ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

രഘു നന്ദൻ*

“പെണ്ണേ നമുക്കൊന്ന് നടക്കാനിറങ്ങാം..”
“എങ്ങോട്ടാണ് നന്ദാ …”
“ആ കുന്നിൻ ചെരുവിലേക്ക്..”
“പുറമെ നല്ല മഴല്ലേ…”
(വാക്കുകളിൽ അലസതയായിരുന്നു)
“മഴ അകത്തിരുന്നു ആസ്വദിക്കാൻ ഉള്ളതല്ല പ്രണയത്തിന്റെ പ്രതീകമായ മഴയെ അതിന്റെ തുടിപ്പറിഞ്ഞു സ്നേഹിക്കണം
“വരണം എന്ന് നിർബദ്ധമാണോ..”
“അതേ..!!

കർക്കിടകത്തിലെ വർഷകോൾ അതിന്റെ ഉഗ്ര രൂപമണിഞ്ഞ് നിറഞ്ഞു പെയ്തിരുന്നു.. കുന്നിൻ ചെരുവിലെ ഇടവഴിയിൽ ചെമ്പരുത്തി കാടുകളിലെ ഇല പടർപ്പിൽ മഴത്തുള്ളികൾ ചിന്നം ചിന്നമായി ചിതറി തെറിച്ചിരുന്നു. ഭ്രാന്തിന്റെ മുദ്ര കുത്തിയെങ്കിലും, ചെമ്പരുത്തി പൂക്കളുടെ വശ്യ ഭംഗി ഇന്നേവരെ ഒരു ഭ്രാന്തനും വർണിക്കാൻ കഴിഞ്ഞിട്ടില്ല.
കടും പച്ചക്കാട്ടിലെ രക്ത വർണം പോൽ തുള്ളിക്കൊരു കുടമായി അവ നിറഞ്ഞു നിൽക്കുബോഴും, മഴയുടെ ആഘാതത്തിൽ ചിലതെല്ലാം ഇതളടർന്ന് ഇടവഴിക്കിരുവശവും പൂക്കളങ്ങൾ തീർത്തിരുന്നു.

പ്രണയത്തിന്റെ നനുത്ത കാറ്റിൽ
മഴയുടെ കുളിരിനെ പുതച്ചു കൊണ്ട് ഞാനും അവളും നടന്നു നീങ്ങി..
വിജനമായ വഴിയും, മഴയും, നനഞ്ഞീറനായ കാമുകിയും എന്നിലെ പ്രണയ കാമുകനെ കൂടുതൽ മത്തു പിടിപ്പികുകയായിരുന്നു.
ചെളി നിറഞ്ഞ മണ്ണിൻ ഗന്ധമറിഞ്ഞ്, അവളുടെ പ്രണയത്തിൻ സാമീപ്യം അറിയാനായി മഴയിൽ നിന്ന് കുതറിമാറാൻ കൂട്ടാക്കാതെ ഞാൻ നടന്നു. അവളാകട്ടെ
ഇടക്കിടെ നനഞ്ഞും, കനത്ത മഴയിൽ അലോസരപ്പെട്ട് വലിയ മരങ്ങൾക്കിടയിൽ നിന്നും, ഇലച്ചെടികൾക്കടിയിൽ അഭയം തേടിയും അവൾ ഓടിക്കളിച്ചു.
“അതേ… നന്ദാ … എനിക്ക് വിറയ്ക്കുന്നു
ഇനിയും മഴ കൊണ്ടാൽ പനി പിടിക്കും” വലിയൊരു ചേമ്പില സ്വന്തം തലയിൽ ചൂടി അവൾ പറഞ്ഞു.

“ഈ രാത്രിയിൽ നിനക്ക് ചൂടുപകരാൻ ഞാനും എനിക്ക് ചൂട് പകരാൻ നീയുമില്ലേ….”
ആ നിമിഷം ഞാനൊരു കവിയായ കാമുകനാവുകയായിരുന്നു…
“നന്ദാ അതിന് ഞാനും നീയും ഒരേ പോലെ മഴ നനയുകയല്ലേ..?!
പിന്നെവിടുന്നാ നമുക്ക് ചൂട്? ഉണ്ടാവുക!” അവൾ കണ്ണു മിഴിച്ചു.
ഒരു പ്രണയ കാവ്യം ചിതറിയതിന്റെ വേദനയിൽ ഞാൻ മിഴിപൂട്ടി.
“അതേ.. നമ്മൾ എന്തിനാ ഇപ്പോൾ അവിടെ പോകുന്നത്?” ഈ സമയം അവിടെ എന്താണ് ഇതിന് മാത്രം കാണാൻ ഉള്ളത് അവൾ അരികിൽ വന്ന് ചോദിച്ചു.

ഈ മഴയിലൂടെ നടന്നാൽ……..ഈ ഇടവഴിയിലൂടെ നനഞ്ഞ മണ്ണിൻ മുകളിലൂടെ നനഞ്ഞീറനായ ഇലപ്പടർപ്പുകളെ മുട്ടിയിരുമ്മി നമ്മൾ ഇടവഴിയുടെ അങ്ങേയറ്റത്തെത്തും……. ഒടുവിൽ ഇരുളും വെളിച്ചവും സംഗമിക്കുന്ന ഭ്രാന്തിന്റെ താഴ്വര കാണാം….
“അവിടെ എത്തിയാൽ പ്യൂപ്പ വിടരുന്നത് കാണാം.. മഞ്ഞു മേഘങ്ങളെ കാണാം, കുഞ്ഞു നക്ഷത്രങ്ങളെ പോൽ മിന്നി മറിയുന്ന മിന്നാമിനുങ്ങിന്റെ വെട്ടം കാണാം
“ ആ താഴ്വരയില് വെച്ച് ഞാൻ നിനക്കെന്റെ പ്രണയം പകർന്നു തരും…”
ഞാൻ പ്രണയാതുരനായി പറഞ്ഞു.

” ചുമ്മാ പ്രാന്ത് പറയാതെ.” അവൾ ഈർഷ്യയോടെ കലമ്പി. “ ഒരു കുടയെടുക്കായിരുന്നു…!”
“കുടയോ..?? ഹ ഹ ഹ…” ഞാന് പൊട്ടിച്ചിരിച്ചു.
കുടയെടുക്കാനായിരുന്നെങ്കിൽ നമുക്കാ മുറിയിൽ തന്നെ നിന്നാൽ മതിയായിരുന്നല്ലോ…
“പ്രിയേ….നമ്മുടെ പ്രണയത്തിൻ സാക്ഷിയായി, നമുക്കു വേണ്ടി പെയ്തതാണ് ഈ മഴ… ഈ മഴ രാത്രിയുടെ സൗന്ദര്യം നമുക്ക് മാത്രം അവകാശപ്പെട്ടതാണ് …….” എനിക്ക് മുഴുമിപ്പിക്കാനായില്ല.
“ഏത് പ്രിയ??!! അതാരാ?? വന്ന് വന്ന് നീയെന്റെ പേര് പോലും മറന്നല്ലേ?! ഇനി കല്ല്യാണം കൂടി കഴിഞ്ഞാൽ…??” അവൾ ചൊടിച്ചു.

‘എന്റെ പ്രിയതമേ..!!! കോർപറേറ്റ് പ്രണയത്തിന്റെ ബാക്കി പത്രത്തിന്റെ കൂട്ടി കിഴിവുകളിൽ ദിനവും യന്ത്രങ്ങളെ പോൽ പണിയെടുത്ത്, മൃഷ്ട്ടാന ഭോജനം തിന്നു വീർത്ത നിന്റെ ശരീരത്തിനുള്ളിൽ, തീറ്റയുടെ ആക്രാന്തങ്ങളൾക്കപ്പുറത്ത് , തലയിലടങ്ങുന്ന ടാലിയുടെയും കോസിന്റെയും കണക്കു കൂട്ടലുകൾക്കപ്പുറം പ്രണയത്തിന്റെ ഒരു ഹൃദയമുണ്ടെന്ന് വിശ്വസിച്ച ഞാനെത്ര മണ്ടൻ!!! ’ ഞാൻ മനസ്സിൽ പ്രാകി
“ഹൌ! എന്തൊരു തണുപ്പ്!” അവൾ കൈകൾ കൂട്ടി തിരുമി സ്വയം പിണച്ചു കെട്ടി. “ നന്ദാ ഈ മഴയത്തു നടക്കാൻ നിനക്ക് മടുപ്പ് തോന്നുന്നില്ലേ?” വരൂ നമുക്ക് തിരിച്ചു പോവാം?”
തിന്ന് വീർത്ത് വല്ല അൾസററോ, ഷുഗറോ പിടിച്ചില്ലെങ്കിൽ തൊണ്ണൂർ കഴിഞ്ഞാൽ നീയും കൊതിക്കും ഒരു മഴ നഞ്ഞിരുന്നെങ്കിൽ എന്ന്.
“ആ അത് അപ്പോൾ എല്ലേ..”

“നിനകോർമയുണ്ടോ മഴ നനഞ്ഞു നടന്നിരുന്ന എന്റേയും നിന്റേയും (നിനക്കുണ്ടായിരുന്നോ!) ബാല്യം ?” ഞാൻ ഗൃഹാതുരനായി..
”മഴയില് തുള്ളിക്കളിച്ചത്… പാട വരമ്പിലൂടെ ഓടി നടന്നത് , ഉമ്മറപ്പടിയിലിരുന്ന് തണുത്ത മഴ വെള്ളത്തിൽ കാൽ നനച്ചത്…. കടലാസ്സു വഞ്ചി ഒഴുക്കിയത്….”
“ഞാനങ്ങിനെയൊക്കെ ചെയ്തിട്ടുണ്ടാവോ!! ഓർമ്മല്ല്യ” അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു പക്ഷെ പരാജയപ്പെട്ടു.
“ കുറച്ച് നാൾ എനിക്കും ഇഷ്ടായിരുന്നു..”

ഞാൻ അവൾക്കു വേണ്ടി പ്രണയത്തോടെ കാതോർത്തു. ഈ മഴ അവളിൽ പ്രണയത്തിന്റെ കുളിര് പകർന്നോ എന്നു സംശയിച്ചു.
“മഴയാവുമ്പോൾ തൊടിയിൽ നിറയെ വെള്ളം നിറയും..?!”
“എന്നിട്ട്…
“ചുറ്റും വെള്ളമായതിനാൽ ആർക്കും വഴി നടക്കുവാനോ, യഥാർത്ഥ സമയത്ത്‌ എത്തിച്ചേരുവാനോ കഴിയില്ല. സ്കൂൾ കുട്ടികൾക്ക് പോലും സ്കൂളിൽ എത്തുവാനോ സാധിക്കില്ല..
“അങ്ങനെ ഇരിക്കുമ്പോൾ കലക്ടർ സ്കൂൾ അവധി പ്രഖ്യാപിക്കും… അങ്ങനെ ഇരിക്കുമ്പോൾ വീട്ടിൽ തന്നെ മൂടി പുതച്ചു ഇരിക്കാമല്ലോ കുറെ ദിവസം അതോണ്ട് തന്നെ കുട്ടിക്കാലത്ത് മഴ വരുന്നത് എനിക്കിഷ്ടമാണ്.

പ്രണയ പരവശയായി മൊഴികൾ വിരിയും എന്നാശിച്ച എനിക്ക് ലഭിച്ച മറുപടിയിൽ നിരാശയോടെ കണ്ണുകൾ പിൻ വലിച്ച് ഞാൻ ഇടവഴിയുടെ അങ്ങേയറ്റത്തേക്ക് നോക്കി. നൂലുകൾ പോലെ, അവ്യക്തമായ മഴ.
“എന്തിനാ ഇപ്പോൾ ഇങ്ങിനെ മഴയിലൂടെ നടക്കണത്??” അവൾ വീണ്ടും.
“എന്റെ പ്രണയം മുഴുവനായി നിന്നിൽ അർപ്പിക്കാൻ..
ഒട്ടൊന്നു സംശയിച്ചു നിന്ന് അവൾ കണ്ണു മിഴിച്ചു ചോദിച്ചു : “ അതെങ്ങിനാ…?”
‘ആഹ്ഹ്…….!!’ പ്രണയം ഉള്ളിലൊതുക്കി, അരികിൽ നിന്ന ഒരു ചെടിത്തുമ്പിനെ ഞാൻ ദ്വേഷ്യത്തോടെ ഒടിച്ചെറിഞ്ഞു.

മഴ കൂടിയും കുറഞ്ഞും പെയ്തുകൊണ്ടിരുന്നു….
“ ഈ മഴയിൽ…എന്റേയും നിന്റേയും പ്രണയം തിരിച്ചറിയാൻ, പ്രണയത്തിന്റെ കരം പിടിച്ച് എന്നോടൊപ്പം ചേരാൻ ഞാനൊരു വഴി പറയട്ടെ?” ഞാനവളുടെ തോളിൽ കൈവച്ചു.
“എന്താദ്?” അവളെനിക്കു മുഖമെറിഞ്ഞു.
“നീയെന്റെ കയ്യിൽ ചേർത്തു പിടിക്കൂ” അവൾ കൈ ചേർത്തു പിടിച്ചു.
“എന്റെ കയ്യോട്, തോളോട് ചേർന്നു നിൽക്കു…“ ഞാനും ചേർന്നു നിന്നു.
“ നിന്റെ കണ്ണുകളടച്ചു പിടിക്കു… ഇനി നമുക്ക് നടക്കാം”
“കണ്ണുകളടച്ചാൽ നടക്കാൻ പറ്റോ? വീഴില്ലേ.?
“ഞാൻ നിന്റെ കയ്യിൽ പിടിച്ചിട്ടില്ലേ…….

ഇനി എന്റെ ശരീരത്തോട് മുട്ടിയുരുമ്മി നടക്കൂ…എന്റെ ചൂട് നിന്നിലേക്ക് പകരും…”
“ശ്ശൊ, ഷർട്ട് ഒന്നു ഊരി പിഴിയായിരുന്നു…തണുക്കുന്നു” അവൾ കണ്ണുകളടച്ച് പറഞ്ഞു.
ഞാനത് കേൾക്കതെ നടിച്ചു അവളുടെ കയ്യിൽ കോർത്ത് വീണ്ടും മുന്നോട്ട് നടന്നു തുടങ്ങി
“കണ്ണുകൾ തുറക്കരുത്”
“ഉം” അവൾ മൂളി
മഴ ഞങ്ങളിലേക്ക് പിന്നേയും പെയ്തിറങ്ങിയിരുന്നു..അപ്പോൾ ഞാൻ പറഞ്ഞു തുടങ്ങി….
ഇപ്പോൾ ഈ ഇടവഴിയിൽ ഞാനും നീയും ഇടതോരാതെ പെയ്യുന്ന മഴയും മാത്രം…
പരസ്പരം ശരീരത്തോടൊട്ടി അനന്തതയിലേക്കു നടക്കുകയാണ് നമ്മൾ…”
“ഉം..”

“മനസ്സിൽ നിനക്കെന്നോട് പ്രണയം മാത്രമേയുള്ളു, എനിക്കും…. മഴയും, തണുപ്പും, പൂക്കളും എല്ലാം നമുക്കു വേണ്ടി മാത്രം..”
‘ഉം”
“ഈ വഴിയിലൂടെ, മഴയിലൂടെ എന്നോടൊപ്പം ചേർന്നു നടക്കുമ്പോൾ നിനക്കെന്നോട് എന്തൊ പറയണമെന്നു തോന്നുന്നില്ലേ..?”
“ഉം”

പാതിയിൽ കരിഞ്ഞു പോയ സ്വപ്നത്തിൻ പ്രതീക്ഷയുടെ പുതു കിരണം..
എനിക്ക് ജിജ്ഞാസയായി..അവളുടെ മുഖത്തേക്ക് നോക്കി ഞാൻ വീണ്ടും..:
“നിന്റെ മൊഴികൾക്കായി കാതോർക്കുന്നു ഞാൻ….
പ്രണയം തുളുമ്പുന്ന നിന്റെ വാക്കുകൾ എന്നിൽ പുതിയൊരു ലോകം സൃഷ്ടിക്കും…
എന്നോട് മാത്രം പങ്കു വെയ്ക്കാൻ നീയെന്തോ കൊതിക്കുന്നില്ലേ…..പറയൂ.”
“ഉം”
“ഈ തണുപ്പിൽ….നിനക്കു പറയാനുള്ളത് എനിക്കുമാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പറയൂ..”
“അതോ….” അവൾ വാ തുറന്നു
ഞാനവളെ ഒന്നുകൂടി എന്നരികിലേക്ക് ചേർത്തുപിടിച്ചു. മഴ ഞങ്ങളിലേക്ക് തിമിർത്തുപെയ്യാന് തുടങ്ങി
“ങ്കിൽ ഞാൻ പറയട്ടെ….” അവൾ വീണ്ടും

“പറയൂ നിന്റെ പ്രണയോതുരമായ വാക്കുകൾ കേൾക്കാൻ എനിക്ക് കൊതിയാവുന്നു…”
“നമ്മളീ മഴയത്തുകൂടി നടന്ന്…..”
“നടന്ന്….?”
“വേഗം നടന്ന്…..”
“വേഗം നടന്ന്..?? “
“വേഗം നടന്ന് തിരിച്ചെത്തിയാൽ….”
“ചൂടോടെ രണ്ട് ഗ്ലാസ്സ് കട്ടൻ കാപ്പി വെച്ച് കുടിക്കണം..ഹോ എന്താ തണുപ്പ്..”
…………………
കാലവർഷത്തിന്റെ പെയ്ത്തിനോടപ്പം ഇടവഴിയിൽ ഒരു കാമുകന്റെ സ്വപ്നങ്ങളുടെ ശവശരീരം മഴ നനഞ്ഞു കിടന്നു….

By ivayana