കാനനമദ്ധ്യേ ഇരയെത്തേടി

ഓടിനടന്നൊരു കുറുക്കച്ചൻ,

കൂട്ടായെത്തി കൗശലനെന്ന

കുശലക്കാരൻ ചങ്ങാതി.

മാവിൻ ചില്ലയിൽ മാമ്പഴമുണ്ണും

കാലൻ കാക്ക കളിയാക്കി,

പുലരുംമുന്നേ എങ്ങോട്ടാവോ

മടിയാന്മാരാം ചങ്ങായീസ്.

അരിശം ഉള്ളിലൊതുക്കീട്ടവരോ

ഒന്നായ് കെഞ്ചി കാക്കച്ചാ,

മാമ്പഴമിട്ടു തരാമോ

ഞങ്ങൾ നാളുകളായി പട്ടിണിയിൽ.

ഇല്ലായെന്ന് മൊഴിഞ്ഞിട്ടവനോ

ചില്ലയുലച്ചു ഗർവ്വോടെ,

മഞ്ഞിൻ തുള്ളികൾ മഴപോൽ പെയ്തു

ഓടിയകന്നവർ നനയാതെ.

പൊന്തക്കാടിന്നുള്ളിലനക്കം

പമ്മിയിരുന്നവർ കാതോർത്തു,

കുഞ്ഞൻ മുയലും കൂട്ടരുമവിടെ

കരുകിരെ പുല്ലുകൾ തിന്നും കാഴ്ച.

കൊതിമൂത്തിട്ടവർ നാവു നുണഞ്ഞു

തക്കം പാർത്തു കുതിക്കാനായ്,

വള്ളികൾ ചാടി ഊഞ്ഞാലാടി

വാനരനൊരുവൻ ചാരത്തെത്തി.

‘കുശലം ചൊല്ലാൻ കണ്ടൊരു സമയം’

കൗശലനലറി വാനരനോടി,

കശപിശ കേട്ടതാ കുഞ്ഞൻ സംഘം

അലമുറയോടെ പലവഴിപാഞ്ഞു.

കുറുക്കന്മാരവർ പിറകേയോടി

അവയിലൊരെണ്ണം കുഴിയിൽ ചാടി,

കെണിയുമൊരുക്കി മറവിലിരുന്നൊരാ

വേട്ടക്കാരനെ ദൂരെ കാണാം.

കൗശലനിട്ടൊരു കയറിൽ തൂങ്ങി

മോചിതനായി കുറുക്കച്ചൻ,

വേട്ടക്കാരൻ എത്തും മുന്നേ

ചങ്ങായീസവർ പമ്പകടന്നു.

മൈലുകൾ താണ്ടി പരവശരായി

ഭക്ഷണമൊട്ടു കിട്ടിയുമില്ല,

ദൂരെ വെളിച്ചം കണ്ടൊരു കുടിലിൽ,

ലക്ഷ്യം വച്ചവർ ധൃതഗതിയോടി.

തങ്ങളെ വീഴ്ത്തിയ വേട്ടക്കാരൻ

കുടിലിന്നുള്ളിൽ കൂനിക്കൂടി,

പട്ടിണിമൂലം ഒട്ടിയ വയറാൽ

കുട്ടികൾ രണ്ട് കഷ്ടതയോടെ.

എന്തോ തമ്മിലുറപ്പിച്ചതുപോൽ

കുറുക്കന്മാരവർ പിൻവാങ്ങി,

എങ്ങോ നിന്ന് പറിച്ചൊരു

കൂട മാമ്പഴമവിടേക്കെത്തിച്ചു.

വിശന്നു വലഞ്ഞവർ പരവശരായി

ഇരയെ തേടണമെന്നാലും,

അഭിമാനത്താൽ തലകളുയർത്തി

ഓടിയകന്നവർ ചങ്ങായീസ്.

Binu Surendran

By ivayana