സലീം മുഹമ്മദ്‌.*

സൂര്യന്റെ
ചിരി തെളിഞ്ഞ മുഖത്തുനിന്ന്
മധു നിറഞ്ഞ വാക്കുകൾ
അരുവിപോലൊഴുകി.
കരങ്ങൾ
കുളിർ കാറ്റായി തലോടി.
നോക്കൊരു ബാലാർക്കനായി
തഴുകി.
ഒഴുക്കിലേക്കവൾ
നഗ്നയായി
ഒതുക്കുകളിറങ്ങി.
ആസകലം
നനഞ്ഞുകുളിർന്നു.
നിർവൃതിയുടെ പരകോടിയിൽ
നിമീലിതയായി.
സ്ഫടികതുല്യജലാശയത്തിനടിയിൽ
ഇളകിയാടുന്ന സൂര്യനെ
അവൾ ഉള്ളത്തിൽ
പ്രതിഷ്ഠിച്ചു.
ഉച്ചിയിൽ സൂര്യൻ
ജലകേളികഴിഞ്ഞ്
ദയാരഹിതം
പടിഞ്ഞാട്ടിറങ്ങി.
സൂര്യന് തന്നെപ്പോലൊരു
ഹൃദയമുണ്ടെന്നു നിനച്ചത്
അബന്ധമായി
എന്നറിയുമ്പോളേക്കും
അവൾക്കു ചുറ്റും
ഇരുട്ട് പരന്നിരുന്നു.

സലീം മുഹമ്മദ്‌.

By ivayana