എത്രനാളായ് കൊതിക്കുന്നു ജീവിത-
മിത്രനാളായ് തുഴയുന്ന ശ്രീമതി-
ക്കൊത്തു ചുറ്റിത്തിരിഞ്ഞെന്റെ ചിത്തിലേ-
ക്കിത്തിരിപ്പനിനീർത്തുള്ളി വീഴ്ത്തുവാൻ!

ലോകരെല്ലാം നിരത്തിലേയ്ക്കെത്താതെ-
യാകെമൊത്തം കൊറോണാ ഭയത്തിനാൽ
ചാകുവാനുള്ള ഭീതിപൂണ്ടെത്രയും
വ്യാകുലത്താലടച്ചിരുന്നീടവേ

സ്വപ്നമഞ്ചത്തിലേറി ഞാൻ നിദ്രയിൽ
ത്വൽപ്പുരാന്തികത്തെത്തീ സരസ്വതീ
നില്പു കണ്ടെന്റെ വാണീഭഗവതി
സ്വല്പനേരമെൻ ക്ഷീണം ഗ്രഹിച്ചുടൻ

ഇപ്രകാരം പറഞ്ഞു ”പൊന്നോമനേ..
അപ്രിയത്തോടെ നില്ക്കുന്നതെന്തു നീ
ഉപ്പു ചേർക്കാത്ത ഭക്ഷണം തന്നുവോ
ത്വൽപ്രിയാംഗനയായ ജീവേശ്വരി?”

ഇല്ല ദേവീ ,രുചിക്കൂട്ടറിഞ്ഞവൾ
തെല്ലുപോലും മുടക്കില്ല സ്വാദിലും
പല്ലവാംഗിതൻ സ്നേഹത്തിലും ക്ഷതം
വല്ലഭയ്ക്കൊത്തു ചുറ്റുവാനിംഗിതം
അല്ലലുള്ളതീ ലൗക്ക് ഡൗൺ കാരണം

ഇല്ല കുഞ്ഞേ തപിക്കൊല്ല ,വാഞ്ഛിതം
ഇത്തരുണത്തിൽ ഞാനരുൾ ചെയ്തിടാം
സ്വഗ്ഗരാജ്യത്തിലൊന്നുപോയ്വന്നിടാൻ
നിർഗ്ഗമിച്ചീടുകിപ്പോളിരുവരും
ആഗ്രഹത്തിൻ പടിക്കൊന്നു ചുറ്റി നീ
സ്വർഗ്ഗലോകവും കണ്ടുവന്നീടുക!

അക്ഷരേശ്വരി തൻ വരത്താലഹം
അക്ഷണം തന്നെ ഭാര്യാസമേതനായ്
ലക്ഷ്യമെത്താൻ സരസ്വതീസിദ്ധിയാൽ
പക്ഷമില്ലാതെ പാറിപ്പറക്കയായ്!

ചെന്നുചേർന്നു ഞാനൊട്ടുമേ വൈകാതെ
തന്വിതന്നൊപ്പമാ സ്വർഗ്ഗവാതിലിൽ!
ഇന്ദ്രനെത്തിയെൻ കൈയ്യും പിടിച്ചുടൻ
ഇന്ദ്രതല്പത്തിനന്തികേ കൊണ്ടുചെന്ന-
ന്നന്തസ്സായിട്ടിരുത്തീ സുരേശനും
എന്തു കാമ്യമെന്നാരാഞ്ഞു കീർത്തിമാൻ!

ഒന്നുമില്ലൊരു നാളിങ്ങു തങ്ങുവാൻ
വന്നതാണു ഞാൻ വല്ലഭായുക്തനായ്
ചെന്നു രണ്ടു പെഗ്ഗുണ്ടെങ്കിൽ നല്കുക
ഒന്നു ഞൊട്ടുവാനച്ചാറുമേകുക

ജോണിവാക്കറും തോറ്റുപോയീടുന്ന
ഘ്രാണഹീനമാം സാധനം ചെല്ലവേ
പ്രാണനാഥതൻ കൺചുവന്നാകയാൽ
കോണിൽ വച്ചൂ കമഴ്ത്തിയാ ഗ്ലാസതും!

കണ്ടു സ്വർഗ്ഗത്തിലുപത്പന്ന ശോഭയോ-
ടുണ്ടു വാഴുന്നു രാവണൻ നൽക്കവി!
പഞ്ചചാമരവൃത്തത്തിലത്ഭുതം
പഞ്ചബാണാരി ശംഭുവെ വാഴ്ത്തുന്നു!

അശ്വമേധം നടത്തുന്നു സർഗ്ഗനാം
വിശ്വകീർത്തിമാനായ വയലാറും!

കാവ്യനർത്തകീനൃത്തത്തിനൊപ്പമാ
ദിവ്യകീർത്തനം പാടുന്നൊരുത്തനും!

പച്ചയിട്ടൊരു വിദ്വാൻ മഹാകവി
പക്കമേളത്തിനൊപ്പം വിശിഷ്ടമാം
പത്മവാസിനീശ്ലോകം സ്തുതിച്ചൊരു
പത്തര മാറ്റ് തുള്ളൽ നടത്തുന്നു!

കണ്ടു വായൂസുതൻ താനുമങ്ങതാ
ഉണ്ടു കൂടെയെഴുത്തച്ഛനെന്നൊരാൾ
പണ്ടെഴുതിയ രാമായണത്തിലെ
ഇണ്ടൽ തീർക്കുന്ന വായനയാണവർ!

ഭൂമിതന്നിൽ സദാ വിളക്കേന്തിയോർ
ആ മണിസൗധമാകവേ കാണ്മു ഞാൻ!
താമരത്തന്വി തന്റെ പ്രിയപ്പെട്ടോർ
ആമയം തീർന്നു വാഴുന്നു സ്വർഗ്ഗത്തിൽ!

സ്വർഗ്ഗസീമതന്നപ്പുറം കണ്ടുഞാൻ
സർഗ്ഗശത്രുക്കൾ മേവും നരകവും
വർഗ്ഗശത്രുക്കൾ പോലെ വീൺവാക്കിനാൽ
സർഗ്ഗസിദ്ധിയെ ക്രൂശിച്ച ദ്രോഹികൾ!

ഇപ്പൊഴും സദാ വേണ്ടാത്ത വാക്കിനാൽ
ചപ്പ് പോലെ വിമർശ്ശനം തള്ളുവോർ
തുപ്പുകയാണു വീണ്ടും പവിത്രമാം
നല്പെഴുന്നൊരു ദിവ്യാക്ഷരങ്ങളിൽ!

സജി കണ്ണമംഗലം

By ivayana