാവ് നാട്ടിൽ വന്ന് രാജസഭയിൽ ഈ ചോദ്യമുന്നയിച്ചു…
പക്ഷേ ആർക്കും ഇതിന് ഉത്തരം നൽകാനായില്ല..
തല പോയതുതന്നെ..
പ്രശ്നത്തിന് പ്രജകളോടും ഉത്തരമാരാഞ്ഞു..
പക്ഷേ ആർക്കും ആധികാരികമായൊരു ഉത്തരം നൽകാൻ കഴിഞ്ഞില്ല..
അതിനിടക്കാണ് ഒരാൾ ഒരു ദുർമന്ത്ര വാദിനിയെക്കുറിച്ചു പറഞ്ഞത്..
അങ്ങ് കിഴക്കൻ മലഞ്ചരിവിൽ താമസിക്കുന്ന ഏറ്റവും വൃത്തികെട്ട സ്ത്രീ..
അവരുടെ പ്രായമെത്രയാന്ന് ആർക്കുമറിയില്ല..
കൂനിക്കൂടി ആകെയുളള ഒന്നു രണ്ടുപല്ലുകൾ പുകയിലക്കറയുമായി ഒരു വൃത്തികെട്ട രൂപം..
വായ തുറന്നാൽ അഴുക്കു ചാലിൻറെ ദുർഗന്ധവും..
അവരോടീ ചോദ്യം ചോദിക്കുന്നതിന് സഭയിൽ എല്ലാവർക്കും എതിർപ്പായിരുന്നു..
കാരണം അവരതിനു ചോദിക്കുന്ന പ്രതിഫലം ചിലപ്പോൾ രാജാവിൻറെ ജീവനേക്കാൾ വിലയേറിയതായിരിക്കും..
പ്രതീക്ഷിക്കാത്തതെന്തും അവര് പ്രതിഫലമായി ചോദിച്ചേക്കാം..
അതുകൊണ്ടു തന്നെ അത് വേണ്ടാന്നുളള ഭൂരിപക്ഷ അഭിപ്രായത്തെ സഭ മാനിച്ചു..
ചക്രവർത്തി പറഞ്ഞ ദിവസമടുത്തിട്ടും ചോദ്യത്തിന് ഉത്തരം കിട്ടാത്തതിനാൽ ആ മന്ത്രവാദിനി തളളയെ തന്നെ സമീപിച്ചു..
ചോദ്യം കേട്ട സ്ത്രീ ഒന്നു പൊട്ടിച്ചിരിച്ചു..
കർണ്ണ കഠോരമായ സ്വരം..
ഉത്തരം തരാം..
പക്ഷേ എനിക്ക് മന്ത്രി ലാൻസ്ലോട്ടിനെ കല്യാണം കഴിക്കണം..!
എന്തൊരഹങ്കാരമാ..
രാജാവിൻറെ കളിക്കൂട്ടുകാരനും രാജ്യത്തിൻറെ അഭിമാനവുമായ മന്ത്രിയെ കുരുതി കൊടുക്കാനോ..?
രാജാവിന് അതിനോട് യോജിക്കാനായില്ല..
എന്നാൽ മന്ത്രിക്ക് സ്വന്തം ജീവിതത്തേക്കാൾ രാജാവിൻറെ ജീവനാരുന്നു വലുത്..
മനസ്സില്ലാ മനസ്സോടെ രാജാവും സമ്മതം മൂളി..
അവൾ അതിനുളള ഉത്തരം നൽകിയതിങ്ങനെ..
‘ഏതു സ്ത്രീക്കും അവളുടെ ജീവിതത്തിൻറെ ഉത്തരവാദിത്തം അവൾക്കു തന്നെ നൽകുക’
ഈ ഉത്തരം കേട്ട എല്ലാവരും അത് ശരിയാണെന്ന് സമമതിച്ചു..
കാരണം അവളുടെ ഉത്തരവാദിത്തങ്ങളെ ചോദ്യം ചെയ്യുന്നതാണ് അവൾ പിടികിട്ടാത്തൊരു ചോദ്യമായി മാറുന്നത്..
ഉത്തരം തൃപ്തിയായതിനാൽ രാജാവ് മരണശിക്ഷയിൽ നിന്നും രക്ഷപ്പെട്ടു..
മന്ത്രിയും ദുർമന്ത്രവാദിനിയുമായുളള വിവാഹം രാജ്യത്ത് ആർഭാടപൂർവ്വമായി നടന്നു..
ആദ്യരാത്രി അവസാന രാത്രിയാകരുതേ എന്ന് പ്രാർത്ഥിച്ച് മണിയറയിൽ ചല്ലുമ്പോൾ അവിടെ വൃത്തികെട്ട മന്ത്രവാദിനിക്കു പകരം അതിസുന്ദരിയായ രാജകുമാരിയേയാണ് കണ്ടത്..
ഇത്ര നാൾ വിരൂപയായി ജീവിച്ചതിനു കാരണം അന്വേഷിച്ച മന്ത്രിയോട് അവർ പറഞ്ഞു..
മന്ത്രിയുടെ ദയയും കാരുണ്യവും എനിക്കിഷ്ടപ്പെട്ടു..
അതുകൊണ്ട് സുന്ദരിയായി മന്ത്രിയുടെ പാദസേവ ചെയ്യാൻ തീരുമാനിച്ചു..
ഒരു ദിവസത്തിൽ പകുതി ഞാൻ സുന്ദരിയായിരിക്കാം..
മറു പകുതി പഴയ രൂപത്തിലായിരിക്കും..
അതിലേത് വേണമെന്ന് മന്ത്രിക്കു തീരുമാനിക്കാം..
കഷ്ടമായല്ലോ..?
ഏത് തിരഞ്ഞെടുക്കും..
ജനങ്ങളും ബന്ധുക്കളും ഇഷ്ടപ്പെടുന്ന രീതിയിൽ പകൽ ഏറ്റവും മനോഹരമായ രൂപമാണോ തൻറെ ജീവിതം തകർക്കുന്ന വിരൂപതയാണോ വേണ്ടത്..?
മന്ത്രിയുടെ ഉത്തരം വായിക്കും മുമ്പ്
നിങ്ങൾ ഒരു പുരുഷനാണെങ്കിൽ എന്തായിരിക്കും തീരുമാനിക്കുക..?
നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ നിങ്ങളുടെ പുരുഷനിൽ നിന്നും ഏത് തീരുമാനമാണ് പ്രതീക്ഷിക്കുന്നത്..?
തീരുമാനിച്ചോ..?
മന്ത്രി പറഞ്ഞ ഉത്തരം ആ ദുർമന്ത്രവാദിനി രാജാവിന് പറഞ്ഞു കൊടുത്ത ഉത്തരം തന്നെയാണ്..
നിൻറെ ജീവിതത്തിലെന്തു വേണം എന്നതിൻറെ ഉത്തരവാദിത്തം നീ തന്നെ തിരഞ്ഞെടുക്കൂ എന്ന്..!
ആ സ്ത്രീയുടെ തീരുമാനം എല്ലാ സമയത്തും സുന്ദരിയായിരിക്കാനായിരുന്നു..
ഇതില് വല്ല ഗുണപാഠവുമുണ്ടോ..?
നോക്കാം..
1.എല്ലാ സ്ത്രീകളിലും ഒരു ദുഷ്ടയായ സ്ത്രീ ഒളിഞ്ഞിരിപ്പുണ്ട്..
ഇനി അവളെത്ര സുന്ദരിയായാലും..!
2.അവളുടെ ആഗ്രഹങ്ങൾക്കു തടസം നിന്നാൽ അവളിലെ ദുഷ്ടയായ സ്ത്രീ ഉണരും..
അപ്പോൾ എപ്പോഴും സൂക്ഷിക്കുക,.! നിങ്ങളവളെ എങ്ങനെ പരിഗണിക്കുന്നു എന്നത്..
ഒന്നുകില് അവളുടെ വഴി,
അല്ലെങ്കിൽ..
നോ വഴി..!

