രചന : റഹീം മലേകുടി ✍
ഉയിരിൻ തുടിപ്പറിഞ്ഞോരാ ഗർഭപാത്രം,
പത്തുമാസത്തേങ്ങലായി ഭൂമിയിൽ നീന്തി.
അവിടെ നോവറിയാതെയമ്മ പകർന്നു,
ജീവിതത്തിൻ താളമായ്, സ്നേഹത്തിൻ കൈവഴി.
ആ മുഖം കാണാൻ കൊതിച്ച ത്യാഗത്തിൻ രൂപം,
ഭർത്താവു മരിച്ചൊരാ മാതാവിൻ നൊമ്പരം.
ആ വിരഹത്തിൻ വേദന നമ്മളറിയണം,
ആ ഒറ്റപ്പെടലിൽ സാന്ത്വനം നമ്മളേകണം.
ജീവിതത്തോട് ചേർത്തുനിർത്തണം നാം അവരെ.
ഓരോ വളർച്ചയിലും നിഴലായി നിന്നു,
കാലങ്ങൾ പോകെ നാം ചിറകുവിരുത്തി.
നമ്മുടെ ലോകത്തിൽ വേരൂന്നി നിന്നപ്പോൾ,
അമ്മതൻ മണ്ണിൽ വാർദ്ധക്യം പൂവിട്ടു.
തളർന്ന തൂവലുമായി അവർ കാത്തിരുന്നു.
അവിടേക്കല്ലേ, പ്രിയരേ, ശ്രദ്ധ തിരിയാൻ?
അവരുടെ പരിചരണത്തിൽ പിശുക്കരുതേ!
മാതാപിതാക്കളെ നെഞ്ചോടു ചേർക്കണം,
പിഞ്ചുമനസ്സായി ചാഞ്ചാടും ആ നേരം.
സന്തോഷത്തിൻ പൂക്കൾ നാം വിതറണം,
അവരുടെ കണ്ണീരു വീഴാതെ കാക്കണം.
നൽകരുത് വൃദ്ധസദനത്തിൻ വഴിയോരം,
നമ്മളിൽ തീരണം അവർതൻ അവസാന ആശ്രയം.
ഓർക്കുക, നാളെയീ സൂര്യനു കീഴിൽ,
നമുക്കും കാത്തിരിപ്പുണ്ടിതേ വാർദ്ധക്യ സന്ധ്യകൾ!
