രചന : വലിയശാല രാജു ✍️
നമ്മുടെ നിത്യജീവിതത്തിൽ ഒരു കാര്യത്തിന് അനുമതി ലഭിക്കുന്നതിനെയാണ് ‘ഗ്രീൻ സിഗ്നൽ’ എന്ന് വിളിക്കുന്നത്. എന്നാൽ റെയിൽവേയുടെ തുടക്കകാലത്ത് ‘പോകാം’ എന്നതിനെ സൂചിപ്പിച്ചിരുന്നത് പച്ച നിറമായിരുന്നില്ല. ഒരു വലിയ അപകടത്തിന്റെ ഓർമ്മപ്പെടുത്തലിൽ നിന്നാണ് ഇന്ന് നാം കാണുന്ന സിഗ്നൽ നിറങ്ങൾ രൂപപ്പെട്ടത്.
പത്തൊമ്പതാം നൂറ്റാണ്ടിലെ ആദ്യകാല റെയിൽവേ സിഗ്നലുകളിൽ പ്രധാനമായും മൂന്ന് നിറങ്ങളാണ് ഉപയോഗിച്ചിരുന്നത്. നിർത്താൻ ചുവപ്പും, ജാഗ്രത പാലിക്കാൻ പച്ചയും, സുരക്ഷിതമായി മുന്നോട്ട് പോകാൻ വെള്ളയുമായിരുന്നു അന്നത്തെ ക്രമം. മണ്ണെണ്ണ വിളക്കുകൾക്ക് മുന്നിൽ നിറമുള്ള ചില്ലുകൾ (Lenses) വെച്ചാണ് അന്ന് വെളിച്ചം നിയന്ത്രിച്ചിരുന്നത്.
ദുരന്തത്തിന് കാരണമായ ആ ചില്ല്
പണ്ട് നടന്ന ഒരു ട്രെയിൻ അപകടമാണ് ഈ സിഗ്നൽ രീതിയെ അടിമുടി മാറ്റിയത്. ഒരു റെയിൽവേ സിഗ്നൽ പോസ്റ്റിലെ ചുവന്ന ചില്ല് അവിചാരിതമായി പൊട്ടിപ്പോയി. ചുവന്ന ചില്ല് ഇല്ലാതായതോടെ വിളക്കിന്റെ സ്വാഭാവികമായ വെള്ള വെളിച്ചം പുറത്തേക്ക് വന്നു. ദൂരെ നിന്ന് ഈ വെളിച്ചം കണ്ട ലോക്കോ പൈലറ്റ് അത് ‘പോകാനുള്ള’ (Clear) സിഗ്നലാണെന്ന് തെറ്റിദ്ധരിക്കുകയും ട്രെയിൻ മുന്നോട്ട് എടുക്കുകയും ചെയ്തു. യഥാർത്ഥത്തിൽ അവിടെ നിർത്താനുള്ള ചുവപ്പ് കത്തേണ്ടതായിരുന്നു. ഈ തെറ്റിദ്ധാരണ വലിയൊരു ദുരന്തത്തിന് വഴിതെളിച്ചു.
ഈ അപകടത്തിന് ശേഷം റെയിൽവേ അധികൃതർ വെള്ള വെളിച്ചത്തെ ‘പോകാം’ എന്ന സിഗ്നലിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി. കാരണം, ഏതെങ്കിലും കാരണവശാൽ സിഗ്നലിലെ നിറമുള്ള ചില്ലുകൾ പൊട്ടിയാൽ അത് വെള്ള വെളിച്ചമായി മാറുകയും ഡ്രൈവർക്ക് തെറ്റായ സന്ദേശം നൽകുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഇന്നത്തെ രീതിയിലുള്ള മാറ്റം വന്നത്:
പച്ച (Green): സുരക്ഷിതമായി പോകാം (Go).
മഞ്ഞ (Yellow): ജാഗ്രത പാലിക്കുക (Caution).
ചുവപ്പ് (Red): നിർത്തുക (Stop).
ഇന്ന് പച്ച വെളിച്ചത്തിലെ ചില്ല് പൊട്ടിയാൽ പോലും അത് വെള്ള വെളിച്ചമായി മാറും. അപ്പോൾ ഡ്രൈവർക്ക് അത് നിലവിലുള്ള ഒരു സിഗ്നലല്ലെന്ന് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. കാരണം ഇന്ന് വെള്ള വെളിച്ചം ‘പോകാം’ എന്ന അർത്ഥത്തിൽ ഒരിടത്തും ഉപയോഗിക്കുന്നില്ല.
ശാസ്ത്രവും ചരിത്രവും കൈകോർത്തപ്പോൾ
പ്രകാശത്തിന്റെ തരംഗദൈർഘ്യം (Wavelength) കൂടി കണക്കിലെടുത്താണ് പിന്നീട് ചുവപ്പും പച്ചയും മഞ്ഞയും ലോകമെമ്പാടും സിഗ്നലുകൾക്കായി ഉറപ്പിച്ചത്. ചുവപ്പിന് തരംഗദൈർഘ്യം കൂടുതലായതിനാൽ മഴയിലും മഞ്ഞിലും ദൂരെ നിന്ന് തന്നെ അത് ശ്രദ്ധയിൽപ്പെടും. ഇന്നും സിനിമയിലും ജീവിതത്തിലും നാം ഉപയോഗിക്കുന്ന ‘ഗ്രീൻ സിഗ്നൽ’ എന്ന പ്രയോഗം ഈ റെയിൽവേ ചരിത്രത്തിന്റെ ബാക്കിപത്രമാണ്.

