ഏതോ നിലാവിന്റെ പൊൻവീണയിൽനിന്നും
ഒരു നവ ഗാനമുതിർന്നുവീണു
വസന്തത്തിൻ ദിവ്യമാം മലരിൽതിങ്ങും
മധുവിന്റെ മാധുര്യമെന്ന പോലെ.

സൂര്യനണയുന്ന ആ മൃദു സന്ധ്യയിൽ
കാവ്യശിൽപ്പം തീർത്തതാര്.?
സ്നേഹ ശിൽപ്പത്തിൽ തിങ്ങും വിരഹം
കവിതയായ് മാറ്റിയതാര്?

ആദ്യ കവിതന്നിൽ കാവ്യതല്ലജം തീർത്ത
ക്രൗഞ്ച മിഥുനത്തെപ്പോലെ
എൻ മനതാരിൽ നിന്നുമായുതിരുന്നു
വിരഹത്തിൻ ചൂടുള്ള ദുഃഖഗാനം.

എൻമിഴിപ്പീലിയിൽ കണ്ണുനീർ നിറയുന്നു
വിതുമ്പുന്നു മാനസമാകെ
ചക്രവാളത്തിൻ ചുവപ്പുപോലെന്നുള്ളി
ലെപ്പൊഴും രക്തവർണ്ണം നിറഞ്ഞു

അറിയില്ലയീ മനോവേദനയാർക്കുമേ
എന്നെ എനിക്കന്യമായീടുമോ..
ഇല്ലയീ വിരഹാഗ്നിയിൽ നിന്ന് മോചനം
ഇനിയെത്രനാൾ തപം ചെയ്തീടിലും.

കെർസ്റ്റിൻ പോൾ

By ivayana